Letters

ഞായറാഴ്ച പ്രസംഗം

Sathyadeepam

ഞായാറാഴ്ച പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ഫാദര്‍ ലൂക്ക് പൂതൃക്കയിലിന്റെ കത്ത് വായിച്ചു. അച്ചന്‍ പറഞ്ഞ പല കാര്യങ്ങളും ഞായറാഴ്ച പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ടവയല്ല എന്നാണു എനിക്ക് തോന്നുന്നത്. അതെല്ലാം യഥാര്‍ത്ഥ കാര്യങ്ങളിലേക്ക് കടക്കാതെ രക്ഷപെടാനുള്ള വിഷയങ്ങള്‍ മാത്രമാണ്. കത്തോലിക്കാ സഭയുടെ സിദ്ധാന്ത പ്രകാരം ഞായറാഴ്ച പ്രസംഗം എന്ന് പറയുന്നത് പുരോഹിതന്‍ സുവിശേഷം വായിച്ചിട്ട്, അതിന്റെ അര്‍ത്ഥം കൂടുതല്‍ അറിവുള്ളവരോട് ചോദിച്ച് മനസിലാക്കിയിട്ട് അതിനെ വര്‍ത്തമാന കാല ജീവിതവുമായി ബന്ധപ്പെടുത്തി ഇടവകയിലെ ജനത്തോട് സംവദിക്കുക എന്നതാണ്.

അതിനു പ്രധാനമായി വേണ്ടത് ബൈബിള്‍ കാലത്തിനതീതമായി സഞ്ചരിക്കുന്ന സത്യവേദ പുസ്തകമാണെന്ന ബോധ്യമാണ്. ഇടവക ജനങ്ങളില്‍ വിശ്വാസവും പ്രത്യാശയും ജനിപ്പിക്കാന്‍ അത്തരം പ്രസംഗങ്ങള്‍ക്കു കഴിയണം. ഞാന്‍ നാട്ടിലെ (കുറച്ചു നാള്‍ അമേരിക്കയില്‍ ആണ്) ചില അച്ചന്മാരുടെ പ്രസംഗം കേള്‍ക്കാറുണ്ട്. അത് പലപ്പോഴും നല്ല ചിന്തകള്‍ക്ക് അവസരവും നല്‍കുന്നുണ്ട്. അച്ചന്‍ പറഞ്ഞ പല കാര്യങ്ങളും പാരീഷ് കൗണ്‍സിലിലോ, ഫാമി ലി യൂണിയന്‍ മീറ്റിംഗിലോ, ലീജിയന്‍ ഓഫ് മേരിയുടെ മീറ്റിങ്ങിലോ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണ്.

എന്തിനാണ്, എങ്ങിനെയാണ് ഞായറാഴ്ച പ്രസംഗം നടത്തേണ്ടതെന്ന് കാനന്‍ നിയമത്തില്‍ 762 മുതല്‍ 772 വരെയുള്ള ഭാഗത്ത് പൊതുവെയും 767-ല്‍ കൃത്യമായും പറഞ്ഞു വച്ചിട്ടു ണ്ട്. അതൊന്നും വായിക്കാന്‍ പലരും മെനക്കെടുന്നില്ല എന്നതാണ് ദൗര്‍ഭാഗ്യം. ഇതിനെല്ലാം മുകളിലായി വേണ്ടത് ഫ്രാന്‍സീസ് മാര്‍പ്പാപ്പ പറഞ്ഞ ഞായറാഴ്ച പ്രസംഗം 10 മിനിറ്റില്‍ കവിയരുത് മാത്രമല്ല അത് ദൈവവും മനുഷ്യ നുമായുള്ള സംഭാഷണത്തിന്റെ വ്യാഖ്യാനം എന്ന നിലയിലായിരിക്കണം പങ്കുവെക്കേണ്ടത് എന്ന വികാരമാണ്. വികാരിയച്ചന്മാരുടെ സ്‌നേഹപൂര്‍ണവും, സൗഹാര്‍ദ്ദപരവും, മുഖത്ത് പു ഞ്ചിരിയുള്ളതുമായ സമീപനം ഇതിനെല്ലാം മനോഹാരിത സൃഷ്ടിക്കും.

പണപ്പിരിവുകളും, അതിനോട് ചേര്‍ന്നുള്ള വിദ്വേഷ, പരിഹാസ പ്രയോഗങ്ങളും പ്രസംഗങ്ങളില്‍ നിന്നും ഒഴിവാക്കണം. സര്‍ക്കാരുകളില്‍ നിന്നും വാങ്ങുന്ന കാര്യം ഓര്‍പ്പിക്കുമ്പോള്‍ തന്നെ സഭകളുടെ സ്ഥാപനങ്ങളില്‍ വിശ്വാസികള്‍ക്കുള്ള വിഹിതം വാങ്ങിക്കൊടുക്കാനും ശ്രദ്ധയുണ്ടാകണം. ഞങ്ങളുടെ ഇടവകയില്‍ ഇടിമുഴക്കം പോലെ വരുന്ന ഞായറാഴ്ച സുവിശേഷ വ്യാഖ്യാനം കേള്‍ക്കാന്‍ ജനങ്ങള്‍ നേരത്തെ വരുന്ന ഒരു കാലമുണ്ടായിരുന്നു. അതിനു എല്ലാവരും ദൈവം നല്‍കിയിട്ടുള്ള നിയോഗങ്ങള്‍ തിരിച്ചറിയണം. എന്തായാലും ഞായറാഴ്ച പ്രസംഗങ്ങളില്‍ മാറ്റം ഉണ്ടാകണമെന്ന അച്ചന്റെ നിര്‍ദേശം സന്ദര്‍ഭോചിതമാണ്.

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