Editorial

വേടന്മാര്‍, ഇരകള്‍

Sathyadeepam

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ പ്രശസ്ത വ്യക്തിത്വങ്ങള്‍ വരെ നിയമവിരുദ്ധ ലഹരിവസ്തുക്കളുമായി കേരളത്തില്‍ പിടിയിലാകുന്നു. ഉള്‍ഗ്രാമങ്ങള്‍ മുതല്‍ മെട്രോനഗരങ്ങള്‍ വരെ ലഹരിവ്യാപാരം പൊടിപൊടിക്കുന്നു. അനേകര്‍ ലഹരിക്കടിമകളും രോഗികളുമായി ചികിത്സ തേടുന്നു. ഈ വര്‍ഷം ആദ്യത്തെ രണ്ടു മാസം കേരളത്തില്‍ നടന്ന 30 കൊലപാതകങ്ങളില്‍ പകുതിയും ലഹരിയുപയോഗവുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന വസ്തുത ഭയജനകമാണ്. എന്താണിതിനു പരിഹാരം?

വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയെന്ന ഗായകനെ കഞ്ചാവുമായി അറസ്റ്റ് ചെയ്തു. അതിനു മുമ്പ് ഷൈന്‍ ടോം ചാക്കോ എന്ന നടന്‍ പിടിയിലായി. അയാള്‍ സ്വന്തം ആവശ്യപ്രകാരം ലഹരിവിമോചനചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണത്രെ. സിനിമാ സംവിധായക രായ ഖാലിദ് റഹ്മാന്‍, അഷറഫ് ഹംസ, സമീര്‍ താഹിര്‍ എന്നിവരും സമാനമായ കേസുകളില്‍ നിയമപാലകരുടെ പിടിയിലാകുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തിട്ടുണ്ട്.

വേടന്റെ അറസ്റ്റ് ഇക്കൂട്ടത്തില്‍ വേറിട്ടു നിന്നു. ജാമ്യം കിട്ടാവുന്ന കഞ്ചാവു കേസിനു പുറമെ ഏഴു വര്‍ഷത്തേക്കു തടവു കിട്ടാവുന്നതും ജാമ്യം നിഷേധിക്കപ്പെടാവുന്നതുമായ കേസ് വനംവകുപ്പ് ചുമത്തിയതാണു വിവാദത്തിനു ചൂടേറ്റിയത്. വേടന്‍ കഴുത്തിലണിഞ്ഞിരുന്ന മാലയിലെ പുലിപ്പല്ലു ചൂണ്ടിക്കാട്ടിയാണ് ഇര കണ്ട പുലിയെ പോലെ വനംവകുപ്പ് ദ്രംഷ്ടകള്‍ നീട്ടി പാഞ്ഞെത്തിയത്. ആനുപാതികമല്ലാത്തതും അതുകൊണ്ടു തന്നെ പരിഹാസ്യവുമായ വനംവകുപ്പിന്റെ ഈ അമിതാവേശത്തോട് അരുതെന്നു പറയാന്‍ ഒടുവില്‍ ഭരണനേതൃത്വം തന്നെ രംഗത്തു വന്നു.

വേടന്റെ പാട്ടും പ്രത്യയശാസ്ത്രവും ചര്‍ച്ചയാകാനും ഈ സംഭവങ്ങള്‍ വഴിവച്ചു. റാപ് എന്നു വിളിക്കപ്പെടുന്ന സംഗീതമേഖലയില്‍ മലയാളത്തിന്റെ മേല്‍വിലാസമായി മാറിയ പാട്ടുകാരനാണു വേടന്‍. വേടനു കഴിയുന്ന അളവില്‍ ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിച്ചു വരുത്താനാകുന്ന കലാകാരന്മാര്‍ ഇന്നു കേരളത്തില്‍ വേറെയില്ലെന്ന അറിവിലേക്കു മുതിര്‍ന്ന മലയാളി ഉണര്‍ന്നതും ഇതോടെയാണ്.

ലഹരിവസ്തുക്കളുടെ കാര്യത്തില്‍ ചെറുതും വലുതുമായ എല്ലാ നിയമലംഘനങ്ങളും പിടിക്കപ്പെടണം. ഉപഭോക്താക്കള്‍ മാത്രമല്ല ഉല്‍പാദകരും നിയമത്തിനു മുമ്പില്‍ വരണം. അപ്പോള്‍ ഈ പോരാട്ടം വിജയിക്കുകയും പേരുദോഷം സല്‍പേരായി മാറുകയും ചെയ്യും.

മലയാളം റാപ്പും വേടനും തലമുറഭേദമെന്യേ പരിചിതമാകാന്‍ ഇതെല്ലാം സഹായിച്ചു എന്നും വേണമെങ്കില്‍ പറയാം. സ്‌ക്രീനില്‍ തല പൂഴ്ത്തി ഒറ്റയ്‌ക്കൊറ്റയ്ക്കിരിക്കുന്ന മലയാളി യുവത്വത്തിനു പുറത്തേക്കിറങ്ങാനും ആയിരങ്ങളുടെ ആള്‍ക്കൂട്ടങ്ങളുണ്ടാക്കി ആര്‍ത്തുവിളിക്കാനും സാധിക്കുമെന്ന് ഇന്നു കേരളത്തില്‍ കാണിച്ചുതരുന്നത് വേടന്റെ ഗാനമേളകളത്രെ.

