വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ കൂദാശയുടെ 400-ാം വാര്‍ഷികത്തോടനുബന്ധിച്ച്, തയ്യാറാക്കിയ ‘പെത്രോസ് എനി: അല്ലാ സ്കോപെര്ത്ത ദെല്ലെ ഒറിജിനി’ എന്ന ഡോക്യുമെന്ററിയില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയും പ്രത്യക്ഷപ്പെടുന്നു.
റോമിന്റെയും ക്രൈസ്തവ വിശ്വാസത്തിന്റെയും ഹൃദയഭാഗമായ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചരിത്രം, ആത്മീയത, പുരാവസ്തു ഗവേഷണങ്ങള്‍ എന്നിവ വിശകലനം ചെയ്യുന്ന ചിത്രത്തില്‍ അപ്പസ്തോലനായ വിശുദ്ധ പത്രോസിനെക്കുറിച്ചുള്ള പാപ്പയുടെ സന്ദേശവും ഉള്‍പ്പെടുന്നു. 1626 നവംബര്‍ 18-ന് ബസിലിക്ക കൂദാശ ചെയ്തതിന്റെ 400-ാം വാര്‍ഷികദിനത്തില്‍ ഡോക്യുമെന്ററി പുറത്തിറങ്ങുന്നു.
പ്രശസ്ത ഹോളിവുഡ് നടന് ക്രിസ് പ്രാറ്റ് ചിത്രത്തിന്റെ വിവരണം നിര്‍വ്വഹിച്ചിരിക്കുന്നു. ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് കത്തോലിക്കാ വിശ്വാസത്തിലേക്കു തിരികെ എത്തിയ ക്രിസ് പ്രാറ്റ്, ബസിലിക്കയില്‍ ചെലവഴിച്ച നിമിഷങ്ങള്‍ തന്റെ ജീവിതത്തെയും വിശ്വാസത്തെയും ആഴത്തില്‍ സ്വാധീനിച്ചതായി വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ‘വിശുദ്ധ പത്രോസ് ഒരു സാധാരണക്കാരനും ബലഹീനനുമായ മനുഷ്യനായിരുന്നു. നമ്മളെല്ലാവരും അപൂര്‍ണ്ണരും ബലഹീനരുമാണ്, എന്നാല്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ കരുത്ത് ദൈവത്തിലുള്ള വിശ്വാസത്തിലും യേശുക്രിസ്തുവിന്റെ കൃപയിലുമായിരുന്നു’ എന്ന് ക്രിസ് പ്രാറ്റ് പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധകാലത്ത് പന്ത്രണ്ടാം പീയൂസ് പാപ്പയുടെ നിര്‍ദ്ദേശപ്രകാരം ആരംഭിച്ച ആദ്യത്തെ ഖനനങ്ങള്‍ മുതല്‍, പത്രോസിന്റെ തിരുശേഷിപ്പുകള്‍ കണ്ടെത്തിയതായി പോള്‍ ആറാമന്‍ പാപ്പ സ്ഥിരീകരിച്ചതുവരെയുള്ള ശാസ്ത്രീയവും ആത്മീയവുമായ ചരിത്രം ചിത്രം പുനരാവിഷ്കരിക്കുന്നു.