കോട്ടയം: മംഗളം പബ്ലിക്കേഷന്‍സിന്റെ 56-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ദേശീയ അവാര്‍ഡിന് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയെ തിരഞ്ഞെടുത്തു. 1964 സെപ്റ്റംബര്‍ 14 ന് സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ച കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മധ്യകേരളത്തിലെ 5 ജില്ലകളായ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായി നടപ്പിലാക്കി വരുന്ന
സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍ നൈപുണ്യം വികസനം, കാര്‍ഷിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍, കുടുംബ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ സുരക്ഷ ബോധവല്‍ക്കരണ പരിപാടികള്‍, മണ്ണ് ജല കൃഷി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ദുരന്ത പ്രതിരോധ നിവാരണ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍, സ്വയം തൊഴില്‍ സംരംഭകത്വ യൂണിറ്റുകളുടെ ലഭ്യമാക്കല്‍, മൈക്രോ ക്രെഡിറ്റ് ലോണ്‍, ജീവകാരുണ്യ നിധി ചികിത്സ സഹായ വിതരണം, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, കോവിഡ് പ്രതിരോധ നിവാരണ പ്രവര്‍ത്തനങ്ങള്‍, ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും, ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചുകൊണ്ടാണ്
കെ എസ് എസ് എസിനെ ദേശീയ അവാര്‍ഡിന് തിരഞ്ഞെടുത്തത്. ജൂലൈ 30 ന് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍സ് ക്ലബിലെ സ്പീക്കര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കെ എസ് എസ് എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അവാര്‍ഡ് ഏറ്റുവാങ്ങും.
കേന്ദ്ര സാംസ്‌ക്കാരിക ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി ഡോ. എല്‍ മുരുകന്‍, കേന്ദ്ര ന്യൂനപക്ഷ കാര്യ സഹ മന്ത്രി ജോര്‍ജ്ജ് കുര്യന്‍, മുന്‍ ഗോവ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍ പിള്ള, പ്രൊഫ. കെ വി തോമസ്, അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എം പി, ആന്റോ ആന്റണി എം പി, ജോസ് കെ മാണി എം പി, ജോണ്‍ ബ്രിട്ടാസ് എം പി, എ എ റഹീം എം പി ഉള്‍പ്പെടെ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.