International

യുദ്ധമല്ല പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗ്ഗമെന്നു കര്‍ദിനാള്‍ സൂപ്പി

Sathyadeepam

ചെന്നായ്ക്കളുടെ ഹൃദയങ്ങളെ കീഴടക്കിയ വിശുദ്ധ ഫ്രാന്‍സിസ് നമ്മെ പഠിപ്പിക്കുന്നത് നിരായുധീകരണം ആണെന്നും, അക്രമം, വിദ്വേഷം, തെറ്റിദ്ധാരണ, വിഭജനം എന്നിവയുള്ളിടത്ത് സമാധാനസ്രഷ്ടാക്കളാ കാനുള്ള വിളിയാണ് നമുക്കുള്ളതെന്നും ഇറ്റലിയിലെ മെത്രാന്‍സമിതി അധ്യക്ഷന്‍ കർദിനാള്‍ മത്തെയോ മരിയ സൂപ്പി. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ മരണത്തിന്റെ എണ്ണൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് അസ്സീസ്സിയില്‍ വിശുദ്ധ ബലിയര്‍പ്പിക്കവെ യാണ് സമാധാനത്തിനായുള്ള ആഹ്വാനം അദ്ദേഹം മുന്നോട്ട് വച്ചത്.

എട്ടു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വിശുദ്ധ ഫ്രാന്‍സിസ് മുന്നോട്ടുവച്ച സമാധാനത്തിന്റെ സുവിശേഷസന്ദേശം, നിരന്തരമായ യുദ്ധങ്ങളും, അക്രമങ്ങളും നിറഞ്ഞ ഇന്നത്തെ ലോകത്തിനുമുന്നില്‍ ഏറെ പ്രസക്തമാണെന്ന് ബൊളോഞ്ഞ അതിരൂപതാദ്ധ്യക്ഷനായ കര്‍ദിനാള്‍ ഓര്‍മ്മിപ്പിച്ചു. എല്ലാറ്റിലും, എല്ലാവരിലും ക്രിസ്തുവിനെ കണ്ട വിശുദ്ധ ഫ്രാന്‍സിസ്, ശത്രുവിലും ദൈവത്തെ കാണുവാന്‍ നമ്മെ പഠിപ്പിക്കുന്നു. പാവങ്ങളുടെ പക്ഷം ചേര്‍ന്ന് സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നതിലും വിശുദ്ധന്‍ നമുക്ക് മാതൃകയാണ്.

യുദ്ധം അനിവാര്യമല്ലെന്നും, സമാധാനത്തിന്റെ സന്ദേശമാണ് നമ്മില്‍നിന്ന് വരേണ്ടതെന്നുമാണ് അദ്ദേഹം നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്. അക്രമം, വിദ്വേഷം, തെറ്റിദ്ധാരണ, വിഭജനം എന്നിവയുള്ളിടത്ത് സമാധാനം സൃഷ്ടിക്കുന്നവരാകാനാണ് വിശുദ്ധ ഫ്രാന്‍സിസ് നമ്മെ ആഹ്വാനം ചെയ്യുന്നത് - കര്‍ദിനാള്‍ വിശദീകരിച്ചു.

ഇറ്റലിയുടെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനാണ് വിശുദ്ധ ഫ്രാന്‍സിസ്. ഇറ്റലിയുടെ പ്രസിഡന്റ് സേര്‍ജ്ജ്യോ മത്തരെല്ല ഉള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയനേതൃത്വങ്ങള്‍ ദിവ്യബലിയില്‍ സംബന്ധിച്ചു.

അനുരഞ്ജനത്തിന് ആഹ്വാനവുമായി എത്യോപ്യന്‍ സഭ

സുരക്ഷിതവും സമാധാനപൂര്‍ണ്ണവുമായ ലോകത്തിനായി ആണവായുധങ്ങള്‍ ഇല്ലാതാക്കണം: വത്തിക്കാന്‍

മനുഷ്യനിര്‍മ്മിതമായ കലാസൃഷ്ടികളുടെ പ്രാധാന്യം വര്‍ധിക്കുന്നു - മാര്‍പാപ്പ

നിര്‍മിതബുദ്ധി വികസനത്തേക്കാള്‍, മനുഷ്യാധ്വാനത്തില്‍ ശ്രദ്ധ പുലര്‍ത്തുക

വിശുദ്ധ ജോണ്‍ ലെയൊനാര്‍ഡി (1541-1609) : ഒക്‌ടോബര്‍ 9