അങ്കമാലി: “അത്യാധുനിക ചികിത്സാസാങ്കേതികവിദ്യകൾ: അതിജീവനത്തിനുള്ള ഉപാധിയോ ഉപഭോഗസംസ്കാരത്തിന്റെ പ്രതിഫലനമോ?” എന്ന വിഷയത്തെ ആസ്പദമാക്കി എറണാകുളം-അങ്കമാലി അതിരൂപതയുടെ റീജിയണൽ പാസ്റ്ററൽ സെന്ററായ അങ്കമാലി സുബോധനയിൽ സത്‌സംഘം സംഘടിപ്പിച്ചു. എൽ.എഫ്. ആശുപത്രിയുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്.
ജീവനെക്കുറിച്ചുള്ള പ്രതീക്ഷകൾ മങ്ങിപ്പോകുന്ന ഗുരുതര രോഗാവസ്ഥകളിലും അപകടാനന്തര പരിചരണ ഘട്ടങ്ങളിലും അത്യാധുനിക ചികിത്സാസാങ്കേതികവിദ്യകളുടെ ഉപയോഗത്തിന്റെ പരിധിയും പ്രസക്തിയും ധാർമ്മികവും മാനവികവുമായ കാഴ്ചപ്പാടിൽ ചർച്ച ചെയ്യുന്ന സംവാദസന്ധ്യയ്ക്കാണ് സുബോധന വേദിയായത്.
മോൺ. ആന്റണി പെരുമായൻ വിഷയാവതരണം നടത്തുകയും സെഷനുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഡോ. ജോസ് ആന്റണി ആതുരാലയ ശുശ്രൂഷാരംഗത്ത് സാധാരണക്കാർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സംസാരിച്ചു. എൽ.എഫ്. ആശുപത്രിയിലെ ഡോ. വിനോദ് പോൾ അത്യാധുനിക ചികിത്സാസാങ്കേതികവിദ്യകളുടെ ആരോഗ്യപരിചരണ രംഗത്തെ ആവശ്യകതയും പ്രാധാന്യവും വിശദീകരിച്ചു. രാജഗിരി ആശുപത്രിയിലെ ഡോ. സണ്ണി പി. ഓരത്തേൽ ഇത്തരം ചികിത്സാരീതികൾ ലഭ്യമാക്കുമ്പോൾ ആശുപത്രി അധികൃതരും രോഗികളും ബന്ധുക്കളും നേരിടുന്ന പ്രായോഗിക വെല്ലുവിളികളും സമ്മർദ്ദങ്ങളും അവതരിപ്പിച്ചു.
വ്യത്യസ്ത കാഴ്ചപ്പാടുകൾ ഒരുമിച്ച് കൊണ്ടുവരാനും, സാധാരണക്കാരുടെ ആശങ്കകൾ മനസ്സിലാക്കാനും, ആരോഗ്യരംഗത്തെ പലപ്പോഴും അറിയപ്പെടാത്തതോ തെറ്റിദ്ധരിക്കപ്പെടുന്നതോ ആയ യാഥാർത്ഥ്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും സംവാദസന്ധ്യക്ക് സാധിച്ചു.
സുബോധന ഡയറക്ടർ ഫാ. ഡോ. ജോസഫ് പാത്താടൻ പരിപാടിക്ക് നേതൃത്വം നൽകി.