മതസ്വാതന്ത്ര്യലംഘനങ്ങള്‍ സംബന്ധിച്ച പ്രത്യേക നിരീക്ഷണ പ്പട്ടികയില്‍ തുര്‍ക്കിയെ ഉള്‍പ്പെടുത്തണമെന്ന് അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യ പ്പെട്ടു. ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ തുര്‍ക്കിയില്‍ വര്‍ധിച്ചിരിക്കുന്നതുകൊണ്ടാണ് ഇതെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
യൂറോപ്യന്‍ പാര്‍ലിമെന്റും മനുഷ്യാവകാശകോടതിയും തുര്‍ക്കിയിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളെ കഴിഞ്ഞ ഒരു വര്‍ഷമായി കൂടുതല്‍ ഗൗരവമായി സമീപിക്കുന്നുണ്ട്. ക്രിസ്ത്യന്‍ മിഷണറിമാരെ പുറത്താക്കിയ തുര്‍ക്കിയുടെ നടപടിയെ ഫെബ്രുവരി 12-ന് യൂറോപ്യന്‍ പാര്‍ലിമെന്റ് പാസ്സാക്കിയ പ്രമേയ ത്തില്‍ ശക്തമായി അപലപിച്ചിരുന്നു. സുരക്ഷാകാരണങ്ങളാണ് മിഷണറിമാരെ പുറത്താക്കിയതിനു തുര്‍ക്കി ഉന്നയിച്ചത്. എന്നാല്‍ ഇത് അവ്യക്തമാണെന്ന് യൂറോപ്യന്‍ പാര്‍ലിമെന്റ് ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മൂന്നൂറിൽപ്പരം ക്രിസ്ത്യന്‍ സഭാ പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളുമാണ് തുര്‍ക്കിയില്‍ നിന്നു പുറത്താക്ക പ്പെട്ടത്. ഇവര്‍ക്ക് മടങ്ങിവരാന്‍ അവസരമുണ്ടാക്കണമെന്ന് യൂറോപ്യന്‍ പാര്‍ലിമെന്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ജനുവരിയില്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയും ഈ വിഷയത്തില്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. വിദേശത്തു ജനിച്ച പ്രൊട്ടസ്റ്റന്റ് ക്രൈസ്തവരെയാകെ തുര്‍ക്കിക്കു സുരക്ഷാഭീഷണിയാണെന്ന് ആക്ഷേപിക്കുന്നത് അവരെ അവമതിക്കുന്നതും ആരാധനാ സ്വാതന്ത്ര്യലംഘനവുമാണെന്ന് കോടതി വിലയിരുത്തി.
1971-ല്‍ അടച്ചു പൂട്ടിയ തുര്‍ക്കിയിലെ പ്രശസ്തമായ ഓര്‍ത്തഡോക്‌സ് ദൈവശാസ്ത്ര വിദ്യാകേന്ദ്രം തുറക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും യൂറോപ്യന്‍ പാര്‍ലിമെന്റ് ആവശ്യപ്പെടുന്നു. ഇതു തുറക്കാമെന്ന് തുര്‍ക്കി ഭരണകൂടം ഇടയ്ക്കിടെ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ യാഥാര്‍ഥ്യമായില്ലെന്നു കോണ്‍സ്റ്റാന്റിനോപ്പിള്‍ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസിന്റെ കാര്യാലയം അറിയിച്ചു.