Letters

മനുഷ്യര്‍ മൃഗങ്ങളായി മാറുമ്പോള്‍

Sathyadeepam

പി.ജെ. വര്‍ഗീസ് പുത്തന്‍വീട്ടില്‍, കുമ്പളം

ഏറെ വിവാദമുണ്ടാക്കിയ വാളയാര്‍ ഇരട്ട കൊലപാതകം മനുഷ്യമനഃസാക്ഷിയെ ആകെ ഞെട്ടിച്ച ഒന്നാണ്. കൊല ചെയ്തിട്ട് അത് ആത്മഹത്യയാണെന്ന വരുത്തിത്തീര്‍ത്ത് അന്വേഷണം അവസാനിപ്പിച്ച ഭരണകര്‍ത്താക്കള്‍. പൊതുജനങ്ങളുടെയും പത്ര, ദൃശ്യമാധ്യമങ്ങളുടെയും പങ്കാളിത്തംകൊണ്ടു മാത്രം വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ടിട്ടും ഒരു ഒഴുക്കന്‍ മട്ടില്‍ വളരെ ലാഘവത്തോടുകൂടി ഒച്ചിനെപ്പോലെ ഇഴഞ്ഞുനീങ്ങുന്ന നമ്മുടെ സര്‍ക്കാര്‍ നമുക്കെന്തിനാണ്? അനങ്ങാപ്പാറനയം കൈമുതലായി എടുത്തുകൊണ്ടിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ആര്‍ക്കുവേണ്ടിയാണ്?

വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരുടെ അമ്മ ചങ്കു പൊട്ടി കേണപേക്ഷിക്കുകയാണ്. "എന്‍റെ മക്കളെ വച്ചു രാഷ്ട്രീയം കളിക്കരുത് എന്ന്" ഹൃദയം തുളച്ചുകയറുന്ന ആ വാക്കുകള്‍ ആരു കേള്‍ക്കാന്‍? ഹൃദയമുള്ളവര്‍ക്കല്ലേ ഹൃദയത്തിന്‍റെ വേദന അനുഭവപ്പെടുകയുള്ളൂ. ഇവിടെ കോടതികള്‍ക്കും നിയമപാലകര്‍ക്കും സത്യത്തെ നേരിടുന്നതില്‍ പരിമിതികളുണ്ടാകുമ്പോള്‍ രാജ്യത്തെ അനര്‍ത്ഥങ്ങള്‍ കൂടുകയല്ലാതെ കുറഞ്ഞുവരുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകുകയില്ല.

വാളയാറിനു സമമായി പല സംഭവങ്ങളും ഉണ്ടായിട്ടും കുറ്റം ചെയ്തവരെ അവര്‍ അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കാതെ ചെറിയ ശിക്ഷയില്‍ ഒതുക്കിതീര്‍ക്കുന്നതു സമൂഹത്തോടുള്ള ഉത്തരവാദിത്വമില്ലായ്മയാണ്. ഇങ്ങനെ പോയാല്‍ സാധാരണക്കാരന്‍ ഈ രാജ്യത്ത് എങ്ങനെ ജീവിക്കും? എന്തും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പണവും സ്വധീനവുമുള്ളവര്‍ രക്ഷപ്പെടും. പാവപ്പെട്ടവന്‍ എല്ലാം സഹിച്ചു മരിക്കുകയല്ലാതെ യാതൊരു മാറ്റങ്ങളും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ചെയ്യുകയില്ല. ഒത്തുപിടിച്ചാല്‍ വലിയ മലയെയും കീഴടക്കാന്‍ സാധിക്കും എന്ന സത്യം ഏവരും മനസ്സിലാക്കി മുന്നോട്ടു നീങ്ങിയാല്‍ കുറേ മാറ്റങ്ങള്‍ ഉണ്ടാകും. എങ്കിലേ ഇവിടെ എല്ലാ വിഭാഗങ്ങളിലുമുളളവര്‍ക്കു സമാധാനത്തോടുകൂടി ജീവിക്കുവാന്‍ പറ്റൂ.!

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം