Letters

നവദാവീദുമാര്‍ക്കാവശ്യമുണ്ട് നാഥാന്മാരെ

Sathyadeepam

എത്സി തോമസ്, പെരുമാനൂര്‍, കൊച്ചി

സത്യദീപം ലക്കം 23-ല്‍ പ്രസിദ്ധീകരിച്ച "നവദാവീദുമാര്‍ക്കാവശ്യമുണ്ട് നാഥാന്മാരെ" എന്ന പ്രൗഢലേഖനം ഉള്ളടക്കംകൊണ്ടും കാലികപ്രസക്തികൊണ്ടും അങ്ങേയറ്റം അഭിനന്ദനമര്‍ഹിക്കുന്നു. കേരളത്തിലെ കത്തോലിക്കാസഭയില്‍ നടമാടുന്ന തിന്മകള്‍ ഇപ്പോള്‍ മുന്‍കൂട്ടി കണ്ടിട്ടുതന്നെയാണോ ക്രാന്തദര്‍ശിയായ പരി. പിതാവ് ഈ സന്ദേശം എഴുതിയതെന്നു സന്ദേഹിച്ചുപോകും! ജുഗുപ്സാവഹമായ കാര്യങ്ങള്‍ ചെയ്തിട്ട് ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ സ്വന്തം ശുശ്രൂഷകള്‍ തുടര്‍ന്നു നിര്‍വഹിക്കുന്ന, ദൈവത്തെയോ അവിടുത്തെ വിധിയെയോ ഭയപ്പെടാത്ത സമര്‍പ്പിതരെയും അഭിഷിക്തരെയും ഓര്‍ത്തു ലജ്ജിക്കുന്ന വ്രണിതഹൃദയരായ അല്മായ മനസ്സുകളില്‍ ആത്മാഭിമാനത്തിന്‍റെയും പ്രതീക്ഷയുടെയും ശുഭാപ്തിവിശ്വാസത്തിന്‍റെയും പുതുനാമ്പുകള്‍ ഉണര്‍ത്താന്‍ പര്യാപ്തമാണു മാര്‍പാപ്പയുടെ ആത്മാര്‍ത്ഥത നിറഞ്ഞതും സത്യസന്ധവും നിര്‍ഭയവും അസന്ദിഗ്ദ്ധവുമായ ഈ വാക്കുകള്‍.

പിതാക്കന്മാരുടെ തെറ്റുകള്‍ ('നഗ്നത') മൂടിവയ്ക്കുകയാണു വേണ്ടതെന്നു ബൈബിള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ആഹ്വാനം ചെയ്യുന്നവര്‍ തെറ്റുകള്‍ വെളിച്ചത്ത് കൊണ്ടു വരുന്ന മാധ്യമങ്ങളെ മുക്തകണ്ഠം പ്രശംസിക്കുന്ന പാപ്പയുടെ വാക്കുകള്‍ ഒരാവര്‍ത്തികൂടെ വായിച്ചാലും – "ഞാന്‍ മാധ്യമങ്ങള്‍ക്ക് ഊഷ്മളമായി നന്ദി പറയുകയാണ്, ഈ ചെന്നായ്ക്കളെ തുറന്നു കാണിക്കാനും ഇരകള്‍ക്കു ശബ്ദം നല്കാനും അവര്‍ സത്യസന്ധതയോടെയും വസ്തുനിഷ്ഠതയോടെയും ശ്രമിച്ചതിന്."

കേരള കത്തോലിക്കാസഭയില്‍ 'അനുസരണ' വ്രതം അനുഷ്ഠിക്കുവാന്‍ പ്രതിജ്ഞാബദ്ധരായ സമര്‍പ്പിതരും അഭിഷിക്തരും പരിശുദ്ധ പാപ്പയുടെ വാക്കുകള്‍ അനുസരിക്കുവാന്‍ ബാദ്ധ്യസ്ഥരല്ലേ? പാപ്പയുടെ ചിന്തോദ്ദീപകവും സുപ്രധാനവുമായ ഈ ക്രിസ്തുമസ് സന്ദേശം – സത്യദീപം പ്രസിദ്ധീകരിച്ചതുപോലെ പ്രസക്തമായ ഭാഗങ്ങളെങ്കിലും – പള്ളികളില്‍ ഞായറാഴ്ച കുര്‍ബാനമദ്ധ്യേ വായിച്ചിരിക്കണമെന്ന് അനുശാസിക്കാത്തത് എന്തുകൊണ്ട്?

ക്രിസ്മസ് ആഘോഷം നടത്തി കത്തോലിക്ക കോണ്‍ഗ്രസ്സ്

ക്രിസ്മസ് : പുല്ലിന്റെയും മണ്ണിന്റെയും പവിത്രമായ ആഡംബരം

വിശുദ്ധ ജോണ്‍ കാന്റി (1390-1478) : ഡിസംബര്‍ 24

ക്രിസ്മസ് : ലോകത്തിന് വലിയ സന്തോഷത്തിന്റെ സദ്വാർത്ത!

ചേര്‍ത്തലയ്ക്ക് വിസ്മയ കാഴ്ചയായി ക്രിസ്മസ് വിളംബര സന്ദേശ റാലി