സുഡാനിലെ മാനവിക പ്രതിസന്ധി ഉടന്‍ പരിഹരിക്കുകയും സമാധാനം സ്ഥാപിക്കുകയും ചെയ്യണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.
ടാന്‍സാനിയായില്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടക്കുന്ന സംഘര്‍ഷങ്ങള്‍ക്കും അറുതി വരുത്തണമെന്ന് പാപ്പ ആവശ്യപ്പെട്ടു. ആഫ്രിക്കയില്‍ പലയിടത്തും നിരപരാധികളായ പൗരന്മാരെ ആക്രമിക്കുകയും സഹായം നിഷേധിക്കുകയും ചെയ്യുന്നതിനെ അദ്ദേഹം അപലപിച്ചു.
സുഡാനില്‍ നിന്നുള്ള ദുരന്തപൂര്‍ണ്ണമായ വാര്‍ത്തകള്‍ അതീവ ദുഃഖത്തോടെയാണ് താന്‍ ശ്രവിക്കുന്നതെന്ന് മാര്‍പാപ്പ പറഞ്ഞു. സ്ത്രീകളും കുട്ടികളും വിവേചനാരഹിതമായ അക്രമത്തിന് ഇരകളാകുന്നു. നിരായുധരായ പൗരന്മാര്‍ ആക്രമിക്കപ്പെടുന്നു. അടിയന്തരമായ വെടിനിര്‍ത്തല്‍ ഉണ്ടാവുകയും മാനവിക സഹായങ്ങള്‍ എത്തിക്കുന്നതിനുള്ള ഇടനാഴികള്‍ തുറക്കുകയും വേണം.
അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെയും ഔദാര്യത്തോടെയും ഇടപെടുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യണം. - മാര്‍പാപ്പ വിശദീകരിച്ചു.