കാമറൂണിലെ മാംഫെ രൂപതയില്‍ അക്രമികള്‍ ഒരു കത്തോലിക്കാ ദേവാലയം തീയിട്ടു നശിപ്പിക്കുകയും അഞ്ചു വൈദികരെയും ഒരു കന്യാസ്ത്രീയെയും തട്ടിക്കൊണ്ടുപോകുകയും ചെയ്തു. അക്രമങ്ങളെ ശക്തമായി അപലപിച്ച പ്രാദേശിക കത്തോലിക്കാ മെത്രാന്‍ സംഘം വൈദികരെയും കന്യാസ്ത്രീയെയും ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. 2017 മുതല്‍ ആഭ്യന്തരയുദ്ധം അരങ്ങേറുന്ന രാജ്യമാണ് കാമറൂണ്‍. ആയിരകണക്കിനാളുകള്‍ ഇതിനകം കൊല്ലപ്പെടുകയും ലക്ഷങ്ങള്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. അക്രമങ്ങള്‍ ഇതോടെ എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണെന്നും ഇനിയും സഹിക്കാനാവില്ലെന്നും സഭാനേതൃത്വം വ്യക്തമാക്കി.
ക്രൈസ്തവരെയും സഭാനേതൃത്വത്തെയും തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന പ്രവണത ഈയിടെയായി വര്‍ദ്ധിച്ചിട്ടുണ്ടെന്നു മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. പാവപ്പെട്ട ജനങ്ങളുടെ നന്മയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചിരിക്കുന്ന മിഷണറിമാര്‍ക്കെതിരെ ഭീഷണികള്‍ തുടര്‍ച്ചയായി വരുന്നു. കത്തോലിക്കാസഭയ്ക്കു പുറമെ പ്രൊട്ടസ്റ്റന്റ് പള്ളികള്‍ക്കു നേരെയും അക്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. - മെത്രാന്മാര്‍ വിശദീകരിച്ചു.
കാമറൂണില്‍ ഏതാണ്ട് മൂന്നില്‍ രണ്ടു വിഭാഗം ജനങ്ങള്‍ ക്രൈസ്തവരാണ്. മുസ്ലീങ്ങള്‍ മുപ്പതു ശതമാനത്തോളം വരും.