പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍
ക്രിസ്ത്യാനികള്‍, പ്രത്യേകിച്ചു കത്തോലിക്കര്‍ കുഞ്ഞുങ്ങളെ മാമ്മോദീസ മുക്കുമ്പോള്‍ ഒരു വിശുദ്ധന്‍റെ പേരു കൊടുക്കുകയും വീട്ടില്‍ വിളിക്കുന്നതിനുവേണ്ടി മറ്റൊരു വിളിപ്പേരുംകൂടി ചേര്‍ക്കുകയും ചെയ്യുന്നു. അതില്‍ തെറ്റൊന്നുമില്ല. ഇപ്പോള്‍ പൊതു ഉപയോഗത്തിന് ഈ രണ്ടു പേരും കൂടാതെ പിതാവിന്‍റെ പേരുംകൂടി ചേര്‍ത്ത് ഉപയോഗിക്കുന്ന രീതിയാണു കണ്ടുവരുന്നത്. ഇതിന്‍റെ പ്രധാന കാരണം വിസ സംബന്ധിച്ചു ഭാവിയില്‍ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാനാണ്. പക്ഷേ, നമ്മുടെ അച്ചന്മാരും കന്യാസ്ത്രീകളുംപോലും അവരുടെ മാമ്മോദീസ നാമമായ വിശുദ്ധരുടെ പേര് ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അല്ലെങ്കില്‍ ഒഴിവാക്കുന്നു. പണ്ടൊക്കെ തിരുപ്പട്ടം കൊടുക്കുമ്പോഴും കല്യാണം വിളിച്ചു ചെല്ലുമ്പോഴും മനഃസമ്മതത്തിനും കല്യാണത്തിനും സമ്മതം ചോദിക്കുമ്പോഴും മാമ്മോദീസ നാമത്തിലെ വിശുദ്ധരുടെ പേരുകളാണു പറഞ്ഞിരുന്നത്. ഈ അടുത്ത കാലങ്ങളില്‍ അതും ഇല്ലാതായി.
ഈ അടുത്ത ദിവസം ഒരു തിരുനാള്‍ നോട്ടീസില്‍ ഒരു അച്ചന്‍റെ പേരു കണ്ടപ്പോഴാണ് ഇങ്ങനെ സൂചിപ്പിക്കാന്‍ തോന്നിയത്. നമ്മുടെ ബഹുമാനപ്പെട്ട അച്ചന്മാരുടെയും സിസ്റ്റേഴ്സിന്‍റെയും പേരിനൊടൊപ്പം അവരുടെ മാമ്മോദീസ പേരുകൂടി ചേര്‍ത്തു കാണുന്നതാണു വിശ്വാസികള്‍ക്കു സന്തോഷം. ഒരു പള്ളിയില്‍ വി. ഗീവര്‍ഗീസിന്‍റെ തിരുനാളിനോടനുബന്ധിച്ചു വിശുദ്ധന്‍റെ നാമധാരികളെ ആദരിക്കാന്‍ വിളിച്ചപ്പോള്‍ പല കുട്ടികള്‍ക്കും ചെല്ലാന്‍ കഴിഞ്ഞില്ല. കാരണം അവര്‍ക്ക് അവരുടെ മാമ്മോദീസ നാമം അറിയില്ലായിരുന്നു. ഇപ്പോള്‍ ആളുകള്‍ പേരുകള്‍ തേടിപ്പോകുന്നത് പഴയ നിയമത്തിലൂടെ ആണെന്നത് ഒരു പ്രത്യേകതയാണ്. ക്രൈസ്തവര്‍ അവരുടെ വിശ്വാസത്തിന്‍റെ തെളിവായ വിശുദ്ധരുടെ പേരുകള്‍ അവരുടെ പേരിനോടു കൂടി ചേര്‍ത്തുവയ്ക്കുന്നതില്‍ ലജ്ജ കാണിക്കാതിരിക്കുന്നതാണ് അഭികാമ്യം.