പേപ്പല്‍ വസതിക്കു പുതിയ ദൈവശാസ്ത്രജ്ഞന്‍

Pope Leo XIII appointed Father Serge-Thomas Bonino, O.P.
Published on: 

പേപ്പല്‍ വസതിയുടെ പുതിയ ദൈവശാസ്ത്രജ്ഞനായി പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സെന്റ് തോമസ് അക്വിനാസിന്റെ പ്രസിഡന്റായ ഫാദര്‍ സെര്‍ജ് - തോമസ് ബോണിനോ ഒ.പി.യെ ലിയോ പതിനാലാമന്‍ പാപ്പ നിയമിച്ചു. പരമ്പരാഗതമായി ഡൊമിനിക്കന്‍ സന്യാസസഭയിലെ (ഓര്‍ഡര്‍ ഓഫ് പ്രീച്ചേഴ്‌സ്) അംഗങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള റോമന്‍ കൂരിയയിലെ ഒരു പദവിയാണ് ‘തിയോളജിയന്‍ ഓഫ് ദി പേപ്പല്‍ ഹൗസ്ഹോള്‍ഡ്’. മാർപാപ്പയോടു ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട് വിശ്വാസപരമായ ഉപദേശങ്ങളും ദൈവശാസ്ത്രപരമായ സഹകരണവും നല്കുകയാണ് ഈ പദവിയുടെ ചുമതല.

2005 മുതല്‍ ഈ പദവി വഹിച്ചിരുന്ന ഫാദര്‍ വോയ്സെക് ഗിയര്‍ട്ടിക്ക്, ഒ.പി.യുടെ പിന്‍ഗാമിയായാണ് 65-കാരനായ ബോണിനോ എത്തുന്നത്. മാപാപ്പയുടെ പ്രസംഗങ്ങളിലെ വിശ്വാസപരമായ ഉള്ളടക്കം പരിശോധിക്കുകയും അതിന്മേല്‍ ഉപദേശം നല്കുകയും ചെയ്യുന്നത് ബോണിനോയുടെ ഉത്തരവാദിത്തങ്ങളില്‍ ഉള്‍പ്പെടുന്നു.

1961-ല്‍ ഫ്രാന്‍സിലെ മാര്‍സെയിലില്‍ ജനിച്ച ബോണിനോ 1982-ല്‍ ഡൊമിനിക്കന്‍ സഭയുടെ നോവിഷ്യേറ്റില്‍ പ്രവേശിക്കുകയും 1988-ല്‍ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. 1992-ല്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ഫ്രിബര്‍ഗ് സര്‍വ്വകലാശാലയില്‍ നിന്ന് ദൈവശാസ്ത്രത്തിലും, 1993-ല്‍ ഫ്രാന്‍സിലെ പോയിറ്റിയേഴ്‌സ് സര്‍വ്വകലാശാലയില്‍ നിന്ന് തത്ത്വചിന്തയിലും ഡോക്ടറേറ്റ് നേടി. 2004 മുതല്‍ 2020 വരെ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനില്‍ ആദ്യം അംഗമായും പിന്നീട് സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചു. 2014 മുതല്‍ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സെന്റ് തോമസ് അക്വിനാസിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയാണ്. ഡോഗ്മാറ്റിക് ദൈവശാസ്ത്രം, തോമിസ്റ്റിക് ചിന്തകള്‍, മധ്യകാല തത്ത്വചിന്തയുടെ ചരിത്രം എന്നിവയിലാണ് അദ്ദേഹത്തിന്റെ അക്കാദമിക് പഠനങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

പരമ്പരാഗത ലത്തീന്‍ കുര്‍ബാനയുടെ ഭക്തര്‍ക്കായി ഫ്രാന്‍സില്‍ വര്‍ഷംതോറും നടക്കുന്ന പാരീസ്-ടു-ചാര്‍ട്രെസ് തീര്‍ത്ഥാടനവേളയില്‍ മെയ് 24-ന് നടന്ന പെന്തക്കുസ്താ ഞായറാഴ്ച കുര്‍ബാനയില്‍ ഇദ്ദേഹം വചനസന്ദേശം നല്കിയിരുന്നു. എന്നിരുന്നാലും, അദ്ദേഹം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ പിന്തുണയ്ക്കുകയും സൊസൈറ്റി ഓഫ് സെന്റ് പയസ് ടെന്‍-ന്റെ (SSPX) ചില നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്യുന്നയാളാണ്.