ഛത്തീസ്ഗഡില്‍ മലയാളികളായ രണ്ട് സന്യാസിനിമാരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അറസ്റ്റ് ചെയ്തതുള്‍പ്പെടെയുള്ള സമീപകാല സംഭവങ്ങള്‍ ഭാരതത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നവയാണ്. രാജ്യത്തിന്റെ മതമൈത്രിയെ തകര്‍ക്കുന്നതിലൂടെയുള്ള വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമങ്ങളാണ് ഇവ എന്നത് വ്യക്തമാണ്.
മതപരിവര്‍ത്തനം, മനുഷ്യക്കടത്ത്, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച്, ദൈവസ്‌നേഹത്തിലൂന്നി മനുഷ്യസ്‌നേഹപരമായ സേവനങ്ങളിലൂടെ രാഷ്ട്രത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കുന്ന ക്രൈസ്തവ മിഷനറിമാരെ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചു വരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമങ്ങളെ ആയുധമാക്കുക വഴിയായി രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഗുരുതരമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. ഈ സഹചര്യത്തില്‍ രാജ്യത്തെ നയിക്കാന്‍ നിയുക്തരായ അധികാരികളില്‍ നിന്നും നിഷ്പക്ഷവും സത്യസന്ധവും ആത്മാര്‍ഥവുമായ സമീപനം ഉണ്ടാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുകയാണ്.
വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെയും വര്‍ഗീയ താല്‍പര്യങ്ങളാല്‍ അധികാര ദുര്‍വിനിയോഗം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും, ഭാവിയില്‍ ഇത്തരം അധികാര ദുര്‍വിനിയോഗം തടയാന്‍ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികള്‍ കൈക്കൊള്ളണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
സാമുദായിക സൗഹാര്‍ദത്തിനും നീതിക്കുംവേണ്ടി കേന്ദ്രസര്‍ക്കാര്‍ നിലകൊള്ളുകയും സംസ്ഥാനങ്ങളെ നയിക്കുകയും ചെയ്തുകൊണ്ട് നമ്മുടെ രാജ്യം അതിന്റെ ജനാധിപത്യ, മതേതര സ്വത്വം കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.