2025 ലെ ജൂബിലിക്കും, തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പസ്‌തോലിക യാത്രകള്‍ക്കും ശേഷം, വിവിധ രാജ്യങ്ങളിലേക്കുള്ള പുതിയ അപ്പസ്‌തോലിക യാത്രകള്‍ക്കൊരുങ്ങി പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ. അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനി, സ്‌പെയിന്‍, മൊണാക്കോ എന്നീ രാജ്യങ്ങളിലേക്ക് പാപ്പാ അപ്പസ്‌തോലിക യാത്ര നടത്തുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു.
ഈ വര്‍ഷത്തെ അപ്പസ്‌തോലിക യാത്രകളില്‍ ഏറ്റവും ആദ്യത്തേത്, മൊണാക്കോ രാജ്യത്തേക്കുള്ള ഒരു ദിവസം മാത്രം നീണ്ടുനില്‍ക്കുന്നതായിരിക്കും. വലിയ ആഴ്ചയ്ക്ക് മുന്‍പായി, മാര്‍ച്ച് 28-ന് നടക്കുന്ന ഈ യാത്ര, ഫ്രാന്‍സിസ് പാപ്പായ്ക്കും, തുടര്‍ന്ന് ലിയോ പതിനാലാമന്‍ പാപ്പായ്ക്കും രാജ്യത്തെ രാഷ്ട്രീയനേതൃത്വം നല്‍കിയ ക്ഷണത്തിന് മറുപടിയായാണ് നടക്കുക. കത്തോലിക്കാവിശ്വാസം രാജ്യത്തിന്റെ ഔദ്യോഗികമതമായുള്ള യൂറോപ്യന്‍ രാജ്യമാണ് മൊണാക്കോ. സമാധാനത്തിനായുള്ള ശ്രമങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്ന മൊണാക്കോയിലേക്ക് അടുത്തിടെ ആദ്യമായാണ് ഒരു പാപ്പാ യാത്ര ചെയ്യുന്നത്.
2026-ലെ അപ്പസ്‌തോലികയാത്രകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത്, ആഫ്രിക്കയിലെ അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനി എന്നീ രാജ്യങ്ങളിലേക്കുള്ള പത്തു ദിവസങ്ങള്‍ നീളുന്ന യാത്രയാണ്. ഏപ്രില്‍ 13 മുതല്‍ 23 വരെ തീയതികളിലായിരിക്കും ഇത് നടക്കുക. അള്‍ജീരിയയിലെ അള്‍ജീരി, അന്നാബ എന്നിവിടങ്ങളും, കാമറൂണില്‍ യൗണ്ടേ, ബമേണ്ട, ദൂവാല എന്നിവിടങ്ങളും, അംഗോളയില്‍ ലുവാണ്ട, മുക്‌സിമ, സൗരിമോ എന്നിവിടങ്ങളും, ഇക്വറ്റോറിയല്‍ ഗിനിയില്‍ മലാബോ, മോങ്കോമോ, ബാത്ത എന്നിവിടങ്ങളുമാകും പരിശുദ്ധ പിതാവ് സന്ദര്‍ശിക്കുക.
പത്രോസിന്റെ പിന്‍ഗാമിയുമായി ബന്ധമുള്ള വിശുദ്ധ അഗസ്റ്റിന്റെ കാല്‍പ്പാടുകള്‍ പിഞ്ചെന്നുള്ള ഈ യാത്രയില്‍ സമാധാനവും പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഒന്നാണ്. വടക്കന്‍ കാമറൂണില്‍ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കപ്പെടുന്ന ചില ഭാഗങ്ങളില്‍ കഴിഞ്ഞ പത്തുവര്‍ഷങ്ങളോളമായി ആഭ്യന്തരയുദ്ധം തുടരുന്നുണ്ട്. ഈ യാത്രയുടെ അവസാനപാദമായ ഇക്വറ്റോറിയല്‍ ഗിനിയില്‍ സ്പാനിഷ് ഭാഷയാണ് സംസാരിക്കുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്. 1985-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, ആഫ്രിക്കയില്‍ പതിനൊന്ന് ദിവസങ്ങള്‍ കൊണ്ട് ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
2026-ലെ മൂന്നാമത് അപ്പസ്‌തോലിക യാത്ര സ്‌പെയിനിലേക്കുള്ളതാണ്. ജൂണ്‍ ആറ് മുതല്‍ പന്ത്രണ്ട് വരെ തീയതികളിലായി നടക്കുന്ന ഈ യാത്രയില്‍ പാപ്പാ ആദ്യമെത്തുക തലസ്ഥാനമായ മാഡ്രിഡിലായിരിക്കും. തുടര്‍ന്ന്, ബാര്‍സലോണയിലുള്ള തിരുക്കുടുംബദേവാലയത്തിന്റെ ഭാഗമായ ഉയരമേറിയ ഗോപുരം പരിശുദ്ധ പിതാവ് ഉദ്ഘാടനം ചെയ്യും. ഈ ദേവാലയത്തിന്റെ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും, കഴിഞ്ഞ വര്‍ഷം ധന്യനായി പ്രഖ്യാപിക്കപ്പെട്ടതുമായ ആന്റണി ഗൗദിയുടെ മരണത്തിന്റെ നൂറാം വര്‍ഷത്തിലാണ് പരിശുദ്ധ പിതാവ് ഇവിടെയെത്തുന്നത്.
സ്‌പെയിനിലേക്കുള്ള യാത്രയുടെ ഭാഗമായി കാനറി ദ്വീപുകളും പരിശുദ്ധ പിതാവ് സന്ദര്‍ശിക്കും.
കാനറി ദ്വീപുകള്‍ യൂറോപ്പിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തമാണ്. വര്‍ഷം തോറും ആയിരക്കണക്കിന് കപ്പലുകളിലാണ് ആഫ്രിക്കന്‍ പ്രദേശങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ ഇവിടേക്ക് എത്തുന്നത്.