കത്തോലിക്കാസഭയുടെ മഹാദേവാലയമായ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ നാനൂറാമത് വാര്‍ഷികം ആഘോഷിക്കുന്നു. ബ്രമാന്തെ, മൈക്കലാഞ്ചലോ, ബെര്‍ണിനി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ബസിലിക്ക 1626 ലാണു കൂദാശ ചെയ്യപ്പെട്ടത്. ആഘോഷപരിപാടികളുടെ വിവരങ്ങള്‍ ബസിലിക്കയുടെ ആര്‍ച്ചുപ്രീസ്റ്റ് കര്‍ദിനാള്‍ മൗറോ ഗംബെത്തി വത്തിക്കാന്‍ പ്രസ് ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആഘോഷവേളയില്‍ തീര്‍ത്ഥാടകര്‍ക്കായും, സന്ദര്‍ശകര്‍ക്കായും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആഘോഷങ്ങളില്‍ നേരിട്ട് എത്തുവാന്‍ സാധിക്കാത്തവര്‍ക്കായി, ബസിലിക്കയുടെ നിര്‍മ്മാണത്തിന്റെ കഥ പറയുന്ന, ‘ബിയോണ്ട് ദി വിസിബിള്‍’ എന്ന ഡിജിറ്റല്‍ പദ്ധതിയെക്കുറിച്ചും കാര്‍ഡിനല്‍ വിവരിച്ചു.
ആഘോഷപരിപാടികള്‍, 2026 നവംബര്‍ മാസം പതിനെട്ടിന്, ലിയോ പതിനാലാമന്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ ബലിയോടെ പര്യവസാനിക്കും. യേശുക്രിസ്തുവിന്റെ ജീവനുള്ള ഓര്‍മ്മയെ അനുസ്മരിപ്പിക്കുന്നതും, ആദ്യത്തെ പാപ്പയായ പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയുള്ളതുമായ ബസിലിക്കയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഈ ആഘോഷപരിപാടികള്‍ക്ക് സാധിക്കുമെന്ന്, ബസിലിക്കയുടെ ആര്‍ച്ചുപ്രീസ്റ്റ് കര്‍ദിനാള്‍ മൗറോ ഗംബെത്തി പറഞ്ഞു.
ആഘോഷങ്ങളോടനുബന്ധിച്ച്, 60 ഭാഷകളിലേക്ക് ഒരേ സമയം തീര്‍ത്ഥാടകര്‍ക്ക് ആരാധനക്രമങ്ങള്‍, ഗാനങ്ങള്‍, വായനകള്‍ എന്നിവ വിവര്‍ത്തനം ചെയ്തു ഉപയോഗിക്കുവാനുള്ള മൊബൈല്‍ ആപ്പും, വത്തിക്കാന്‍ മാധ്യമ വിഭാഗവും, വിവര്‍ത്തന കമ്പനിയുമായി ചേര്‍ന്ന് നിര്‍മ്മിച്ചുവെന്നും കര്‍ദിനാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചരിത്രത്തിലും കലയിലും പ്രധാനമായും താല്‍പ്പര്യമുള്ള ആളുകളുടെ സന്ദര്‍ശനം, വിശ്വാസികളുടെ തീര്‍ത്ഥാടനത്തെ ബാധിക്കാതിരിക്കുവാന്‍, മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷന്‍ അനിവാര്യമാകുമെന്നും, അതിനായി ബസിലിക്കയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നും അധികാരികള്‍ അറിയിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി വിവിധ ക്രമീകരണങ്ങളും ബസിലിക്കക്കുള്ളില്‍ ഒരുക്കിയിട്ടുണ്ട്.