സമാധാനത്തിനായി മെയ് 30-ന് വത്തിക്കാന്‍ ഗാര്‍ഡനില്‍ ലിയോ പതിനാലാമന്‍ പാപ്പയുടെ നേതൃത്വത്തില്‍ ആഗോള ജപമാല പ്രാര്‍ത്ഥന നടന്നു. ജപമാലയുടെ ഓരോ ദിവ്യരഹസ്യവും യുദ്ധ ങ്ങളിലും അക്രമങ്ങളിലും ദുരിതമനുഭവിക്കുന്നവര്‍ക്കും യുദ്ധമേഖലയിലെ ആരോഗ്യപരിരക്ഷകര്‍ക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ടു. ലോകമെമ്പാടുമുള്ള വിശ്വാസിസമൂഹവും സുവിശേഷവൽക്കരണ കാര്യാലയം ഒരുക്കിയ ജപമാലയില്‍ പാപ്പയോടൊപ്പം പങ്കുചേര്‍ന്നു.
സംഘര്‍ഷങ്ങളും യുദ്ധങ്ങളും മൂലം കഷ്ടപ്പെടുന്ന മാനവരാശിക്കു വേണ്ടി പ്രാർഥിക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പൊതുകൂടി ക്കാഴ്ചാസമ്മേളനങ്ങളിലും, ത്രികാലജപപ്രാർഥനാവേളകളിലു മുൾപ്പെടെ നിരവധി തവണ പരിശുദ്ധ പിതാവ് അഭ്യര്‍ത്ഥന നടത്തിയിരുന്നു. പരിശുദ്ധ മാതാവിന്റെ വണക്കമാസ സമാപനത്തോടനു ബന്ധിച്ചാണ് സമാധാനത്തിനുവേണ്ടിയുള്ള ഈ പ്രത്യേക പ്രാർഥനാ യജ്ഞം നടത്തിയത്.
പോര്‍ച്ചുഗലിലെ ഫാത്തിമ, ഫ്രാന്‍സിലെ ലൂർദ്, ഉക്രെയ്നിലെ സര്‍വാനിറ്റ്‌സിയ, ഫിലിപ്പൈന്‍സിലെ ആന്റിപോളോ, ബോസ്‌നിയയിലെ മെഡ്ജുഗോറി, ലെബനനിലെ സെന്റ് ഷാര്‍ബല്‍ അന്നായാ, ഇറ്റലിയിലെ ലൊറേറ്റോ തുടങ്ങിയ വിശ്വപ്രസിദ്ധമായ മരിയന്‍ തീർഥാടന കേന്ദ്രങ്ങളും ഈ സമയത്ത് ജപമാലപ്രാർഥനയില്‍ പങ്കുചേര്‍ന്നു.
യുദ്ധവും അക്രമവും മൂലം ദുരിതമനുഭവിക്കുന്നവര്‍, യുദ്ധത്തിന്റെ ഇരകളായ സാധാരണ ജനങ്ങള്‍, പ്രത്യാശയും ആശ്വാസവും പകരുന്നവര്‍, ചികിത്സാരംഗത്തുള്ളവര്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ സഹിക്കുന്ന തടവുകാര്‍, അഭയാര്‍ത്ഥികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായാണ് ജപമാലയുടെ വിവിധ രഹസ്യങ്ങള്‍ സമര്‍പ്പിച്ചിരുന്നത്.
സുവിശേഷവൽക്കരണ കാര്യാലയമാണ് ഈ പ്രാർഥനാ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കിയത്.