Kerala

മനുഷ്യ - വന്യജീവി സംഘർഷത്തിൻ്റെ പേരിൽ മനുഷ്യരെ നാടുകടത്താനുള്ള നീക്കം ഭരണഘടനാലംഘനം: കെ.സി.ബി.സി ജാഗ്രത കമ്മീഷൻ

Sathyadeepam

വന്യമൃഗങ്ങളുടെ സഞ്ചാരപാത തടസ്സപ്പെടുന്നതാണ് വന്യമൃഗ അക്രമങ്ങൾ വർധിക്കാൻ പ്രധാന കാരണമെന്ന വിചിത്രമായ കണ്ടെത്തലോടെ, വന്യമൃഗങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തുന്ന നിർമ്മിതികൾ നീക്കം ചെയ്യാൻ ദുരന്ത നിവാരണ നിയമപ്രകാരം ഉത്തരവിട്ട ഇടുക്കി ജില്ലാ കളക്ടറുടെ നടപടി സംസ്ഥാനത്തെ മലയോരനിവാസികളെ മുഴുവൻ അമ്പരപ്പിച്ചിരിക്കുകയാണ്. വന്യമൃഗങ്ങളിൽനിന്ന് സംരക്ഷണം ലഭിക്കാൻ നിർമ്മിച്ചിട്ടുള്ള വേലികളും നീക്കം ചെയ്യണമെന്ന നിർദ്ദേശമുണ്ട്. ജനവാസമേഖലകളിലേയ്ക്ക് അതിക്രമിച്ചുകയറി പാവപ്പെട്ട ഗ്രാമീണരെ കുടിയൊഴിപ്പിക്കാനും അവരുടെ സ്വസ്ഥതകെടുത്താനും വനം വകുപ്പിന് അധികാരം നൽകുന്ന ഈ ഉത്തരവ് പിൻവലിക്കപ്പെടേണ്ടതാണ്.

വന്യമൃഗ ആക്രമണങ്ങൾ വർധിക്കാനുള്ള കാരണങ്ങൾ പലതുണ്ട്. എന്നാൽ, വനത്തിന് സമീപം ജീവിക്കുന്ന മനുഷ്യർ മാത്രമാണ് അതിന്റെ കാരണക്കാർ എന്ന അശാസ്ത്രീയമായ നിഗമനത്തിലാണ് ഇവിടെ വനം വകുപ്പും ജില്ലാ ഭരണകൂടവും എത്തിയിരിക്കുന്നത്. വർധിച്ചുകൊണ്ടിരിക്കുന്ന വന്യജീവി ആക്രമണത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി ശാശ്വത പരിഹാരം കണ്ടെത്താനാണ് വനം വകുപ്പും ജില്ലാ - സംസ്ഥാന ഭരണകൂടങ്ങളും തയ്യാറാകേണ്ടത്. വനമേഖലയിൽ അതിക്രമിച്ചുകയറി അനധികൃത നിർമ്മിതികൾ ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കിൽ അത് ഒഴിപ്പിക്കുക തന്നെ വേണം. എന്നാൽ അതിനുമറവിൽ നിയമാനുസൃതമായി ജീവിക്കുന്ന സാധാരണക്കാരുടെ സ്വൈര്യജീവിതം തടസ്സപ്പെടാൻ പാടില്ല. ദുരന്ത നിവാരണ നിയമം മനുഷ്യരുടെ സുരക്ഷയ്ക്കുവേണ്ടി നടപ്പാക്കേണ്ട നിയമമാണ്, മറിച്ച് കാലഹരണപ്പെട്ട വനനിയമങ്ങളോട് കൂട്ടിച്ചേർത്ത് ജനങ്ങളുടെ സുരക്ഷിതത്വബോധം നഷ്‌ടപ്പെടുത്താനും ഭരണഘടനാപരമായ അവകാശങ്ങൾ കവർന്നെടുക്കാനും അതിനെ ദുരുപയോഗിക്കാൻ പാടില്ല. അതിനാൽ തന്നെ, ഏകപക്ഷീയവും അശാസ്ത്രീയവുമായ ഈ ഉത്തരവ് പിൻവലിക്കപ്പെടുക തന്നെവേണം. അല്ലാത്തപക്ഷം സമാനമായ നീക്കങ്ങൾ മറ്റു ജില്ലകളിലും ആവർത്തിക്കപ്പെട്ടേക്കാം.  

ഇ.എസ്.എ വിജ്ഞാപനം സംബന്ധിച്ച്, കേരളമെമ്പാടുമുള്ള മലയോര ജനതയ്ക്കിടയിൽ നിലനിൽക്കുന്ന ആശങ്ക വർധിപ്പിക്കുന്നതാണ് ഈ ഉത്തരവ്. ജനവാസമേഖലകളിലുള്ള വനം വകുപ്പിന്റെ അമിതാധികാര പ്രയോഗത്തിന് വഴിയൊരുക്കുന്ന ഇത്തരം നീക്കങ്ങളിൽനിന്ന് സർക്കാർ പിന്മാറണം. മാത്രവുമല്ല, ഇത്തരം ജനദ്രോഹപരമായ നിലപാടുകൾ വനംവകുപ്പ് വർഷങ്ങളായി പതിവായി സ്വീകരിക്കുന്ന പശ്ചാത്തലത്തിൽ, അതുസംബന്ധിച്ച് യുക്തമായ അന്വേഷണങ്ങൾ നടത്തി നടപടി സ്വീകരിക്കാനും തയ്യാറാകണം. വന്യ മൃഗങ്ങളെ വനമേഖലയിൽ നിയന്ത്രിച്ച് നിലനിർത്താനുള്ള ശാസ്ത്രീയ സമീപനങ്ങൾ കൈക്കൊണ്ട് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് പിൻവലിക്കാനുള്ള നടപടി കൈക്കൊള്ളണമെന്നും സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.

ഭൂമിക്കൊരു കുട പിടിച്ച് കൊല്ലം രൂപത

സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

റൂത്ത് [അധ്യായം 2] - Part 1

ആകാശത്തേക്ക് നോക്കി അടുപ്പിൽ തീ ഊതുന്ന പണ്ഡിതർ!

വിശുദ്ധ കോസ്മാസും വിശുദ്ധ ഡാമിയനും (-303) : സെപ്തംബര്‍ 26