Kerala

ജനകീയ വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനെവര്‍ഗീയവല്‍ക്കരിക്കുന്നത് മാന്യതയല്ല

കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി. സി. സെബാസ്റ്റിയന്‍

Sathyadeepam

കൊച്ചി: പൊതുസമൂഹം നേരിടുന്ന വിവിധങ്ങളായ ജനകീയ പ്രശ്‌നങ്ങള്‍ ക്രൈസ്തവ സഭാപിതാക്കന്മാര്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം വര്‍ഗ്ഗീയവല്‍ക്കരിക്കുന്നത് മാന്യതയല്ലെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍.

രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയോടും, സംസ്ഥാനങ്ങള്‍ ഭരിക്കുന്ന മുഖ്യമന്ത്രിമാരോടും, ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികളോടുമല്ലാതെ ആരുടെയടുക്കലാണ് ജനങ്ങള്‍ പരാതികളും പ്രശ്‌നങ്ങളും ബോധിപ്പിക്കേണ്ടത്. ഭരണഘടന വിഭാവനം ചെയ്യുന്ന പൗരഉത്തരവാദിത്വങ്ങള്‍ ഭാരതപൗരന്മാരെന്ന നിലയില്‍ ക്രൈസ്തവ സഭാപിതാക്കന്മാര്‍ നിര്‍വ്വഹിക്കുന്നതിനെ കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണുന്നത് ശരിയല്ല.

സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കുമുമ്പില്‍ വഴങ്ങുന്നതല്ല ക്രൈസ്തവ സഭയുടെ നിലപാടുകള്‍. ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന സാന്നിധ്യമാണ് ക്രൈസ്തവര്‍.  സാക്ഷരതയും അറിവും പഠനവുമുള്ളവരാണ് വിശ്വാസികളേറെയും. ഭീഷണികളും ആക്ഷേപങ്ങളും സഭയെ ഒരു രീതിയിലും തളര്‍ത്തുകയില്ല. പൊതുതെരഞ്ഞെടുപ്പുകളില്‍ സ്ഥിരനിക്ഷേപമായി ക്രൈസ്തവരെ ആരും കാണേണ്ടതുമില്ല. സര്‍ക്കാരുകളേയും രാഷ്ട്രീയ പാര്‍ട്ടികളേയും വിലയിരുത്തുവാനും യുക്തമായ രാഷ്ട്രീയ തീരുമാനങ്ങളെടുക്കാനുമുള്ള ആര്‍ജ്ജവമുള്ളവരാണ് ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസിസമൂഹം.

ആഗോളഭീകരതയും ആഭ്യന്തര തീവ്രവാദവും ഒരുപോലെ അപകടകരവും എതിര്‍ക്കപ്പെടേണ്ടതുമാണ്. മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ തീവ്രവാദഗ്രൂപ്പുകള്‍ ക്രൈസ്തവരെ വേട്ടയാടുന്നതിന് അവസാനമുണ്ടാകണം. ആഗോള ഭീകരവാദത്തിന്റെ അടിവേരുകള്‍ കേരളത്തിന്റെയും ഇന്ത്യയുടെയും മണ്ണില്‍ നിന്ന് പിഴുതെറിയാന്‍ ഭരണനേതൃത്വങ്ങള്‍ക്കാകണം.  സാമൂഹ്യ ഇടപെടലുകളും നിസ്വാര്‍ത്ഥ സേവനങ്ങളും സഭയുടെ പ്രതിബദ്ധതയാണ്. വിശ്വാസത്തിലുറച്ച നിലപാടുകള്‍ എക്കാലവും സഭ തുടരും. അക്രമങ്ങളിലും ആക്ഷേപങ്ങളിലും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സൗഹാര്‍ദ്ദതയുടെയും ഭാഷയില്‍ ക്രൈസ്തവ സമൂഹം പ്രതികരിക്കുന്നത് നിഷ്‌ക്രിയത്വവും ബലഹീനതയുമായി ആരും കാണേണ്ടതില്ലെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

ജൂബിലി വാതില്‍ അടയുമ്പോഴും കൃപയുടെ ദൈവഹൃദയം അടയുന്നില്ല: കര്‍ദ്ദിനാള്‍ മാക്‌റിസ്‌കാസ്

ക്രൈസ്തവര്‍ക്ക് ശത്രുക്കള്‍ ഇല്ല, സഹോദരങ്ങള്‍ മാത്രം

പ്രധാനമന്ത്രി മോദിക്കുള്ള തുറന്ന കത്ത്

വിശുദ്ധ ബേസില്‍ (330-379) : ജനുവരി 2

പ്രൊഫ. എസ്സ് വര്‍ഗീസിന് ബെനെമെരെന്തി പുരസ്‌കാരം