വിശപ്പിനെ യുദ്ധത്തിലെ ഒരു ആയുധമായി ഉപയോഗിക്കുന്നതിനെ മാര്‍പാപ്പ ശക്തമായി അപലപിച്ചു. ലോക ഭക്ഷ്യ കൃഷി സംഘടനയുടെ സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പയുടെ വാക്കുകള്‍. സംഘടന സ്ഥാപിക്കപ്പെട്ടതിന്റെ 80-ാം വാര്‍ഷികമാണ് ഇത്.
വിശപ്പിനെ പരാജയപ്പെടുത്തുന്നതിനുള്ള മാര്‍ഗം ആര്‍ത്തിയോടെ കൂനകൂട്ടുന്നതിലല്ല മറിച്ച് പങ്കുവയ്ക്കുന്നതിലാണ് എന്നു തെളിയിച്ചതാണ് ക്രിസ്തു നടത്തിയ പ്രധാനപ്പെട്ട അദ്ഭുതമെന്ന് നാം മനസ്സിലാക്കണമെന്ന് പാപ്പ പ്രസ്താവിച്ചു.
ആധുനിക യുദ്ധതന്ത്രങ്ങളിലെ ഒരു തന്ത്രമായി പട്ടിണിയെ ബോധപൂര്‍വം ഉപയോഗിക്കുന്നത് ഗുരുതരമായ ഉല്‍ക്കണ്ഠ ഉണര്‍ത്തുന്ന വിഷയമാണ്. യുദ്ധം നടത്തുന്നതിനുള്ള ഏറ്റവും മോശമായ മാര്‍ഗമാണിത്.
സായുധരായ സംഘങ്ങള്‍ കാര്‍ഷിക സംരംഭങ്ങളെ ആക്രമിക്കുന്നതും മാനവിക സഹായങ്ങളെ തടസ്സപ്പെടുത്തുന്നതും പൗരസമൂഹത്തെ പട്ടിണിയിലേക്ക് തള്ളിവിടുന്നതും അപലപനീയമാണ്.
സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കാതെ വരികയും രൂക്ഷമായ വിലക്കയറ്റം ഉണ്ടാവുകയും ചെയ്യുന്നു.
ഇത് ലക്ഷക്കണക്കി നാളുകളെ പട്ടിണിയിലേക്കും ഭക്ഷ്യകാര്യങ്ങളിലെ അരക്ഷിതത്വത്തിലേക്കും നയിക്കുന്നു. ഭക്ഷ്യ ദൗര്‍ലഭ്യം ഉണ്ടാക്കുന്നവരെ നിലയ്ക്കു നിര്‍ത്താനുള്ള നിയമപരവും ധാര്‍മ്മികവുമായ അതിരുകള്‍ അന്താരാഷ്ട്ര സമൂഹം സ്ഥാപിക്കണം - മാര്‍പാപ്പ ആവശ്യപ്പെട്ടു.