പ്രഥമസ്ഥാനം മനുഷ്യർക്ക്

Top priority for humans
Published on: 
പല തരത്തിൽ മുറിവേറ്റ ഒരു ജനതയുടെ കണ്ണീരൊപ്പുന്ന ഇടയന്റെ കരുതൽ ലാറ്റിൻ അമേരിക്കൻ സന്ദർശനത്തിലുടനീളം പ്രകടമായിരുന്നു.

മനുഷ്യനുവേണ്ടിയാണു സമ്പദ് വ്യവസ്ഥയും സാങ്കേതികപുരോഗതിയും, അല്ലാതെ മനുഷ്യൻ ഇവയ്ക്കു വേണ്ടിയല്ല. മനുഷ്യനായിരിക്കണം സകലതിന്റെയും കേന്ദ്രസ്ഥാനത്ത് എന്ന് ആവർത്തിച്ചു വ്യക്തമാക്കിക്കൊണ്ട് ലിയോ പതിനാലാമൻ പാപ്പായുടെ ലാറ്റിനമേരിക്കൻ പര്യടനം അവസാനിച്ചു. പാപ്പാപദവിയിലെ ഏറ്റവും ദീർഘമായ വിദേശപര്യടനമാണ്, ഗൗരവപൂർണ്ണമായ ഒരു ശസ്ത്രക്രിയയ്ക്കു വിധേയനായശേഷം, അദ്ദേഹം വിജയകരമായി പൂർത്തിയാക്കിയത്. അന്തസ്സിന്റെയും സാഹോദര്യത്തിന്റെയും മരുപ്പച്ചകൾ മാനവലോകത്തിൽ ഇനിയുമേറെ ആവശ്യമാണെന്ന് അവസാന സന്ദർശനകേന്ദ്രമായിരുന്ന പെറുവിലെ വയോജനമന്ദിരത്തിൽ വച്ചു പാപ്പാ പറഞ്ഞു. ആത്മാക്കളെ രക്ഷിക്കുന്നതിനായിട്ടാണ് ശരീരങ്ങളെ പരിചരിക്കുന്നത്, ആത്മാക്കൾക്കാവശ്യം കൃപയുടെ ഔഷധമാണ്, പാപ്പാ വ്യക്തമാക്കി. വയോജനങ്ങൾക്കൊപ്പം കുഞ്ഞുങ്ങളും യുവജനങ്ങളുമെല്ലാം സഭയുടെ ധീരമായ സ്നേഹം അർഹിക്കുന്നുവെന്നോർമ്മിപ്പിക്കാനും പാപ്പാ മറന്നില്ല.

ഉറുഗ്വേയിലും അർജന്റീനയിലും പെറുവിലും പത്തോളം നഗരങ്ങളിൽ, നിരവധി പ്രസംഗങ്ങളിലൂടെ പാപ്പാ കൈമാറിയ സന്ദേശത്തിന്റെ കാതൽ ഈ വാക്കുകളിലുണ്ട്. പെറുവിൽ മിഷനറിയായി പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്തുമായി എത്തിയ പാപ്പായ്ക്ക്, ലാറ്റിനമേരിക്കൻ ജനതയുടെ സ്പന്ദനങ്ങൾ അടുത്തറിയുക പ്രയാസമായിരുന്നില്ല. പല തരത്തിൽ മുറിവേറ്റ ഒരു ജനതയുടെ കണ്ണീരൊപ്പുന്ന ഇടയന്റെ കരുതൽ ഈ സന്ദർശനത്തിലുടനീളം പ്രകടമായിരുന്നു. അതേസമയം, മുറിവുണക്കി മുന്നോട്ടു പോകുന്നതിൽ പൗരസമൂഹത്തിനുള്ള ഉത്തരവാദിത്വങ്ങളെ ഓർമ്മിപ്പിക്കാൻ അദ്ദേഹം മറന്നുമില്ല.

സാമ്പത്തിക അസമത്വവും രാഷ്ട്രീയ അസ്ഥിരതയും പരിസ്ഥിതി ചൂഷണവും കൊണ്ട് വലയുന്ന ലാറ്റിനമേരിക്കൻ മണ്ണിൽ, ‘ദരിദ്രരോടുള്ള പക്ഷംചേരൽ’ എന്ന സഭയുടെ അടിസ്ഥാന ദർശനത്തെ പാപ്പാ പുനഃപ്രകാശിപ്പിച്ചു. ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനും തദ്ദേശീയ ഗോത്രവർഗ്ഗക്കാരുടെ അവകാശങ്ങൾക്കുമായി അദ്ദേഹം ശബ്ദമുയർത്തി. അഴിമതിക്കെതിരെയും സമാധാനത്തിനുവേണ്ടിയും ഭരണാധികാരികളെ ഉണർത്തിയതിലൂടെ, സുവിശേഷം പള്ളികളിലെ പ്രസംഗപീഠങ്ങളിൽ ഒതുങ്ങാനുള്ളതല്ലെന്നും സാമൂഹിക നീതിക്കായുള്ള പോരാട്ടഗീതമാണെന്നും പാപ്പാ വ്യക്തമാക്കി.

