ആഗോളയുവജനദിനാഘോഷത്തിനും അതോടനുബന്ധിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനും അരങ്ങൊരുങ്ങിയതിന്‍റെ സന്തോഷത്തിലാണ് പനാമയും അവിടത്തെ സഭയും. ജനുവരി 23 മുതല്‍ 27 വരെയാണ് ആഘോഷങ്ങള്‍. പാപ്പയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി പ്രസിഡന്‍റ് ജുവാന്‍ റൊഡ്രിഗ്സ് നേരത്തെ അറിയിച്ചിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1984-ല്‍ സ്ഥാപിച്ച ആഗോളയുവജനദിനാഘോഷങ്ങളുടെ 34-ാം പതിപ്പാണ് ഈ വര്‍ഷം പനാമയില്‍ നടക്കുന്നത്. 2016 പോളണ്ടിലെ ക്രാക്കോയില്‍ യുവജനദിനാഘോഷം അവസാനിച്ചപ്പോള്‍ തന്നെ പനാമയില്‍ ഈ യുവജനദിനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.
പതിനായിരകണക്കിനു യുവജനങ്ങള്‍ വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് ആഘോഷങ്ങള്‍ക്കായി പനാമയിലെത്തിയിട്ടുണ്ട്. രാഷ്ട്രങ്ങള്‍ക്കും ജനതകള്‍ക്കുമിടയില്‍ പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനു പനാമ വേദിയാകുന്നതില്‍ തങ്ങള്‍ക്കു സന്തോഷമുണ്ടെന്നു പ്രസിഡന്‍റ് പ്രസ്താവിച്ചു. പാപ്പായുടെ സന്ദേശങ്ങള്‍ ഇവിടെ നിന്നു ലോകമെമ്പാടും പരക്കുമെന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമാണ് – പ്രസിഡന്‍റ് പറഞ്ഞു.
പുതിയൊരു സബ്വേ ഉള്‍പ്പെടെ നിരവധി അടിസ്ഥാനസൗകര്യവികസനങ്ങളും ആഗോളയുവജനദിനാഘോഷത്തിനു മുന്നോടിയായി പനാമയില്‍ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.