Kerala

ഭൂമിക്കൊരു കുട പിടിച്ച് കൊല്ലം രൂപത

Sathyadeepam

ഭൂമി മനുഷ്യന് സ്വന്തമാക്കാനുള്ള ഒരു സ്വത്തല്ല; ദൈവത്തിന്റെ സൃഷ്ടിയും മനുഷ്യനു സംരക്ഷിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട പൊതുഭവനവുമാണ് എന്ന കാഴ്ചപ്പാടാണ് കത്തോലിക്കാസഭ മുന്നോട്ടുവയ്ക്കുന്നത്. പ്രകൃതിയോടുള്ള ഉത്തരവാദിത്വം വിശ്വാസജീവിതത്തിന്റെ തന്നെ ഭാഗമാണെന്ന ബോധ്യത്തിലേക്ക് സഭ നിരന്തരം വിശ്വാസികളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നു. തീരദേശ ജനങ്ങളുടെ ജീവിതത്തില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ചുള്ള ആശങ്ക കൊല്ലം രൂപത നടപ്പാക്കുന്ന ''ലൗദാത്തോ സി ഭൂമിക്കൊരു കുട'' എന്ന പദ്ധതിയുടെ പിന്നിലുണ്ട്.

രൂപതാധ്യക്ഷനായതുമുതല്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി ഹരിതചട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ''ലൗദാത്തോ സി ഭൂമിക്കൊരു കുട'' എന്ന സംരംഭത്തെ കാണുന്നത്.

ഒഎന്‍വി കുറുപ്പ് ഭൂമിയുടെ ചരമഗീതം എഴുതുമ്പോള്‍ കണ്ട ഭയാനകമായ ഭാവി യാഥാര്‍ഥ്യമാകാതിരിക്കണമെങ്കില്‍ ഇന്നുതന്നെ നമ്മുടെ ജീവിതശീലങ്ങള്‍ മാറണം. ഭൂമിക്ക് ഇനിയും മരിക്കാതിരിക്കാനുള്ള അവസരം നമുക്ക് നല്‍കണം. ഒഎന്‍വിയുടെ ചരമഗീതം ഒരുനാള്‍ ഒരു പുനര്‍ജന്മഗീതമായി മാറണം.

അതിന് ഒരു വൃക്ഷത്തൈ മതി.

ഒരു ശുചീകരണം മതി.

ഒരു പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കുന്നതു മതി.

ഒരു മനുഷ്യന്റെ മനസ്സില്‍ തെളിയുന്ന ചെറിയൊരു പരിസ്ഥിതി ബോധം മതി.

അങ്ങനെ ഓരോ ചെറിയ കുടകളും ചേര്‍ന്നാല്‍ ഒരുനാള്‍ ഭൂമിയെ മുഴുവന്‍ പൊതിയുന്ന വലിയൊരു കുടയായി അത് മാറും

ഭൂമിക്കായി പിടിച്ച ഈ കുട കൂടുതല്‍ കൈകളിലേക്ക് പകരട്ടെ. ഭൂമിയുടെ പച്ചപ്പിന് അത് തണലാകട്ടെ. വരുന്ന തലമുറകള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന ഒരു ഭൂമി നമുക്ക് കാത്തുവയ്ക്കാനാകട്ടെ. അഷ്ടമുടിയിലെ വെള്ളത്തില്‍ ഇനിയും ആകാശം പ്രതിഫലിക്കുന്നുണ്ട്. കടല്‍ത്തീരത്ത് ഇനിയും തിരകള്‍ വന്നുപോകുന്നുണ്ട്. ചെറിയ പ്രതീക്ഷകളെല്ലാം ചേര്‍ന്നാണ് ഭൂമിയുടെ ഭാവി. അതുകൊണ്ടുതന്നെ ''ലൗദാത്തോ സി ഭൂമിക്കൊരു കുട'' ഒരു പദ്ധതിയുടെ പേരില്‍ അവസാനിക്കാതെ ഒരു ജീവിതശൈലിയുടെ പേരായി മാറണം, കൊല്ലത്തില്‍നിന്ന് ഉയര്‍ന്ന ഈ കുട കൂടുതല്‍ കൈകളിലേക്ക് പകരട്ടെ. കൂടുതല്‍ ആകാശങ്ങളിലേക്ക് വിരിയട്ടെ. മതങ്ങളെയും അതിരുകളെയും കടന്ന് മനുഷ്യരെ ഒരുമിപ്പിക്കട്ടെ. ഒടുവില്‍ ഭൂമിയുടെ മുഴുവന്‍ ആകാശത്തെയും പൊതിയുന്ന ഒരു വലിയ പച്ചക്കുടയായി അത് മാറട്ടെ.

സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

റൂത്ത് [അധ്യായം 2] - Part 1

ആകാശത്തേക്ക് നോക്കി അടുപ്പിൽ തീ ഊതുന്ന പണ്ഡിതർ!

വിശുദ്ധ കോസ്മാസും വിശുദ്ധ ഡാമിയനും (-303) : സെപ്തംബര്‍ 26

“ദൈവത്തിന്റെ മേസ്തിരി” കല്ലിനെ ആത്മാവാക്കുന്ന പള്ളിപണിക്കാരെ ആവശ്യമുണ്ട്!