വേടനെതിരായ നിയമനടപടികള്‍, വിശേഷിച്ചും വനംവകുപ്പിന്റേത്, ഒരു വേട്ടയുടെ സ്വഭാവമാര്‍ജിച്ചുവോ എന്നതും അതിന് അയാള്‍ പാടുന്ന പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയും സംഗീതം കാരണമായോ എന്നതും പരിശോധിക്കപ്പെടുന്നതില്‍ തെറ്റില്ല. അടിസ്ഥാനജന വിഭാഗത്തില്‍ നിന്നു വരികയും ചരിത്രപരമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ മനഃസാക്ഷിയുണര്‍ത്തുകയും ചെയ്യുന്ന പാട്ടുകളെയല്ല, പാട്ടുകാരെയുമല്ല, കുറ്റകൃത്യങ്ങളെയാണു നിയമം നേരിടേണ്ടത്. ആ നേരിടല്‍ ഒഴിവാക്കുകയുമരുത്. എത്ര വലിയ പാട്ടുകാരനാണെങ്കിലും സ്ത്രീപീഡനമടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്താല്‍, മാപ്പു ചോദിച്ചും കൊടുത്തുമല്ല, കേസെടുത്തും വിചാരണ ചെയ്തുമാണ് നീതി നടപ്പാക്കേണ്ടത്.

2024-ല്‍ 27,701 കേസുകള്‍ മയക്കുമരുന്നു നിയമത്തിനു കീഴില്‍ കേരളത്തില്‍ എടുത്തിട്ടുള്ളതായാണു കണക്ക്. പഞ്ചാബിലാകട്ടെ ഇത് 9025 മാത്രമാണ്. അതായത് പഞ്ചാബിനേക്കാള്‍ മൂന്നു മടങ്ങു കേസുകള്‍ കേരളത്തില്‍. ഇന്ത്യയില്‍ മയക്കുമരുന്നുപയോഗത്തിന്റെ കേന്ദ്രം പഞ്ചാബാണെന്നാണ് പരമ്പരാഗതമായി പറഞ്ഞുപോരുന്നത് എന്നോര്‍ക്കണം. പക്ഷേ, ഇപ്പോള്‍ ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍, കേരളത്തില്‍ ഒരു ലക്ഷം പേര്‍ക്ക് 78 ലഹരിക്കേസുകളുണ്ടായെങ്കില്‍ പഞ്ചാബിലത് 30 മാത്രം. ഇതേ കാര്യം മുന്‍നിറുത്തി ദേശീയതലത്തില്‍ കേരളത്തിനെതിരെ വലിയ വിദ്വേഷപ്രചാരണവും ആരംഭിച്ചിട്ടുണ്ട്.

കേരളത്തിന്റെ വികസിതലോകസമാനമായ വിദ്യാഭ്യാസ-ആരോഗ്യനേട്ടങ്ങളില്‍ അസൂയ പൂണ്ടവരും മതേതര പുരോഗമന നിലപാടുകളില്‍ അസഹിഷ്ണുക്കളായവരും ഈ സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കാരണം നോക്കി നടക്കുന്നവരാണ്. അവര്‍ ഇതാഘോഷിക്കുന്നതു സ്വാഭാവികം. അതേസമയം, ക്രൈം റെക്കോഡ്‌സില്‍ കേരളത്തില്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതായി കാണുന്നത്, കേരളം ഇതര സംസ്ഥാനങ്ങളെക്കാള്‍ മോശമായതുകൊണ്ടല്ല, മറിച്ച് എല്ലാ ചെറിയ കുറ്റകൃത്യങ്ങളും അഭിസംബോധന ചെയ്യപ്പെടുന്നതുകൊണ്ടാണെന്ന വാദവും കഴമ്പുള്ളതാണ്.

അതെന്തായാലും, ലഹരിവസ്തുക്കളുടെ കാര്യത്തില്‍ ചെറുതും വലുതുമായ എല്ലാ നിയമലംഘനങ്ങളും പിടിക്കപ്പെടണം. ഉപഭോക്താക്കള്‍ മാത്രമല്ല ഉല്‍പാദകരും നിയമത്തിനു മുമ്പില്‍ വരണം. അപ്പോള്‍ ഈ പോരാട്ടം വിജയിക്കുകയും പേരുദോഷം സല്‍പേരായി മാറുകയും ചെയ്യും.

വിശുദ്ധ റെയ്മണ്ട് നൊണ്ണാത്തൂസ്‌ (1204-1240) : ആഗസ്റ്റ് 31

ടാഗോര്‍ സ്മൃതി മാധ്യമപുരസ്‌കാരം സിജോ പൈനാടത്തിന്

നേത്രദാന വിളംബര റാലി വോക്കത്തോൺ  2025

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]

ചിരിക്കാൻ മറന്നവർ