വിശുദ്ധ പീറ്റര്‍ കനീഷ്യസ് (1521-1597) : ഡിസംബര്‍ 21

വിശുദ്ധ പീറ്റര്‍ കനീഷ്യസ് (1521-1597) : ഡിസംബര്‍ 21

സമ്പന്നനായ ഒരു ഡച്ച് മേയറുടെ മകനായി 1521 മെയ് 8 ന് പീറ്റര്‍ കനീഷ്യസ് ജനിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ സഭയുമായി പിണങ്ങിപ്പിരിഞ്ഞത് ആ വര്‍ഷമാണ്. വി. ഇഗ്നേഷ്യസ് ലയോള ലൗകിക ജീവിതം വെടിഞ്ഞതും ആ വര്‍ഷമാണ്. പതിനഞ്ചാമത്തെ വയസ്സില്‍ പീറ്റര്‍ കൊളോണ്‍ യൂണിവേഴ്‌സിറ്റിയില്‍ പഠനം തുടങ്ങി. പത്തൊമ്പതാമത്തെ വയസ്സില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി സമ്പാദിക്കുകയും ചെയ്തു. മൂന്നുവര്‍ഷത്തിനുശേഷം അദ്ദേഹം ഈശോസഭയില്‍ ചേര്‍ന്നു. ആ സഭയില്‍ ചേര്‍ന്ന ആദ്യത്തെ ജര്‍മ്മന്‍കാരനാണ് പീറ്റര്‍. ഈ സമയം കൊണ്ട് സമര്‍ത്ഥനായ അദ്ധ്യാപകനായും പ്രഭാഷകനായും അദ്ദേഹം യൂണിവേഴ്‌സിറ്റിയില്‍ പ്രസിദ്ധനായിരുന്നു.
1546-ല്‍ ഇരുപത്തഞ്ചാമത്തെ വയസ്സില്‍ പൗരോഹിത്യം സ്വീകരിച്ച പീറ്ററിനെ ഒരു വര്‍ഷത്തിനുശേഷം ട്രെന്റു സൂനഹദോസില്‍ സംബന്ധിക്കാനുള്ള ദൈവശാസ്ത്രപണ്ഡിതനായി ഓഗ്‌സ്ബര്‍ഗ്ഗിന്റെ കര്‍ദ്ദിനാള്‍ നിയമിച്ചു. റോമില്‍ വി. ഇഗ്നേഷ്യസ് ലയോളയുടെ കൂടെ ഏതാനും മാസങ്ങള്‍ ചെലവഴിച്ച ശേഷം പീറ്റര്‍ 1549-ല്‍ ഈശോസഭയുടെ അവസാന വ്രതവാഗ്ദാനം നടത്തി. പിന്നീട് വിയന്നയിലെത്തി യൂണിവേഴ്‌സിറ്റിയില്‍ ദൈവശാസ്ത്രാദ്ധ്യാപകനായും, കത്തീഡ്രലിലും ഫെര്‍ഡിനാന്റ് ഒന്നാമന്റെ രാജകൊട്ടാരത്തിലും വചനപ്രഘോഷകനായും കഴിഞ്ഞുകൂടി. വിയെന്നായിലെ സഭ അന്ന് വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു. ഇരുപതുവര്‍ഷത്തിനുള്ളില്‍ ഒരൊറ്റ വൈദികന്‍പോലും ആ നാട്ടില്‍ നിന്നുണ്ടായില്ല. പല ഇടവകകളും നാമാവശേഷമായി വിയന്നായില്‍ കത്തോലിക്കാവിശ്വാസം പിടിച്ചുനിര്‍ത്താന്‍ പീറ്റര്‍ കഠിനാദ്ധ്വാനം ചെയ്തു.
അജ്ഞതകൊണ്ടാണ് പലരും വിശ്വാസം ത്യജിക്കുകയും സഭവിട്ടു പോകുകയും ചെയ്യുന്നതെന്ന് നല്ല ബോധ്യമുണ്ടായിരുന്ന പീറ്റര്‍ എല്ലാ സങ്കുചിത ചിന്താഗതികളില്‍നിന്നും വിട്ടുനിന്നു. വിനീതനും സൗമ്യനും ജനസമ്മതനുമായ അദ്ദേഹം നവോത്ഥാന കാലഘട്ടത്തില്‍ വിശ്വാസത്തിന്റെ ശക്തനായ വക്താവായി നിലകൊണ്ടു. അങ്ങനെയാണ് "ജര്‍മ്മനിയുടെ രണ്ടാമത്തെ അപ്പസ്‌തോലന്‍" എന്ന അപരനാമത്താല്‍ പീറ്റര്‍ കനീഷ്യസ് അറിയപ്പെടാന്‍ തുടങ്ങിയത്.
