Letters

കണ്ണടച്ച് ഇരുട്ടാക്കരുത്

Sathyadeepam

ദേവസ്സിക്കുട്ടി മുളവരിയ്ക്കല്‍, മറ്റൂര്‍

സഭയിലും രൂപതയിലും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അപകടങ്ങളാണ് കുറച്ചു നാളുകളായി എറണാകുളം-അതിരൂപതയില്‍ നിന്നും മറനീക്കി പൊതുസമൂഹത്തിലേക്കും മാധ്യമങ്ങളിലേക്കും പ്രവഹിക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും വലിയ ഗവേഷണമൊന്നും കൂടാതെ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. കെസിബിസിയും സിബിസിഐയും വത്തിക്കാന്‍ നുണ്‍ഷ്യോയും റോമും അവസരത്തിനൊത്തുയര്‍ന്നു ജാഗ്രതയോടെ ഉണര്‍ന്നു പ്രശ്നങ്ങളില്‍ ഇടപെട്ടിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്രത്തോളം വഷളാവുകയില്ലായിരുന്നു. മുന്‍കാല തീരുമാനങ്ങള്‍ കാറ്റില്‍ പറത്തി മെഡിക്കല്‍ കോളജിനെന്ന വ്യാജേന അറുപതു കോടി രൂപ ലോണെടുത്ത് ഇല്ലാത്ത വിലയ്ക്ക് ഭൂമി വാങ്ങുക, കോളജിനുവേണ്ടി മറ്റൂരില്‍ വാങ്ങിയ ഭൂമി അല്പം നഷ്ടം സഹിച്ചായാലും വില്‍ക്കാന്‍ ശ്രമിക്കാതെ എറണാകുളം നഗരത്തിലെ കണ്ണായ ഭൂമികള്‍ വിശ്വാസികള്‍പോലും അറിയാതെ രഹസ്യത്തില്‍ വില്‍ക്കുക, എന്നിട്ട് ആര്‍ക്കും വേണ്ടാത്ത ഭൂമി കോട്ടപ്പടിയിലും ദേവികുളത്തും പോയി വാങ്ങി കടം 85 കോടിയിലേക്ക് ഉയര്‍ത്തുക, കിട്ടുമെന്നു പറഞ്ഞ വിറ്റ ഭൂമികളുടെ പണം രൂപതയ്ക്കു ലഭിക്കാതിരിക്കുക തുടങ്ങിയ ഭീകര കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടവരെ വിശ്വാസികളും ബന്ധപ്പെട്ടവരും ചേരിതിരിഞ്ഞു ന്യായീകരിക്കാനും വെള്ള പൂശാനും സംരക്ഷിക്കാനും ശ്രമിക്കുന്നത് അങ്ങേയറ്റം ലജ്ജാവഹവും നിരുത്തരവാദവും വേദനാജനകവുമാണ്. നാറിയവരെ ചുമന്നാല്‍ ചുമക്കുന്നവരും നാറുമെന്ന വസ്തുത ആരായാലും വിസ്മരിക്കരുത്.

'യേശുവിലാണെന്‍ വിശ്വാസം, കീശയിലാണെന്‍ ആശ്വാസം' എന്ന കുഞ്ഞുണ്ണിമാഷിന്‍റെ വരികള്‍ക്കു ജീവന്‍ നല്കി കോടികള്‍ തട്ടി മുഖം വാടിയവരും കോടിയവരും ചുളിഞ്ഞവരും മുറിഞ്ഞവരും ചേര്‍ന്നുണ്ടാക്കുന്ന തിരുമുറിവുകള്‍ വിശ്വാസികളുടെ മാനം നഷ്ടപ്പെടുത്തുകയും ഉറക്കം കെടുത്തുകയും ചെയ്യുന്നു. സത്യവും ധര്‍മ്മവും നീതിയും ധാര്‍മ്മികതയും മറ്റുള്ളവര്‍ക്ക് ഉപദേശിച്ചു കൊടുക്കുന്നവര്‍ തങ്ങള്‍ക്കിതൊന്നും ബാധകമല്ലെന്ന മട്ടില്‍ പെരുമാറുന്നതു തികച്ചും അസഹനീയമാണ്. ദാവീദ് രാജാവിന്‍റെ മുഖത്തു നോക്കി 'ആ മനഷ്യന്‍ നീ തന്നെ' എന്നു പറഞ്ഞ നാഥാന്‍ പ്രവാചകന്‍റെ നിഷ്പക്ഷതയും ധീരതയുമാണു ശ്ലീഹന്മാരുടെ പിന്‍ഗാമികളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. സത്യം തീരുമാനിക്കപ്പെടേണ്ടതു ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തിലല്ലെന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ പ്രബോധനം അഭിനവ ഇടയന്മാരും വിശ്വാസികളും ബന്ധപ്പെട്ടവരും ഓര്‍ക്കുന്നതു നല്ലതാണ്. ഏതു പ്രതിസന്ധിഘട്ടത്തിലും സഭയെ സഹായിക്കാന്‍ സന്നദ്ധതയും താത്പര്യവും കൂറും കഴിവുമുള്ള റിട്ടയര്‍ ചെയ്ത ന്യായാധിപന്മാരുടെയും ഐഎഎസുകാരുടെയും ഐപിഎസുകാരുടെയും സാമ്പത്തിക വിദഗ്ദ്ധരുടെയും അദ്ധ്യാപക ശ്രേഷ്ഠരുടെയും സമിതി രൂപീകരിച്ചു ഭൂമി ഇടപാടിലെ മുഴുവന്‍ കള്ളത്തരങ്ങളും സത്യങ്ങളും പുറത്തുകൊണ്ടു വരുവാനും സഭയുടെ നഷ്ടപ്പെട്ട വിശ്വാസ്യതയും വിശുദ്ധിയും ചൈതന്യവും വീണ്ടെടുക്കാനും സഭാസിനഡ് അടിയന്തിര ഇടപെടലുകള്‍ നടത്തണം.

നിത്യജീവന്‍ പ്രാപിക്കാന്‍ നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കാന്‍ ധനികനായ യുവാവിനോട് ഉപദേശിച്ച ക്രിസ്തുവിന്‍റെ സഭയില്‍ അതിരൂപതയുടെ സ്വത്തില്‍ ഇടവകജനത്തിന് അവകാശമില്ലെന്നു കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച ഇടയനു കീഴില്‍ ആടുകളത്ര സുരക്ഷിതരാണോ എന്നും സിനഡ് വിചിന്തനം നടത്തണം. പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ടെന്നു ബോദ്ധ്യമായതിന്‍റെ അടിസ്ഥാനത്തില്‍ കോടതി കര്‍ശനമായി പൊലീസിനോട് എഫ്ഐഅര്‍ ഇട്ടു കേസ്സെടുക്കാന്‍ നിര്‍ദ്ദേശിച്ച കേസില്‍ ഒന്നാംപ്രതിയായ ഇടയന്‍ അധികാരക്കസേരയിലും കേസില്ലാത്ത ബഹു. ഇടയന്മാര്‍ പെരുവഴിയിലും നട്ടംതിരിയുന്നതു നീതിയാണോ? ഉചിതമാണോ എന്നും സിനഡ് ഉറക്കെ ചിന്തിക്കണം.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ്

പുതിയ കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കണം: എം. തോമസ് മാത്യു

വിശുദ്ധ ചാള്‍സ് ബൊറോമിയോ (1538-1584) : നവംബര്‍ 4

അപ്നാദേശ് പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം

വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ് (1579-1639) : നവംബര്‍ 3