കൊച്ചി: രണ്ടു ദിവസമായി പാലാരിവട്ടം പി ഒ സി യില്‍ സമ്മേളിച്ചിരുന്ന കെസിബിസി യോഗം പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടും, പ്രത്യാശയുടെ ജൂബിലിയാഘോഷങ്ങളോടുംകൂടി സമാപിച്ചു. വിവിധ കമ്മീഷനുകള്‍ക്കും, ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും പുതിയ ചെയര്‍മാന്‍മാരെയും തിരഞ്ഞെടുത്തു.
യുവജനശുശ്രൂഷ, വിദ്യാഭ്യാസശുശ്രൂഷ, തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകളും നൂതന തീരുമാനങ്ങളുമുണ്ടായി. വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷാവകാശങ്ങള്‍ തുടരെ ലംഘിക്കപ്പെടുന്നതിനെതിരെ നിയമപോരാട്ടങ്ങള്‍ തുടരുവാന്‍ നിശ്ചയിച്ചു. വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിനും, ഉറപ്പാക്കുന്നതിനുമുള്ള നടപടികളോട് സഹകരിക്കുന്നതിനും തീരുമാനിച്ചു.
രാജ്യത്ത് ദളിത് ക്രൈസ്തവരോട് തുടരുന്ന വിവേചനത്തിലും അനീതിയിലും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ ബൈബിള്‍ കൊണ്ടുനടക്കുന്നതും പ്രഘോഷിക്കുന്നതും കുറ്റകരമല്ലയെന്ന് അടുത്തയിടെ കോടതി നടത്തിയ നീരീക്ഷണം സ്വാഗതാര്‍ഹമാണെന്നും വിലയിരുത്തി.
തീരദേശത്തെയും, മലയോരത്തേയും ഉള്‍പ്പടെ വിവിധ വിഭാഗങ്ങളുടെ ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി പിന്‍തുണയ്ക്കുവാനും തീരുമാനിച്ചു. സര്‍വോപരി, സഭയുടെ അടിസ്ഥാനദൗത്യം കൂടുതല്‍ ഐക്യത്തോടും, തീക്ഷണതയോടും, പ്രതിജ്ഞാബദ്ധതയോടും കൂടെ നിറവേറ്റുവാനുള്ള നിശ്ചയത്തോടുകൂടിയാണ് കെ സി ബി സി യുടെ ഡിസംബര്‍ സമ്മേളനം സമാപിച്ചത്.