2011 മാര്‍ച്ച് 15 ന് ആരംഭിച്ച സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് കൊല്ലപ്പെട്ടത് നാലു ലക്ഷം പേരാണ്. 54 ലക്ഷം പേര്‍ രാജ്യം വിട്ടു അഭയാര്‍ത്ഥികളായി പലായനം ചെയ്തു. 61 ലക്ഷം പേര്‍ രാജ്യത്തിനകത്തു തന്നെ സ്വഭവനങ്ങള്‍ നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി അലയുന്നു. അഭയാര്‍ത്ഥികളില്‍ പകുതിയിലേറെ പേരും കുഞ്ഞുങ്ങളാണെന്നും ഇവരാണ് ആഭ്യന്തരയുദ്ധത്തിന് ഏറ്റവുമധികം വില കൊടുക്കുന്നതെന്നും അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ വിദേശ സഹായ ഏജന്‍സിയായ സി ആര്‍ എസിന്‍റെ വക്താവായ ടോം പ്രിന്‍സ് പറഞ്ഞു. വര്‍ഷങ്ങളായി സ്കൂള്‍ വിദ്യാഭ്യാസം നഷ്ടപ്പെട്ട് തെരുവില്‍ അലയുകയാണു കുട്ടികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സി ആര്‍ എസ് സിറിയയിലും മധ്യപൂര്‍വരാഷ്ട്രങ്ങളിലെ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കിടയിലും സഹായങ്ങളെത്തിക്കുന്നുണ്ട്.
സിറിയന്‍ പ്രസിഡന്‍റ് ബഷര്‍ അല്‍ അസദിന്‍റെ ഭരണമവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു തുടങ്ങിയ പ്രക്ഷോഭങ്ങളാണ് ഇന്നത്തെ നിലയിലുള്ള കടുത്ത യുദ്ധങ്ങളിലേയ്ക്കു വ്യാപിച്ചത്. റഷ്യയും ഇറാനും സിറിയന്‍ ഭരണകൂടത്തെ പിന്തുണച്ചു. പാശ്ചാത്യരാഷ്ട്രങ്ങള്‍ പൊതുവില്‍ പ്രക്ഷോഭകര്‍ക്കൊപ്പമായിരുന്നു. അതേസമയം ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനകളുടെ സഹായവും വിമതര്‍ക്കു ലഭിച്ചു.
യുദ്ധത്തെ തുടര്‍ന്ന് സിറിയക്കാര്‍ രാജ്യം വിട്ടു പോയത് പ്രധാനമായും തുര്‍ക്കി, ജോര്‍ദാന്‍, ഇറാഖ്, ഈജിപ്ത് എന്നിവിടങ്ങളിലേക്കാണ്. തുര്‍ക്കിയില്‍ 33 ലക്ഷം അഭയാര്‍ത്ഥികള്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. ലോകചരിത്രം കണ്ട ഏറ്റവും വലിയ അഭയാര്‍ത്ഥിപ്രവാഹവും പ്രതിസന്ധിയുമാണ് സിറിയന്‍ ആഭ്യന്തരയുദ്ധം ഉണ്ടാക്കിയത്. അഭയാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും ഇന്നും താത്കാലിക കൂടാരങ്ങളില്‍ ദാരിദ്ര്യരേഖയ്ക്കു താഴെ ദുരിതമനുഭവിച്ചു കഴിയുന്നു. സിറിയന്‍ ജനത നേരിടുന്ന പ്രശ്നങ്ങള്‍ തങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെയും കത്തോലിക്കാസഭയെയും യഥാസമയം അറിയിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് സി ആര്‍ എസ് വക്താവ് പറഞ്ഞു.