നല്ലൊരു നയതന്ത്ര വിദഗ്ദ്ധനായിരുന്നു പീറ്റര്‍. വിവിധ സ്ഥലങ്ങളും മഹത്‌വ്യക്തികളുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. വിശുദ്ധനായ ചാള്‍സ് ബൊറോമിയോ, ഫിലിപ്പ് നേരി, ഫ്രാന്‍സിന് ഡി സാലസ് എന്നിവരുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. പോപ്പിന്റെയും ബിഷപ്പുമാരുടെയും രാജാവിന്റെയും രാജകുമാരന്റെയും സാധാരണ ജനങ്ങളുടെയുമെല്ലാം ഉപദേശകനായി മാറി അദ്ദേഹം. ജപമാലയും സൊഡാലിറ്റിയും പോലുള്ള ഭക്താഭ്യാസങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും, ഉത്കൃഷ്ട ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള പ്രേരണ ചെലുത്തുകയും ചെയ്തിരുന്നു. ജനങ്ങളെ ബോധവല്‍ക്കരിക്കാനും ത്യാഗികളായ വൈദികഗണത്തെ വാര്‍ത്തെടുക്കുന്നതിനുമായി മുപ്പതോളം സ്‌കൂളുകളും അനേകം സെമിനാരികളും അദ്ദേഹം ആരംഭിച്ചു. അനേകായിരങ്ങളെ അദ്ദേഹം വിശ്വാസത്തിലേക്കു തിരികെ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ കുമ്പസാരക്കൂടിനുചുറ്റും മാത്രമല്ല, ദിവ്യബലിയില്‍ സംബന്ധിക്കുന്നതിനും ജനങ്ങള്‍ തിങ്ങിക്കൂടിയിരുന്നു.
ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ക്കു പുറമെ, പീറ്റര്‍ കനീഷ്യസ് കുട്ടികള്‍ ക്കും യുവാക്കള്‍ക്കും പ്രായമായവര്‍ക്കും വേണ്ടി രചിച്ച "ട്രിപ്പിള്‍ കാറ്റക്കിസം" എന്ന പ്രസിദ്ധമായ മതപാഠാവലി അദ്ദേഹത്തിന്റെ കാലത്തുതന്നെ പന്ത്രണ്ടു ഭാഷകളിലായി ഇരുന്നൂറ് പതിപ്പുകള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.
അവസാനത്തെ പതിനേഴു വര്‍ഷക്കാലം പീറ്റര്‍ സ്വിറ്റ്‌സര്‍ലണ്ടിലെ ഫ്രൈബുര്‍ഗ്ഗിലാണു ചെലവഴിച്ചത്. അവിടെവച്ച് 1597 ഡിസംബര്‍ 21 ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു. 1864-ല്‍ വാഴ്ത്തപ്പെട്ടവനും 1925-ല്‍ വിശുദ്ധനും സഭാപാരംഗതനുമായും പ്രഖ്യാപിക്കപ്പെട്ടു.

മറ്റുള്ളവര്‍ക്കു നിങ്ങളെക്കൊണ്ട് ഉപകാരം വേണമെങ്കില്‍, നിങ്ങള്‍ സ്വയം ബുദ്ധിമുട്ടുകള്‍ ഏറ്റെടുക്കണം; മറ്റുള്ളവര്‍ക്കു വെളിച്ചമാകേണ്ട അഗ്നി ആദ്യം നിങ്ങളില്‍ത്തന്നെ ജ്വലിക്കണം.
വി. ഇഗ്നേഷ്യസ് ലയോള

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org