കെ.എൽ.സി.ഡബ്ല്യു.എ സംസ്ഥാന സമിതിയുടെ പുനലൂർ രൂപത സന്ദർശനം അവിസ്മരണീയമായി

KLCWA State Committee’s Visit to Punalur Diocese Proves Memorable
Published on: 

പുനലൂർ: കെ.എൽ.സി.ഡബ്ല്യു.എ സംസ്ഥാന ഭാരവാഹികളും വിമൻ കമ്മീഷൻ കേരള റീജിയൻ സെക്രട്ടറിയും സെക്രട്ടേറിയറ്റ് അംഗങ്ങളും പുനലൂർ രൂപത സന്ദർശിച്ചു. അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവുമായും വികാരി ജനറൽ മോൺ. ജോൺസൺ ജോസഫുമായും വനിതാ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.

കേരളത്തിലെ വിവിധ രൂപതകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത കൂടിക്കാഴ്ചയിൽ അടിസ്ഥാന ക്രൈസ്തവ സമൂഹം മുതൽ സിനഡാത്മക സഭ വരെയുള്ള വിവിധ വിഷയങ്ങൾ പിതാവ് വിശദീകരിച്ചു. പുനലൂർ രൂപതയുടെ ചരിത്രവും പ്രവർത്തനങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ വികാരി ജനറൽ പ്രതിനിധികൾക്ക് പരിചയപ്പെടുത്തി. സന്ദർശനം ഹൃദ്യവും അവിസ്മരണീയവുമായ അനുഭവമായിരുന്നുവെന്ന് കെ.എൽ.സി.ഡബ്ല്യു.എ ഭാരവാഹികൾ പങ്കുവച്ചു.

സംസ്ഥാന പ്രസിഡന്റ് റാണി പ്രദീപ്, ജനറൽ സെക്രട്ടറി ജാക്വിലിൻ ജോബ്, വിമൻ കമ്മീഷൻ കേരള റീജിയൻ സെക്രട്ടറി സിസ്റ്റർ നിരഞ്ജന, വൈസ് പ്രസിഡന്റ് സീന ജോയ്, കുഞ്ഞമ്മ, മെറ്റിൽഡ മൈക്കിൾ, വത്സ ജോയ്, പ്രസന്ന പി.എൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ലെയ്റ്റി കമ്മീഷൻ കോർഡിനേറ്റർ ഡോ. ജോയിയും സന്നിഹിതനായിരുന്നു. കെ.എൽ.സി.ഡബ്ല്യു.എ സംസ്ഥാന വൈസ് പ്രസിഡന്റ് സീന ജോയിയും പുനലൂർ രൂപത പ്രസിഡന്റ് പ്രസന്ന പി.എല്ലും സന്ദർശനത്തിന്റെ ആരംഭം മുതൽ അവസാനം വരെ പ്രതിനിധികൾക്കൊപ്പം ഉണ്ടായിരുന്നു. 2026ലെ അവിസ്മരണീയമായ അനുഭവങ്ങളിലൊന്നായി ഈ സന്ദർശനം മാറി.