Kerala

വിദ്യാഭ്യാസ വിപ്ലവത്തിന് ബർണർഡീൻ ബെച്ചിനെല്ലിയുടെ സംഭാവനകൾ നിസ്തുലം: ബിഷപ് ആൻ്റണി വാലുങ്കൽ

Sathyadeepam

കൊച്ചി: ഓരോ പള്ളിക്കുമൊപ്പം ഓരോ പള്ളിക്കൂടം എന്ന കല്പനയിലൂടെ കേരളക്കരയിലെങ്ങും നാനാജാതി മതസ്ഥരായ ജനകോടികൾക്ക് അക്ഷരവെളിച്ചം പകർന്ന മഹത്തായ വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു ആർച്ച് ബിഷപ്പ് ബർണർഡീൻ ബച്ചിനെല്ലി എന്ന്  വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ അനുസ്മരിച്ചു. 1856-ൽ വചനത്താലും 1857-ൽ കല്പനയാലും അദ്ദേഹം നിഷ്ക്കർഷിച്ചു നടപ്പിലാക്കിയ ഈ ഉത്തരവിലൂടെ കേരളക്കരയിലെങ്ങും വിദ്യാഭ്യാസ വിപ്ലവത്തിൻ്റെ പുത്തനധ്യായം രചിക്കപ്പെടുകയായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസ്സോസിയേഷൻ്റെയും വരാപ്പുഴ അതിരൂപത ഹെറിറ്റേജ് കമ്മീഷൻ്റെയും ആഭിമുഖ്യത്തിൽ എറണാകുളം സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ഹാളിൽ നടത്തപ്പെട്ട ബർണർഡീൻ ബച്ചിനെല്ലി 158-ാം ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ രൂപതാ മെത്രാൻ ഡോ. അലക്സ് വടക്കുംതല ആശംസകൾ നേരാനെത്തിയിരുന്നു. യൂറോപ്പിൽ നിലനിന്നിരുന്ന വിദ്യാഭ്യാസ മാതൃക ഉൾക്കൊണ്ട് ബർണർഡീൻ ബച്ചിനെല്ലി കേരള സമൂഹത്തിനു നല്കിയ മഹത്തായ മാതൃകയായിരുന്നു പള്ളിക്കൊപ്പം പള്ളിക്കൂടം കല്പനയെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഫാ. ജോസ് റീഗൻ ഒസിഡി പറഞ്ഞു.

കെഎൽസിഎച്ച്എ പ്രസിഡൻ്റ് ഡോ. ചാൾസ് ഡയസ് എക്സ് എം പി. അധ്യക്ഷത വഹിച്ചു.  കെഎൽസിഎച്ച്എ ഡയറക്ടർ മോൺ. റോക്കി റോബി കളത്തിൽ, സിസ്റ്റർ ഡോ. മേരി അൻ്റോണിയോ, കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി ഫാ.ഡോ. ജോൺ ബോസ്കോ ഇമ്മാനുവൽ, കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, വരാപ്പുഴ അതിരൂപത ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ ഫാ. ഡോ.പീറ്റർ കൊച്ചുവീട്ടിൽ, കെഎൽസിഎച്എ ജനറൽ സെക്രട്ടറി ഡോ. ഗ്രിഗറി പോൾ എന്നിവർ പ്രസംഗിച്ചു. സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ലത്തീൻ ഭാഷയിൽ നടത്തപ്പെട്ട ദിവ്യബലിക്ക് ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ.ജോസ് റീഗൻ, ഫാ. നീൽ  ആൻ്റണി എന്നിവർ സഹകാർമികരായി. ഡോ. സൈമൺ കൂമ്പേലിൻ്റെ നേതൃത്വത്തിലുള്ള ക്വയർ അംഗങ്ങൾ ഗ്രിഗോറിയൻ സംഗീതം ആലപിച്ചു.

വിദ്യാഭ്യാസത്തെക്കുറിച്ച് സുബോധനയിൽ സത്സംഘം

അധ്യാപകരെ അനുമോദിച്ച് കത്തോലിക്ക കോൺഗ്രസ്സ്

അധ്യാപകരാണ് നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നവർ : ഫാ. അനിൽ ഫിലിപ്പ്

സാമുവൽ - Chap 06 [1 of 3]

വാഴ്ത്തപ്പെട്ട ഫ്രെഡറിക് ആന്റണി ഓസാനാം (1813-1853) : സെപ്തംബര്‍ 7