കാന്റര്‍ബറി ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട, സാറ മുള്ളാലി, വത്തിക്കാനില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഉയിര്‍പ്പുകാലത്തിന്റെ സന്തോഷം നിറഞ്ഞു നില്‍ക്കുന്ന അവസരത്തില്‍, കാന്റര്‍ബറി ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട, സാറ മുള്ളാലിയുടെ നേതൃത്വത്തിലുള്ള ആംഗ്ലിക്കന്‍ സഭയുടെ പ്രതിനിധികള്‍ക്ക്, പാപ്പാ സ്വാഗതം ആശംസിച്ചു.
അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, വിശുദ്ധ പോള്‍ ആറാമന്‍ പാപ്പായും, ആര്‍ച്ചുബിഷപ്പ് മൈക്കല്‍ റാംസിയും തമ്മിലുള്ള അവിസ്മരണീയമായ കൂടിക്കാഴ്ച യും പാപ്പാ അനുസ്മരിച്ചു. ഈ പാരമ്പര്യം ഇന്നും തുടരുന്നതു സന്തോഷകരമാണ്. അറുപത് വര്‍ഷം മുമ്പ് സ്ഥാപിതമായ റോമിലെ ആംഗ്ലിക്കന്‍ സെന്റര്‍ ശ്ലാഘനീയ മായ ശുശ്രൂഷ തുടരുന്നു - പാപ്പാ പറഞ്ഞു.
ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു പറഞ്ഞ ആദ്യത്തെ വാക്കുകള്‍, ‘നിങ്ങള്‍ക്കു സമാധാനം ഉണ്ടാകട്ടെ’, സഭയിലുടനീളം പ്രതിധ്വനിക്കുന്നുവെന്നും, ഈ അഭിവാദ്യം കര്‍ത്താവിന്റെ സമാധാന ദാനം സ്വീകരിക്കാന്‍ മാത്രമല്ല, അവിടുത്തെ സമാധാന ത്തിന്റെ സന്ദേശവാഹകരാകാനും നമ്മെ ക്ഷണിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. കര്‍ത്താവിന്റെ സമാധാനം നിരായുധമാണെന്നും, അതിനാല്‍, ക്രിസ്ത്യാനികള്‍ ഈ യാഥാര്‍ത്ഥ്യത്തിന് പ്രവചനാത്മകവും എളിമയുള്ളതുമായ സാക്ഷ്യം വഹിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
കഷ്ടപ്പാടുകളുള്ള ലോകത്തിന് ക്രിസ്തുവിന്റെ സമാധാനം വളരെയധികം ആവശ്യമാണെങ്കിലും, ക്രിസ്ത്യാനികള്‍ തമ്മിലുള്ള ഭിന്നതകള്‍ ആ സമാധാന ത്തിന്റെ ഫലപ്രദമായ വാഹകരാകാനുള്ള നമ്മുടെ കഴിവിനെ ദുര്‍ബലപ്പെടുത്തുന്നു വെന്നു പാപ്പാ ചൂണ്ടിക്കാട്ടി. കൂടുതല്‍ ഫലപ്രദമായ സുവിശേഷവൽക്കരണ ത്തിനുവേണ്ടി ഐക്യം ആവശ്യമാണ്. ക്രിസ്തുവില്‍ നാമെല്ലാവരും ഒന്നാണ് എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ പാപ്പാ ഉദ്ധരിച്ചു.
എക്യുമെനിക്കല്‍ യാത്ര സങ്കീര്‍ണ്ണമാണെന്നും, ചരിത്രപരമായി ഭിന്നിപ്പിക്കുന്ന ചില വിഷയങ്ങളില്‍ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, സമീപ ദശകങ്ങളില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. പൂര്‍ണ്ണമായ കൂട്ടായ്മയിലേക്കുള്ള പാത കണ്ടെത്താന്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. എന്നാല്‍, ക്രിസ്തുവിനെ ലോകത്തോട് ഒരുമിച്ച് പ്രഘോഷിക്കാനുള്ള എല്ലാ അവസരങ്ങളും ഉപയോഗിക്കുന്നതിന് ഈ വെല്ലുവിളികള്‍ തടസ്സമാകരുത് - പാപ്പാ വിശദീകരിച്ചു.