'വിശ്വാസികളുടെ അമ്മ'യെന്ന നിലയില്‍ ക്രിസ്തുവിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്ന മറിയത്തിന്റെ ജീവിതത്തെ വിശേഷിപ്പിക്കുവാന്‍ ഏതെല്ലാം മരിയന്‍ ശീര്‍ഷകങ്ങളാണ് പൊതുവായി ഉപയോഗിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് വത്തിക്കാന്‍ വിശ്വാസകാര്യാലയം ഒരു രേഖ പ്രസിദ്ധീകരിച്ചു. സഹരക്ഷക, മധ്യസ്ഥ, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീര്‍ഷകങ്ങള്‍ ഒഴിവാക്കണമെന്നു രേഖയില്‍ പറയുന്നു. ലിയോ പതിനാലാമന്‍ പാപ്പായാണ് രേഖയ്ക്ക് അംഗീകാരം നല്‍കിയത്. 'മാത്തെര്‍ പോപ്പുളി ഫിദെലിസ്' എന്ന രേഖയില്‍ കാര്യാലയം പ്രിഫെക്റ്റ് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസും, സെക്രട്ടറി മോണ്‍. അര്‍മാന്‍ദോ മത്തേയോയും ഒപ്പുവച്ചിരിക്കുന്നു.
വിശുദ്ധ ഗ്രന്ഥം, സഭാപിതാക്കന്മാര്‍, വേദപാരംഗതന്മാര്‍, പൗരസ്ത്യ പാരമ്പര്യ ഘടകങ്ങള്‍, സമീപകാല പരിശുദ്ധ പിതാക്കന്മാരുടെ ചിന്തകള്‍ എന്നിവയാണ് ഈ രേഖയ്ക്ക് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്. രേഖയില്‍ ചില മരിയന്‍ ശീര്‍ഷകങ്ങളെ വിശകലനം ചെയ്യുകയും, ചില ഉപയോഗങ്ങള്‍ക്കെതിരെ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. വിശ്വാസികളുടെ മാതാവ്, ആത്മീയ അമ്മ, വിശ്വാസജനതയുടെ അമ്മ തുടങ്ങിയ ശീര്‍ഷകങ്ങള്‍ ഉപയോഗിക്കുന്നതിനെ രേഖ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍, സഹരക്ഷക, മധ്യസ്ഥ, എന്നീ ശീര്‍ഷകങ്ങള്‍ യേശുക്രിസ്തുവിനു മാത്രമുള്ളതാണെന്നും, അതിനാല്‍ ഇത്തരം ശീര്‍ഷകങ്ങള്‍, പരിശുദ്ധ മറിയത്തെ വിളിക്കുന്നത് അനുചിതമാണെന്നും രേഖ സൂചിപ്പിക്കുന്നു.
കൃപകളുടെ മാതാവ്, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീര്‍ഷകങ്ങള്‍, ചില അര്‍ഥത്തില്‍ സ്വീകാര്യമെന്നു തോന്നാമെങ്കിലും, ഇവയുടെ അര്‍ഥവിശദീകരണങ്ങള്‍ ഏറെ അപകടസാധ്യതകള്‍ മുമ്പോട്ടു വയ്ക്കുന്നുവെന്നു രേഖയില്‍ പരാമര്‍ശിക്കുന്നു. ചില മരിയന്‍ ശീര്‍ഷകങ്ങള്‍ ശരിയായ വ്യാഖ്യാനത്തിലൂടെ വിശദീകരിക്കാന്‍ കഴിയുമെങ്കിലും, അവ ഒഴിവാക്കുന്നതാണ് നല്ലത്. സഹരക്ഷക എന്ന പദം, സിദ്ധാന്തപരവും അജപാലനപരവും എക്യുമെനിക്കലുമായ കാരണങ്ങളാല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഏഴ് സന്ദര്‍ഭങ്ങളിലെങ്കിലും ഈ ശീര്‍ഷകം ഉപയോഗിച്ചതായി രേഖ ചൂണ്ടിക്കാണിക്കുന്നു.
സഹരക്ഷക എന്ന ശീര്‍ഷകത്തിന്റെ കൃത്യമായ അര്‍ഥം വ്യക്തമല്ല, അതില്‍ അടങ്ങിയിരിക്കുന്ന സിദ്ധാന്തം പക്വതയുള്ളതല്ല... ശീര്‍ഷകങ്ങളില്‍ പ്രകടിപ്പിച്ച ഉപദേശം തിരുവെഴുത്തുകളിലും അപ്പസ്‌തോലിക പാരമ്പര്യത്തിലും എങ്ങനെ ഉണ്ടെന്ന് ഇതുവരെ വ്യക്തമല്ല, എന്നാണ് 1996 ല്‍ കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ വിവരിച്ചിരുന്നത്. ഈ ശീര്‍ഷകം ഉപയോഗിക്കുന്നതിനെതിരെ, ഫ്രാന്‍സിസ് പാപ്പായും മൂന്നു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഈ ശീര്‍ഷകം ക്രിസ്തുവിന്റെ ഏക രക്ഷാധികാര മധ്യസ്ഥതയെ അവ്യക്തമാക്കാന്‍ സാധ്യതയുണ്ടെന്നും രേഖ ചൂണ്ടിക്കാട്ടുന്നു. സാമൂഹികജീവിതത്തിന്റെ ഏറ്റവും വൈവിധ്യമാര്‍ന്ന മേഖലകളില്‍ 'മധ്യസ്ഥത' എന്ന പദത്തിന്റെ വളരെ സാധാരണമായ ഉപയോഗം നിലനില്‍ക്കുന്നുവെങ്കിലും, പരിശുദ്ധ മറിയത്തെ ഈ ശീര്‍ഷകത്തില്‍ അഭിസംബോധന ചെയ്യുന്നത് അനുചിതമാണെന്നു രേഖ എടുത്തു വ്യക്തമാക്കുന്നു.
എല്ലാ കൃപകളുടെയും മധ്യസ്ഥയെന്ന ശീര്‍ഷകവും ഒഴിവാക്കപ്പെടണമെന്നും, ഈ ശീര്‍ഷകം വ്യക്തമായി ദിവ്യ വെളിപാടില്‍ അധിഷ്ഠിതമല്ലെന്നും, അതിനാല്‍ ദൈവശാസ്ത്രപരമായ വിചിന്തനത്തിലും ആത്മീയതയിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും രേഖ ചൂണ്ടിക്കാണിക്കുന്നു.