International

ട്രമ്പിനെതിരെ അമേരിക്കന്‍ കത്തോലിക്കാ മെത്രാന്മാര്‍

Sathyadeepam

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്‌ക്കെതിരെ രൂക്ഷമായ വാക് പ്രയോഗങ്ങള്‍ നടത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെതിരെ അമേരിക്കയിലെ പ്രമുഖ കത്തോലിക്കാ മെത്രാന്മാര്‍ രംഗത്തെത്തി. മാര്‍പാപ്പക്കെതിരായ ട്രമ്പിന്റെ ആക്രമണം തീര്‍ത്തും നിരാശാജനകമാണെന്ന് അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ് പോള്‍ എസ് കോക്ലെയ് പറഞ്ഞു. മാര്‍പാപ്പ ട്രമ്പിന്റെ എതിരാളിയല്ല, രാഷ്ട്രീയക്കാരനല്ല. സുവിശേഷത്തിന്റെ സത്യത്തിനു വേണ്ടിയും ആത്മാക്കളുടെ കരുതലിനുവേണ്ടിയും സംസാരിക്കുന്ന ക്രിസ്തുവിന്റെ വികാരിയാണ്. -ആര്‍ച്ചുബിഷപ് വ്യക്തമാക്കി.

ഇറാനും അമേരിക്കയും ഇസ്രായേലും തമ്മില്‍ നടക്കുന്ന യുദ്ധത്തെ മാര്‍പാപ്പ ആവര്‍ത്തിച്ചു വിമര്‍ശിച്ചതാണ് ട്രമ്പിന്റെ ഇഷ്ടക്കേടിന് ഇടയാക്കിയത്. നിലവാരമില്ലാത്ത വാക്കുകളും ഭീഷണിയും മാര്‍പാപ്പയ്‌ക്കെതിരെ പ്രയോഗിച്ചത് ആഗോളതലത്തില്‍ വലിയ വിമര്‍ശനത്തിനു വഴി വച്ചിരുന്നു. ഇറാനും മാര്‍പാപ്പയ്‌ക്കെതിരായ ട്രമ്പിന്റെ അധിക്ഷേപങ്ങളെ അപലപിച്ചു. എന്നാല്‍ മാപ്പു പറയാന്‍ താനുദ്ദേശിക്കുന്നില്ലെന്നും മാര്‍പാപ്പ തന്റെ ജോലി നന്നായി ചെയ്യുന്നില്ലെന്നും തെറ്റുകള്‍ പറയുന്നുണ്ടെന്നും ട്രമ്പ് ആവര്‍ത്തിച്ചു.

ആഫ്രിക്കയിലേക്കുള്ള യാത്രക്കിടെ മാധ്യമപ്രവര്‍ത്തകരോടു സംസാരിച്ച മാര്‍പാപ്പ താന്‍ അമേരിക്കന്‍ ഭരണകൂടത്തെ ഭയക്കുന്നില്ലെന്നും സമാധാനത്തിനായുള്ള ശ്രമങ്ങള്‍ തുടരുമെന്നും വ്യക്തമാക്കിയിരുന്നു. റോം നഗരത്തിന്റെ മേയര്‍ മാര്‍പാപ്പയെ പിന്തുണച്ചു. എന്നാല്‍, അമേരിക്കയുമായി ഉറ്റ ബന്ധം പുലര്‍ത്തുന്ന ഇറ്റാലിയന്‍ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല.

അമേരിക്ക നടത്തുന്ന യുദ്ധം അനീതിപരമാണെന്നു പ്രസ്താവിച്ചുകൊണ്ട് മൂന്ന് അമേരിക്കന്‍ കാര്‍ഡിനല്‍മാര്‍ സംയുക്തമായി ലിയോ മാര്‍പാപ്പയെ പിന്തുണച്ചു. ചിക്കാഗോയിലെ കാര്‍ഡിനല്‍ ബ്ലേസ് കുപിച്ച്, വാഷിംഗ്ടണിലെ കാര്‍ഡിനല്‍ റോബര്‍ട് മക്എല്‍റോയ്, നെവാര്‍ക്കിലെ കാര്‍ഡിനല്‍ ജോസഫ് ടോബിന്‍ എന്നിവരാണ് അവര്‍.

ഒരു യുദ്ധം നീതിപൂര്‍വകമാകുന്നതിനു വേണ്ടിയുള്ള യാതൊരു വ്യവസ്ഥകളും അമേരിക്ക നടത്തുന്ന യുദ്ധത്തിലില്ലെന്നു കാര്‍ഡിനല്‍ മക്എല്‍റോയ് ചൂണ്ടിക്കാട്ടി. വ്യത്യസ്തങ്ങളായ ഒരു കൂട്ടം ലക്ഷ്യങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ക്കു യുദ്ധം ചെയ്യാനാവില്ല. കൃത്യമായ ഒരു ലക്ഷ്യമുണ്ടായിരിക്കണം. അതു നീതിയും സമാധാനവും പുനഃസ്ഥാപിക്കുക എന്നതായിരിക്കണം. - കാര്‍ഡിനല്‍ വിശദീകരിച്ചു.

പൂർവ്വവിദ്യാർഥി സംഗമം

ചർച്ച അലസി പിരിഞ്ഞുവെന്ന പ്രചരണം ദുരുദ്ദേശപരം : ലിറ്റിൽ ഫ്ലവർ ആശുപത്രി മാനേജ്മെൻ്റ്

വിശുദ്ധരായ മാക്‌സിമസ്, വലേറിയന്‍, തിബൂര്‍ത്തിയസ് (-229) : ഏപ്രില്‍ 14

സഭയും, സമുദായവും രാഷ്ട്രനിര്‍മ്മാണത്തില്‍ ഇടപെടുകതന്നെ വേണം ബിഷപ് കല്ലറങ്ങാട്ടിന് സമ്പൂര്‍ണ്ണ പിന്തുണ

വി. യോഹന്നാൻ - Chap.5 [1of3]