തൊഴിലാളിയായ വി. യൗസേപ്പ് – മെയ് 1

തൊഴിലാളിയായ വി. യൗസേപ്പ് – മെയ് 1

1955 മെയ് 1-ാം തീയതി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തടിച്ചുകൂടിയ തൊഴിലാളികളോട് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ പറഞ്ഞു: "ഇന്നു മുതല്‍ മെയ് 1-ാം തീയതി തൊഴിലാളിയായ വി. യൗസേപ്പിന്റെ തിരുനാള്‍ നാം ആചരിക്കും. ഒരു നല്ല ഇടയനെ, ഒരു നല്ല സംരക്ഷകനെ ഒരു പിതാവിനെ ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്നു."

1889-ല്‍ പോപ്പ് ലിയോ പതിമ്മൂന്നാമന്‍ വി. യൗസേപ്പിനെ, തൊഴിലാളികളുടെ, പ്രത്യേകിച്ച് അരക്ഷിതരായവരുടെ മാതൃകയായി സമര്‍പ്പിച്ചിരുന്നു. പോപ്പ് ബനഡിക്ട് പതിനഞ്ചാമന്‍ വി. യൗസേപ്പിനെ തൊഴിലാ ളികളുടെ മുമ്പില്‍ അവതരിപ്പിച്ചത് അവരുടെ വഴികാട്ടിയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനുമായിട്ടാണ്. പോപ്പ് പീയൂസ് പതിനൊന്നാമന്‍, നിരീശ്വര കമ്മ്യൂണിസത്തിനെതിരെയുള്ള സമരത്തില്‍ വിശ്വാസികളുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായിട്ടാണ് വി. യൗസേപ്പിനെ അവതരിപ്പിച്ചത്.

വി. യൗസേപ്പും തൊഴിലാളിവര്‍ഗ്ഗവും തമ്മിലുള്ള ബന്ധത്തിന് അടിസ്ഥാനപരമായ ഒരു നിര്‍വ്വചനവും വിശദീകരണവും നല്‍കിയത് പോപ്പ് പീയൂസ് പന്ത്രണ്ടാമനാണ്. തൊഴിലാളിയായ വി. യൗസേപ്പിന്റെ തിരുനാള്‍ മെയ് 1-ാം തീയതി തൊഴിലാളിദിനത്തില്‍ത്തന്നെ ആചരിക്കാന്‍ ഉത്‌ബോധിപ്പിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു: "തൊഴിലിന്റെ മഹത്ത്വം എല്ലാവരെയും ബോധ്യപ്പെടുത്തുവാന്‍ കൂടിയാണ് ഇങ്ങനെ ചെയ്യുന്നത്. തൊഴിലിന്റെ മഹത്ത്വം മനസ്സിലാക്കിയാല്‍ ഒരു പുതിയ സാമൂഹികവ്യവസ്ഥ തന്നെ രൂപപ്പെട്ടുവരും. അവകാശങ്ങളും കടമകളും നീതിപൂര്‍വ്വം തിട്ടപ്പെടുത്താന്‍ ഒരു പുതിയ നിയമസംഹിത തന്നെ രൂപപ്പെട്ടുവരികയും ചെയ്യും… ദൈവത്തിന്റെ മുമ്പില്‍ വിനയാന്വിതനായി ജോലിചെയ്ത നസ്രത്തിലെ ഈ തൊഴിലാളി കൈകൊണ്ടു ജോലി ചെയ്യുന്നവരുടെ മാത്രമല്ല, നിങ്ങളുടെയും നിങ്ങളുടെ കുടുംബങ്ങളുടെയുമെല്ലാം സംരക്ഷകനാണ്."

തൊഴിലിനെപ്പറ്റിയുള്ള സഭയുടെ കാഴ്ചപ്പാട് വി. യൗസേപ്പിലൂടെ യാണ് സഭ വിശദീകരിക്കുന്നത്. പരാതിയില്ലാതെ, എന്തു ജോലിയും ചെയ്യാനുള്ള സന്നദ്ധതയാണ് മനുഷ്യനുവേണ്ട ഏറ്റവും പ്രധാന ഗുണം. ഉച്ചനീചത്വങ്ങള്‍ മനുഷ്യന്‍ മറക്കുന്നത് ഇവിടെയാണ്. ഒരു തൊഴിലും മറ്റൊന്നിനേക്കാള്‍ മെച്ചമല്ല, മോശവുമല്ല. ഉദ്ദേശ്യശുദ്ധിയാണ്. തൊഴിലിനെ മഹത്ത്വപ്പെടുത്തുന്നത്. ആത്മാര്‍ത്ഥമായി ജോലി ചെയ്യുക എന്നത് തൊഴിലാളിയുടെ കടമയാണ്, ഉത്തരവാദിത്വമാണ്. ഉചിതമായ വേതനം ലഭിക്കുകയെന്നത് അവന്റെ അവകാശവുമാണ്.

"അതിനാല്‍, നിങ്ങള്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവമഹത്ത്വത്തിനായി ചെയ്യുവിന്‍." (1 കൊറി. 10:31) ഇവിടെയാണ് നിങ്ങളുടെ ഓരോ പ്രവൃത്തിയും മഹത്തായ പ്രാര്‍ത്ഥനയായി മാറുന്നത്. തിന്നുകയോ കളിക്കുകയോ എന്തുമാകട്ടെ, ഉദ്ദേശ്യശുദ്ധിയാണു പ്രധാനം. ഉരുവിടുന്ന വാക്കുകളെക്കാള്‍ ശക്ത ഉദ്ദേശശുദ്ധിയുള്ള പ്രവൃത്തികള്‍ക്കാണ്. ഉച്ചരിക്കാന്‍, നിര്‍ദ്ദേശിക്കാന്‍, പ്രസംഗിക്കാന്‍ എളുപ്പമാണ്. പക്ഷേ, അതു ജീവിച്ചുകാണിക്കാനാണല്ലോ ബുദ്ധിമുട്ട്. അതുകൊണ്ട് അന്ധമായി ഉരുവിടുന്ന വാക്കുകളല്ല യഥാര്‍ത്ഥ പ്രാര്‍ത്ഥന, സത്യസന്ധമായി നാം ചെയ്യുന്ന ഓരോ പ്രവൃത്തിയുമാണ് എന്നു നാം മനസ്സിലാക്കുക എന്തുജോലി ചെയ്യുന്നു എന്നതല്ല; എങ്ങനെ ചെയ്യുന്നു എന്നതാണു പ്രധാനം. ചെയ്യുന്നവന്റെ ഉദ്ദേശ്യശുദ്ധിയാണ് തൊഴിലിന്റെ മഹത്ത്വം നിശ്ചയിക്കുന്നത്. തൊഴിലിന്റെ പേരില്‍ മറ്റുള്ളവരെ അപമാനിക്കുന്നവന്‍ സ്വയം നിന്ദിക്കുന്ന അഹങ്കാരിയാണ്; അജ്ഞനാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org