International

സൈക്ലിംഗ് താരങ്ങള്‍ പാപ്പായെ സന്ദര്‍ശിച്ചു

Sathyadeepam

ലിയോ പതിനാലാമന്‍ പാപ്പാ വത്തിക്കാനില്‍ അന്താരാഷ്ട്ര സൈക്ലിംഗ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. രണ്ട് തവണ യു.സി.ഐ റോഡ് വേള്‍ഡ് ചാമ്പ്യനും, മൂന്ന് തവണ ടൂര്‍ ഡി ഫ്രാന്‍സ് നേടുന്ന ആദ്യ അമേരിക്കക്കാരനു മായ ഗ്രെഗ് ലെമോണ്ട് ഉള്‍പ്പെടെ പുരുഷ-വനിതാ സൈക്ലിംഗിലെ നിലവിലെയും മുന്‍കാലത്തെയും ചാമ്പ്യന്മാര്‍ ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ലോകത്തിലെ ഏറ്റവും ജനപ്രിയവും പ്രിയപ്പെട്ടതു മായ കായിക വിനോദങ്ങളിലൊന്നാണ് സൈക്ലിംഗ് എന്ന് അനുസ്മരിച്ച പരിശുദ്ധ പിതാവ്, മത്സരങ്ങളിലെ വിജയങ്ങളും പരാജയങ്ങളും മനുഷ്യാസ്തിത്വത്തെ രൂപപ്പെടുത്തുന്ന മൂല്യങ്ങളെയും വെല്ലുവിളികളെയും പ്രതിഫലിപ്പിക്കുന്നു എന്ന് പറഞ്ഞു. നഗരത്തിലെ ശബ്ദങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നും അകന്ന്, സൃഷ്ടികളെ ശ്രദ്ധയോടെ ആസ്വദിക്കാന്‍ കഴിയുന്ന നിശബ്ദതയുടെയും ധ്യാനത്തിന്റെയും ഇടങ്ങള്‍ തേടാന്‍ സൈക്ലിംഗ് അവസരങ്ങള്‍ നല്‍കുന്നുവെന്നു പാപ്പാ ചൂണ്ടിക്കാട്ടി. പരിസ്ഥിതിയുമായുള്ള നമ്മുടെ ബന്ധത്തെ ഉല്‍പ്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും കേവലമായ പ്രായോഗിക തലങ്ങളിലേക്ക് മാത്രം ചുരുക്കാന്‍ സാധ്യതയുള്ള ഒരു സമൂഹത്തില്‍, സൈക്കിളിലൂടെയുള്ള എളിയ യാത്ര നമ്മുടെ ആന്തരിക ജീവിതത്തെ പരിപോഷിപ്പിക്കുന്നതിനുള്ള വിലപ്പെട്ട ഒരു മാർഗമായി വര്‍ത്തിക്കും, പാപ്പാ പറഞ്ഞു.

സൈക്കിള്‍ യാത്രികരുടെ മധ്യസ്ഥയായ ഗിസല്ലോയിലെ പരിശുദ്ധ മാതാവിനെയും മാർപാപ്പ അനുസ്മരിച്ചു. സൈക്ലിംഗ് രംഗത്തെ പ്രമുഖരായ പലരും ഗിസല്ലോ ചുരത്തിന്റെ നെറുകയില്‍ സ്ഥിതി ചെയ്യുന്ന ഈ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തി പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുകയും, നന്ദിസൂചകമായി ട്രോഫികള്‍ സമര്‍പ്പിക്കുകയും, വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി മാതാവിന്റെ സംരക്ഷണം തേടുകയും ചെയ്തിട്ടുണ്ട്.

1949 ഒക്ടോബര്‍ 13-ന് പയസ് പന്ത്രണ്ടാമന്‍ പാപ്പാ ഗിസല്ലോയിലെ മാതാവിനെ എല്ലാ സൈക്കിള്‍ യാത്രികരുടെയും മധ്യസ്ഥയായി പ്രഖ്യാപിച്ച കാര്യവും പാപ്പാ ഓര്‍മ്മിപ്പിച്ചു. ബൊളോഞ്ഞായ്ക്ക് സമീപമുള്ള തന്റെ ഗ്രാമത്തിലെ നിവാസികള്‍ക്ക് സൈക്കിളില്‍ കൂദാശകള്‍ എത്തിച്ചുനല്‍കിയിരുന്ന ഇറ്റാലിയന്‍ വൈദികനും രക്തസാക്ഷിയുമായ വാഴ്ത്തപ്പെട്ട ജിയോവാനി ഫോര്‍നാസിനിയെയും പാപ്പാ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സൈക്കിള്‍ ഇന്നും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

സൗന്ദര്യത്തിന്റെ പേരിൽ ആരോഗ്യം ബലികഴിക്കുമ്പോൾ!

സ്‌പെയിനിലെ കത്തോലിക്കാ റാലിക്കു പതിനായിരങ്ങളെത്തി

പേപ്പല്‍ വസതിക്കു പുതിയ ദൈവശാസ്ത്രജ്ഞന്‍

വാഴ്ത്തപ്പെട്ട ജയിംസ് അല്‍ബേരിയോണെ (1884-1971) : നവംബര്‍ 26

സി.ജെ. മാടപ്പാട്ട് അവാര്‍ഡ് അന്തീനാട് ജോസിന്