സഭയിൽ നിന്നകലുന്നുവെന്ന ആരോപണം നേരിടുന്ന യുവതലമുറയോട് അവരുടെ ഭാഷയിൽ സംവദിച്ചു, തൊഴിലില്ലായ്മയും കുടിയേറ്റവും പോലുള്ള അവരുടെ യഥാർത്ഥ ജീവിതപ്രശ്നങ്ങളെ അഭിസംബോധന ചെയ്തു, സഭയ്ക്കുള്ളിലെ വ്യത്യസ്ത ആശയധാരകളെ ‘സിനഡാലിറ്റി’യിൽ സമന്വയിപ്പിക്കാൻ പാത തെളിച്ചു.

ലാറ്റിനമേരിക്കയിലെ ഏറ്റവും മതേതര സ്വഭാവമുള്ള രാജ്യങ്ങളിലൊന്നായ ഉറുഗ്വേയിൽ, പാപ്പായുടെ സന്ദർശനത്തിനു ലഭിച്ച സ്വീകാര്യത സഭയ്ക്കു പ്രത്യാശ പകരുന്നതാണ്. ഫ്രാൻസിസ് പാപ്പായുടെ നാടായ അർജന്റീനയിൽ ജനലക്ഷങ്ങൾ പുതിയ പാപ്പായെ കാണാനെത്തി. അർജന്റീനിയൻ മണ്ണിലെ ഫ്രാൻസിസ് പാപ്പായുടെ പാദമുദ്രകളെ അനുസ്മരിച്ച ലിയോ പതിനാലാമൻ, വൈവിധ്യത്തിലെ ഐക്യത്തിന്റെയും ജനാധിപത്യമൂല്യങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ചു രാഷ്ട്രീയനേതാക്കൾക്കും പൗരസമൂഹത്തിനും പുതിയ ബോധ്യങ്ങൾ പകർന്നു.

ഏകദേശം രണ്ട് പതിറ്റാണ്ടോളം അഗസ്റ്റീനിയൻ മിഷനറിയായും, പിന്നീട് 2015 മുതൽ 2023 വരെ ചിക്ലായോ രൂപതയുടെ മെത്രാനായും സേവനമനുഷ്ഠിച്ചിട്ടുള്ളതിനാൽ പെറു സന്ദർശനം പാപ്പായ്ക്ക് ഏറെ വൈകാരികപ്രാധാന്യമുള്ളതായിരുന്നു. പാപ്പാപദവിയേറ്റ ശേഷം ചിക്ലായോയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് അദ്ദേഹവും വിശ്വാസികളും ഏറെ കാത്തിരുന്നതുമായിരുന്നു. അവിടെ പ്രാദേശിക വിശ്വാസിസമൂഹവുമായി നടത്തിയ കൂടിക്കാഴ്ചകൾ ഹൃദയസ്പർശിയായി. നാടും വീടും വിട്ടു വിദേശങ്ങളിൽ മിഷണറമാരായി പ്രവർത്തിക്കുന്ന സഭാസന്താനങ്ങൾക്കു പ്രചോദനം പകരുന്നതുമായി സ്വന്തം മിഷൻഭൂമിയിലേക്കുള്ള പാപ്പായുടെ ആ മടക്കയാത്ര.

ആമസോൺ നഗരമായ പുക്കാൽപയിൽ വെച്ച്, തദ്ദേശീയ ഗോത്രവർഗ്ഗക്കാർക്ക് കൂടുതൽ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട പാപ്പാ, വനനശീകരണം, അനധികൃത ഖനനം, മലിനീകരണം തുടങ്ങിയ പരിസ്ഥിതി നാശങ്ങളെ ശക്തമായി അപലപിച്ചു. തങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട പരിസ്ഥിതി പ്രവർത്തകർക്ക് നീതി ലഭിക്കണമെന്നും, അവർക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലിയോ പതിനാലാമൻ പാപ്പാ ലാറ്റിനമേരിക്കയ്ക്കു നൽകിയ സന്ദേശങ്ങൾ ആഗോളസഭയ്ക്കാകെയുള്ളതാണ്, കൂട്ടത്തിൽ കേരളസഭയ്ക്കും. സാമ്പത്തിക പ്രതിസന്ധികളും യുവജനങ്ങളുടെ വിദേശത്തേക്കുള്ള കുടിയേറ്റവും പരിസ്ഥിതി പ്രശ്നങ്ങളും ജനാധിപത്യശോഷണവും മതനിരാസവും സാങ്കേതികവിപ്ലവവും നമുക്കിടയിലും സജീവമാണ്. ഉപരിപ്ലവമായ ആചാരാനുഷ്ഠാനങ്ങൾക്കപ്പുറം, സമൂഹത്തിലെ ഏറ്റവും എളിയവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും ചേർന്നുനിൽക്കാൻ നമ്മുടെ ഇടവക സമൂഹങ്ങൾക്കും സഭാനേതൃത്വത്തിനും സാധിക്കണം. ലാറ്റിനമേരിക്കയിൽ പാപ്പാ തെളിച്ച പ്രത്യാശയുടെ നാളം, നീതിയിലും കരുണയിലും അധിഷ്ഠിതമായ ഒരു സഭാജീവിതം കെട്ടിപ്പടുക്കാൻ നമുക്കും വഴികാട്ടിയാകട്ടെ.