Kerala

ദേവാലയ നിർമ്മാണത്തിനൊപ്പം കരുതലിന്റെ കൈത്താങ്ങ്; നൂറിലേറെ ഭവനങ്ങൾ സമ്മാനിച്ച് പാറേൽ പള്ളി

Sathyadeepam

ചങ്ങനാശേരി: അതിരൂപതയുടെ മരിയൻ തീർത്ഥാടനകേന്ദ്രമായ പാറേൽ മർത്ത്‌മറിയം വലിയപള്ളി നാളെ കൂദാശ ചെയ്ത് ആദ്യബലിയർപ്പണം നടത്തി ബസിലിക്കയായി ഉയർത്തുമ്പോള്‍ ഭവനരഹിതരായിന്ന നൂറിലധികം കുടുംബങ്ങള്‍ക്കും ഇത് ആഹ്ളാദത്തിന്റെ നിമിഷങ്ങളാണ്. 2015 ഓഗസ്റ്റ് 15ന് പുതിയ പള്ളിയുടെ ശിലാസ്ഥാപനം നിർവഹിച്ച് നിർമാണം ആരംഭിച്ചതു മുതലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പാറേൽ ഇടവക ഭവനനിർമാണത്തിനും പ്രത്യേക പ്രാധാന്യം നൽകിയിരുന്നു. അന്നുമുതൽ പാറേൽ ഇട വകയിൽനിന്നു പൂർണമായും, മേജർ അറ്റകുറ്റപ്പണികൾ വഴിയും 40 വീടുകൾ നിർമിച്ചു നൽകി. ഇതിൽ 10 വീടുകളുടെ നിർമാണത്തിന് ഇടവകയിലെ വിൻസൻ്റ് ഡി പോൾ യൂണിറ്റാണ് നേതൃത്വം നൽകിയത്. 

പുതിയ ദേവാലയത്തിന്റെ കൂദാശ സ്‌മാരകമായി പാറേൽ ഇടവകയുടെ നേതൃത്വത്തിൽ 11 നിർധന കുടുംബങ്ങൾക്ക് സൗജന്യമായി സ്ഥലം നൽകി വീടുകൾ നിർമിച്ചു നൽകും. ചെത്തിപ്പുഴ സെൻ്റ് തോമസ് ആശുപത്രിയും കരിസ്‌മാറ്റിക് ഗ്രൂപ്പും പാറേൽ ചാസ് യൂണിറ്റും കൈമാറിയ സ്ഥലത്താണ് വീടുകൾ നിർമിച്ചു നൽകുന്നത്. 11 കുടുംബങ്ങളുടെ പേരിൽ സ്ഥലം രജിസ്റ്റർ ചെയ്‌ത്‌ വീടുനിർമാണത്തിനുള്ള നടപടികൾക്ക് ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട്. അതിരൂപതയിൽനിന്ന് രാജമറ്റത്ത് 23 കുടുംബങ്ങൾക്കും വായ്‌പൂര് അഞ്ച് കുടുംബങ്ങൾക്കും ഭവനനിർമാണത്തിനായി സ്ഥലം ക്രമീകരിച്ചു നൽകിയിരുന്നു.

പള്ളിയുടെ നിർമാണത്തോടനുബന്ധിച്ചുള്ള മരിയൻ പിൽഗ്രിം സെൻ്റർ ഭവനനിർമാണ പദ്ധതിയുടെ ഫണ്ടിൽനിന്ന് 20 വീടുകളുടെ നിർമാണത്തിനും രണ്ട് വീടുകളുടെ മേജർ അറ്റകുറ്റപ്പണികൾക്കും സാമ്പത്തികസഹായം നൽകിയിരുന്നു. മരിയൻ തീർത്ഥാടന കേന്ദ്രത്തിൻ്റെ നിർമാണത്തോടനുബന്ധിച്ച് വിവിധ പദ്ധതികൾ പ്രകാരം 101 വീടുകളുടെ നിർമാണത്തിനുള്ള സഹായമാണ് ഇതുവരെ നൽകിയത്. കൂദാശാസ്‌മാരകമായി നിർമിക്കുന്ന 11 വീടുകൾക്കു പുറമെ, അതിരൂപതയുടെ 'കളർ എ ഹോം' പദ്ധതിയുമായി സഹകരിച്ച് വിവിധ ഇടവകകളിലായി 25 വീടുകൾകൂടി നിർമിച്ചു നൽകാനും പാറേൽ പള്ളി ലക്ഷ്യമിടുന്നതായി 'ദീപിക' റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവാലയ നിര്‍മ്മാണത്തിനൊപ്പം അനേകരുടെ കണ്ണീരൊപ്പാന്‍ കഴിയുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് അതിരൂപത കുടുംബം. 

ബൊമ്മയാട്ടം

കെ.എൽ.സി.ഡബ്ല്യു.എ സംസ്ഥാന സമിതിയുടെ പുനലൂർ രൂപത സന്ദർശനം അവിസ്മരണീയമായി

ഒരു കമ്മ്യൂണിസ്റ്റുകാരന്റെ കുമ്പസാരം

ഗ്രാമത്തിന്റെ പുഞ്ചിരി

വചനമനസ്‌കാരം: No.243