Kerala

ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടത് ആത്മാര്‍ത്ഥമായ സമീപനം: കെസിബിസി

Sathyadeepam

കൊച്ചി: ബഫര്‍സോണ്‍ സംബന്ധിച്ച ജൂണ്‍ 3-ലെ സുപ്രീം കോടതി ഉത്തരവില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വ്യക്തവും കൃത്യവും ആയിരിക്കണം. ജാതിമത ഭേദമന്യേ അനേകലക്ഷങ്ങള്‍ കടുത്ത ആശങ്കയില്‍ അകപ്പെട്ടിരിക്കുന്ന ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങളും നയങ്ങളും വ്യക്തതയോടെ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ സമീപനത്തിലെ ആത്മാര്‍ത്ഥത സംശയനീയമാണ്. സുപ്രീംകോടതി ഉത്തരവിനെതിരെ ജൂലൈ 6-ന് നിയമസഭ അംഗീകരിച്ച പ്രമേയവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു എന്ന് പറയുമ്പോഴും, 2019-ല്‍ എക്കോ സെന്‍സിറ്റീവ് സോണ്‍ സംബന്ധിച്ച മന്ത്രിസഭാ തീരുമാനം പിന്‍വലിക്കാത്തതും, പ്രായോഗിക നടപടികള്‍ സ്വീകരിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ വൈമനസ്യം പുലര്‍ത്തുന്നതും പ്രതിഷേധാത്മകമാണ്.

സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ എക്കോ സെന്‍സിറ്റിവ് സോണ്‍ ആകാം എന്ന് തീരുമാനിച്ച് കേരളസര്‍ക്കാര്‍ 2019 ഒക്ടോബറില്‍ പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കാത്തപക്ഷം സുപ്രീംകോടതിയില്‍ നല്‍കാനിരിക്കുന്ന പുനപരിശോധനാ ഹര്‍ജിയും CEC യില്‍ നല്‍കുന്ന അപ്പീലുമടക്കം തള്ളപ്പെടാനുള്ള സാധ്യതയുണ്ട് എന്നതിനാല്‍ ആ തീരുമാനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ജൂണിലെ സുപ്രീംകോടതി വിധിയില്‍ നിര്‍ദേശിച്ചിരിക്കുന്നപ്രകാരം നിലവിലെ ബഫര്‍ സോണ്‍ പ്രഖ്യാപനം എത്രത്തോളം പൗരന്മാര്‍ക്ക് ദോഷകരമാണ് എന്നുള്ളതിന്റെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി അപ്പീല്‍ നല്‍കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കേണ്ടതാണ്.

അതോടൊപ്പം തന്നെ, ഇപ്പോഴുള്ള വനാതിര്‍ത്തികള്‍ ബഫര്‍സോണിന്റെ അതിര്‍ത്തിയായി പുനര്‍നിര്‍ണ്ണയിച്ച്, വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി ഒരു കിലോമീറ്റര്‍ ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടികളും സര്‍ക്കാര്‍ എടുക്കണം.

ഈ വിഷയത്തില്‍ ഏറ്റവും ക്രിയാത്മകമായ നിലപാടുകളും നടപടിക്രമങ്ങളും അടിയന്തിരമായി സ്വീകരിച്ച് ഈ പ്രതിസന്ധിക്ക് താമസംവിനാ പരിഹാരം കണ്ടെത്തണമെന്ന് കേരളകത്തോലിക്കാ സഭാനേതൃത്വം കേരളസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

വിശുദ്ധ അഡിലെയ്ഡ് (999) : ഡിസംബര്‍ 16

വിശുദ്ധ മരിയ ക്രൂസിഫിക്‌സാ ഡി റോസ (1813-1855) : ഡിസംബര്‍ 15

കെ സി ബി സി സമ്മേളനം സമാപിച്ചു

വിശുദ്ധ ജോണ്‍ ഓഫ് ദ ക്രോസ് (1542-1591) : ഡിസംബര്‍ 14

ഇമ്മാനുവലിന്റെ വരവ് കാത്ത്