ജെയിംസ് ഐസക്ക്, കുടമാളൂർ
ഓരോ ക്രിസ്ത്യാനിയും മറ്റൊരു ക്രിസ്തു ആയിരിക്കണം. കുറഞ്ഞ പക്ഷം ക്രിസ്തുവചനങ്ങൾ ആദരവോടെ പരിഗണിക്കുന്നവനായിരിക്കണം ക്രിസ്ത്യാനി.
ചില ക്രിസ്തുവചനങ്ങൾ ശ്രദ്ധിക്കാം:
“നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.”
“നിന്നോടു തെറ്റു ചെയ്യുന്നവനോട് ഏഴ് എഴുപതു വട്ടം ക്ഷമിക്കുക.”
“നിന്റെ അകവസ്ത്രം കവർന്നെടുക്കുന്നവനു പുറംകുപ്പായം നല്കുക.”
“നിന്റെ ഒരു കരണത്ത് അടിക്കുന്നവനു മറുകരണവും കാട്ടിക്കൊടുക്കുക.”
ഇനിയുമുണ്ട് മഹത്തായ വചനങ്ങൾ:
“നീ വിരുന്ന് ഒരുക്കുമ്പോൾ ദരിദ്രരെയും മുടന്തരെയും അംഗ വിഹീനരെയും ക്ഷണിക്കുക.” ഈ ക്രിസ്തു വചനങ്ങൾ അതേപടി പാലിക്കുവാൻ നമുക്കു സാധിക്കുമോ?
ഒരു വൈകുന്നേരം ഇടവകയിലെ ഒരു സമ്പന്നവ്യക്തി വലിയ പുഞ്ചിരിയോടെ കടന്നുവന്നു. മുഖപരിചയം തോന്നി എങ്കിലും എനിക്കു ആളെ മനസ്സിലായില്ല. മകന്റെ വിവാഹത്തിനു ക്ഷണിക്കാൻ വന്നതാണ്. വാർദ്ധക്യക്ഷീണം മൂലം പുറത്തെങ്ങും പോകാത്ത ഞാൻ വിവാഹസ്വീകരണത്തിനു വരുകയില്ല, ക്ഷണിച്ചതിനു നന്ദി എന്നു പറഞ്ഞു. ഇടവകയുടെ വലിയ പാരിഷ് ഹാളിൽ അല്ല അല്പം അകലെ വലിയൊരു കൺവെൻഷൻ സെന്ററിലാണ് സ്വീകരണം. അതും രാത്രിയിൽ. ക്യൂവിൽ നിന്നു പ്ലേറ്റിൽ വാങ്ങി ഭക്ഷിക്കുന്ന ബുഫേ. പ്ലേറ്റ് ഒന്നിനു 1000 രൂപ വച്ചു വിലമതിക്കുന്ന ഭക്ഷണം. പകുതിയും വേസ്റ്റ് ബക്കറ്റിൽ പോകുന്നവയാണ്.
ആ വിവാഹസ്വീകരണ രംഗങ്ങൾ മനസ്സിൽ കണ്ടു. ക്ഷണിക്കപ്പെട്ടവർ ഏകദേശം രണ്ടായിരത്തോളം ആളുകൾ വില കൂടിയ വെൽക്കം ഡ്രിംഗ്സ്. സുന്ദരിമാർ ചുവടുവയ്ക്കുന്ന സിനിമാറ്റിക് ഡാൻസ്. ഇവന്റ് മാനേജ്മെന്റ് നിയോഗിച്ച ഒരു സുന്ദരിയുടെ പരസ്യപ്രക്ഷേപണം പോലുള്ള വെൽക്കം അഡ്രസ്. വധൂവരന്മാരുടെ കുടുംബപശ്ചാത്തലം, സാമ്പത്തിക നേട്ടങ്ങൾ ഇവയുടെ വർണ്ണന. വധൂവരന്മാർ ഒന്നിച്ചുള്ള ദീപം തെളിക്കൽ, കേക്കു മുറിക്കൽ, കരിമരുന്നു പ്രയോഗം. ആഘോഷമായ പാനോപചാരം തുടർന്ന് ഏതാനും ചിലരുടെ ആശംസാപ്രസംഗങ്ങൾ.
ക്രൈസ്തവരിൽ വിവിധ വിഭാഗങ്ങൾ ഉണ്ട്. സീറോമലബാർ, ലത്തീൻ കത്തോലിക്കാ തുടങ്ങിയ വിഭാഗങ്ങളുടെ പൊതുചടങ്ങുകളാണ് ഞാൻ വിവരിച്ചത്. പെന്തക്കോസ്തു വിഭാഗങ്ങളിൽ നാലോ അഞ്ചോ സുവിശേഷ പ്രസംഗങ്ങൾ കാണും. ക്നാനായ വിഭാഗങ്ങളിൽ കച്ച തഴുകൽ, നടവിളി, മകുടം ചാർത്തൽ തുടങ്ങി മറ്റു ചടങ്ങുകളും. ഈ പ്രത്യേക ആചാരങ്ങളിൽ ക്രിസ്തു നിർദ്ദേശിച്ച ഏതെങ്കിലും പ്രത്യേക ചടങ്ങ് ഉൾക്കൊള്ളുന്നുണ്ടോ? വിരുന്നിനു വിളിക്കുമ്പോൾ ദരിദ്രരെ ക്ഷണി ക്കുക എന്ന പ്രത്യേക നിർദേശ മെങ്കിലും നാം പാലിക്കുന്നുണ്ടോ! എങ്കിലും നാം ക്രിസ്ത്യാനികൾ!
കല്യാണം വിളിക്കാൻ വന്നയാൾ പോയ ഉടൻ എന്റെ അയൽക്കാരനായ ചാക്കോച്ചൻ കടന്നുവന്നു. ഈ വ്യക്തി ആ സമ്പന്നവ്യക്തിയുടെ തൊട്ട് അയൽക്കാരനാണെങ്കിലും മകന്റെ വിവാഹത്തിനു ക്ഷണിക്കാൻ അയാൾ തയ്യാറായില്ല. കാരണം ചാക്കോച്ചൻ ഒരു സമ്പന്നനായിരുന്നില്ല!