മാനവരാശിയുടെ പൊതുനന്മയായ ബഹിരാകാശം നമ്മുടെ കൂട്ടുത്തരവാദിത്വത്തിനും മേല്‍നോട്ടത്തിനും ഭരമേല്പിക്കപ്പെട്ടിരിക്കുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച. ഐക്യരാഷ്ട്ര സംഘടനയില്‍ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗത്തില്‍ അന്താരാഷ്ട്ര സഹകരണം ഉണ്ടായിരിക്കേണ്ടതിനെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമായ ന്യൂയോര്‍ക്കില്‍ യു എന്‍-ന്റെ എണ്‍പതാമത് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു.
ബഹിരാകാശ പര്യവേക്ഷണവും ഉപയോഗവും ഐകമത്യം, സമാധാനം എന്നീ തത്വങ്ങളാല്‍ നയിക്കപ്പെടണ മെന്നും ബഹിരാകാശ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിക്കുന്ന നേട്ടങ്ങള്‍ എല്ലാ ജനങ്ങളുടെയും സമഗ്രവികസന ത്തിന് സംഭാവന ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും ആര്‍ച്ചുബിഷപ്പ് കാച്ച ആവശ്യപ്പെട്ടു.
ശാസ്ത്രീയ പുരോഗതി, സുസ്ഥിര വികസനം, അന്താരാഷ്ട്ര സഹകരണം എന്നിവയ്ക്ക് ബഹിരാകാശം അസാധാരണമായ അവസരങ്ങള്‍ നല്‍കുന്നു, ആര്‍ച്ചുബിഷപ് പറഞ്ഞു.
ഭ്രമണപഥത്തിലോ, ആകാശഗോളങ്ങളിലോ, ബഹിരാകാശത്ത് മറ്റെവിടെയെങ്കിലുമോ ആണവായുധങ്ങളോ സമൂല നശീകരണ ആയുധങ്ങളോ പ്രതിഷ്ഠിക്കുന്നത് നിരോധിക്കുന്ന 1967-ലെ ബഹിരാകാശ ഉടമ്പടിയെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആകയാല്‍ ബഹുരാഷ്ട്ര സഹകരണവും പരസ്പര വിശ്വാസവും പരിപോഷിപ്പിക്കേണ്ടത് നിര്‍ണ്ണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.