ഭരണകൂടങ്ങള്‍ കുടുംബങ്ങളെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ആവശ്യമുള്ളപ്പോള്‍ ഉചിതമായ സഹായം നല്‍കുകയും വേണമെന്ന് ഐക്യരാഷ്ട്രസഭ യിലെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച ആവശ്യപ്പെട്ടു. സമൂഹത്തിന്റെ സ്വാഭാവികവും അടിസ്ഥാനപരവുമായ ഘടകമാണ് കുടുംബം.
സകലരുടെയും പ്രത്യേകിച്ച് കുട്ടികളുടെ ക്ഷേമത്തിന് കുടുംബമാണ് പ്രധാന ഉത്തരവാദി. പൊതുനന്മ കൈവരിക്കാന്‍ ഉള്ള ഉത്തരവാദിത്വം വ്യക്തികള്‍ക്കും ഭരണകൂടത്തിനും ഉണ്ട് - ആര്‍ച്ചു ബിഷപ് വിശദീകരിച്ചു. ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന സാമൂഹിക വികസന കമ്മീഷന്‍ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്പ്.
മനുഷ്യന്റെ അന്തസ്സിനെയും അവന്റെ പ്രയത്‌നങ്ങളെയും ബഹുമാനിക്കേണ്ടത് സാമൂഹിക നീതിക്കും പുരോഗതിക്കും ആവശ്യമാണെന്ന് ആര്‍ച്ചുബിഷപ്പ് പറഞ്ഞു. മനുഷ്യന്റെ അഭിവൃദ്ധിക്ക് ഭക്ഷണം, വെള്ളം, പാര്‍പ്പിടം, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റേണ്ട തുണ്ട്. ഇതിനായി സര്‍ക്കാരുകള്‍ക്കിടയിലും സംഘടനകള്‍ക്കിടയിലും ഫലപ്രദമായ ഏകോപനം ആവശ്യമാണ് - ആര്‍ച്ചുബിഷപ്പ് വിശദീകരിച്ചു.
ആര്‍ക്കും ഒറ്റയ്ക്ക് നിന്നുകൊണ്ട് പൂര്‍ണ്ണമായ വികസനം നേടുവാന്‍ സാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ സാംസ്‌കാരികവും ധാര്‍മ്മികവും ആത്മീയവുമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വ്യക്തികള്‍ക്ക് ആവശ്യമായ ബൗദ്ധിക വിഭവങ്ങളും സ്വാതന്ത്ര്യങ്ങളും നല്‍കുവാന്‍ രാഷ്ട്രീയ സ്ഥാപനങ്ങള്‍ തയ്യാറാകണം.
ദാരിദ്ര്യത്തിന്റെ ഘടനാപരമായ കാരണങ്ങള്‍ പരിഹരിക്കുന്നതിന് ഏവരും പ്രതിജ്ഞാബദ്ധരാകണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടിട്ടുണ്ട്. ദാരിദ്ര്യം, തൊഴിലില്ലായ്മ, സാമൂഹിക ബഹിഷ്‌കരണം എന്നിവ നിരുന്മേഷത്തിലേക്കും നിരാശയിലേക്കും ഏകാന്തതയിലേക്കും നയിക്കുന്നു. അതിനാല്‍ സകലരും ഒരുമിച്ചു നില്‍ക്കേണ്ടത് ഏറെ ആവശ്യമാണ് - ആര്‍ച്ചുബിഷപ്പ് വിശദീകരിച്ചു.