International

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

Sathyadeepam

ആഫ്രിക്കന്‍ രാജ്യമായ സിയാറലിയോണിലെ കത്തോലിക്ക പുരോഹിതന്മാരില്‍ നല്ലൊരു പങ്കും മുസ്ലീം മാതാപിതാക്കള്‍ക്ക് ജനിച്ചു വളര്‍ന്നവരാണ് എന്ന് ബിഷപ്പ് നടാലെ പഗനെല്ലി ചൂണ്ടിക്കാണിക്കുന്നു. സഭ നടത്തുന്ന വിദ്യാലയങ്ങളാണ് ഇവരുടെ മതപരിവര്‍ത്തനങ്ങളുടെയും ദൈവവിളികളുടെയും അടിസ്ഥാനമായി വര്‍ത്തിക്കുന്നത്.

ഇറ്റലിയില്‍ നിന്നുള്ള സേവേറിയന്‍ മിഷനറിമാര്‍ ഏതാനും പതിറ്റാണ്ടുകള്‍ക്കു മുമ്പ് വടക്കന്‍ സിയറലിയോണില്‍ എത്തുമ്പോള്‍ അവിടെ വിദ്യാലയങ്ങള്‍ മിക്കവാറും ഉണ്ടായിരുന്നില്ല. മിഷനറിമാര്‍ ആദ്യം പ്രൈമറി സ്‌കൂളുകളും പിന്നീട് സെക്കന്‍ഡറി സ്‌കൂളുകളും തുടങ്ങി. മിഷനറിമാരുടെ സ്‌കൂളുകളില്‍ പഠിക്കുന്നത് വലിയ അഭിമാന വിഷയമായും മാറി. തങ്ങളുടെ ഗ്രാമങ്ങളില്‍ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ വിവിധ ഗോത്ര തലവന്മാര്‍ മിഷനറിമാരെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ വൈദികരുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പില്‍ക്കാലത്ത് ക്രിസ്തുമതം സ്വീകരിക്കാന്‍ തുടങ്ങി. ഗോത്രവിഭാഗങ്ങളില്‍ മുസ്ലീം മതവിശ്വാസം വ്യാപകമായിരുന്നെങ്കിലും മതം മാറ്റം അവര്‍ വലിയൊരു പ്രശ്‌നമായി കണ്ടില്ല. ഇപ്പോള്‍ 400 ഓളം സ്‌കൂളുകള്‍ ഈ പ്രദേശത്ത് സേവേറിയന്‍ മിഷനറിമാര്‍ നടത്തുന്നുണ്ട്. ഇറ്റാലിയന്‍ മിഷനറിമാര്‍ക്ക് പകരം തദ്ദേശീയ വൈദികര്‍ ചുമതലകള്‍ ഏറ്റെടുത്തു തുടങ്ങി. ഇറ്റാലിയന്‍ മെത്രാനില്‍ നിന്ന് കഴിഞ്ഞവര്‍ഷം മകേനി രൂപതയുടെ ചുമതല ഏറ്റെടുത്ത ബിഷപ്പ് ബോബ് ജോണ്‍ കൊറോമ മുസ്ലീം മാതാപിതാക്കള്‍ക്ക് ജനിച്ച ആളാണ്. നാല് രൂപതകളിലായി 100 ലേറെ വൈദികര്‍ ഇത്തരത്തില്‍ ഉണ്ടെന്ന് മകേനി രൂപതയുടെ മെത്രാനായി വിരമിച്ച ഇറ്റാലിയന്‍ മിഷനറി ആയ ബിഷപ്പ് പാഗനെല്ലി ചൂണ്ടിക്കാട്ടി. പൊതുവേ മുസ്ലീങ്ങളും കത്തോലിക്കരും ഇവിടെ നല്ല ബന്ധത്തിലാണ് കഴിയുന്നതെന്നും മിശ്രവിവാഹങ്ങള്‍ സാധാരണമാണെന്നും ബിഷപ്പ് പറഞ്ഞു.

വിശുദ്ധ അഡിലെയ്ഡ് (999) : ഡിസംബര്‍ 16

വിശുദ്ധ മരിയ ക്രൂസിഫിക്‌സാ ഡി റോസ (1813-1855) : ഡിസംബര്‍ 15

കെ സി ബി സി സമ്മേളനം സമാപിച്ചു

വിശുദ്ധ ജോണ്‍ ഓഫ് ദ ക്രോസ് (1542-1591) : ഡിസംബര്‍ 14

ഇമ്മാനുവലിന്റെ വരവ് കാത്ത്