Editorial

സാമ്യമകന്ന യാക്കോബിന്റെ കിണര്‍

Sathyadeepam

തൂങ്കുഴിയെന്നാല്‍, ആഴമേറിയ കുഴി, അതായതു കിണര്‍. ജേക്കബ് തൂങ്കുഴിയെന്നാല്‍ യാക്കോബിന്റെ കിണര്‍ എന്നാണര്‍ഥം, തൂങ്കുഴിപ്പിതാവ് തൃശ്ശൂര്‍ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റശേഷം നടത്തിയ സ്വീകരണസമ്മേളനത്തില്‍ ഷെവലിയര്‍ എന്‍ എ ഔസേഫ് പറഞ്ഞു. ഔസേഫ് മാഷിന്റെ പ്രയോഗം ഓര്‍മ്മിപ്പിച്ചുകൊണ്ട്, മറുപടിപ്രസംഗത്തില്‍ തൂങ്കുഴിപ്പിതാവു പറഞ്ഞു, ഒരു കാര്യത്തില്‍ മാത്രമേ എന്നെയും കുണ്ടുകുളം പിതാവിനെയും താരതമ്യപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. പിതാവ് കുളമാണെങ്കില്‍ ഞാന്‍ കിണറാണ്. വേറൊരു സാമ്യവും ഞങ്ങള്‍ തമ്മിലില്ല!

താമരശേരിയില്‍ നിന്നു തൃശ്ശൂരിലേക്ക് സ്ഥലം മാറ്റി നിയമിക്കപ്പെട്ടപ്പോള്‍ ആര്‍ച്ചുബിഷപ് ജേക്കബ് തൂങ്കുഴി ആശങ്കാകുലനായിരുന്നു. തൃശ്ശൂരിലെ നിയമനം സ്വീകരിക്കുന്നതിന് തനിക്കുള്ള ഏതാനും തടസ്സങ്ങള്‍ നുണ്‍ഷ്യോക്ക് എഴുതിയിരുന്നതായി ആദ്യസമ്മേളനത്തില്‍ തന്നെ അദ്ദേഹം വെളിപ്പെടുത്തി. അവയില്‍ ഒരെണ്ണം മാത്രം അദ്ദേഹം അവിടെ പരസ്യമായി പറഞ്ഞു. കുണ്ടുകുളം പിതാവിന്റെ പിന്‍ഗാമിയായി പോകാനുള്ള പ്രയാസമായിരുന്നു അത്.

''അതിന്റെ കാരണം പിതാവിനോടുള്ള സ്‌നേഹക്കുറവല്ല. മറിച്ച്, സ്‌നേഹക്കൂടുതലാണ്. ഇത്രയധികം സിദ്ധികളുള്ള ഒരു നേതാവിന്റെ പുറകെ ഞാന്‍ പോയാല്‍ ശരിയാവില്ല. അതുകൊണ്ട് പറ്റുമെങ്കില്‍ അത് പരിഗണിക്കണം എന്ന് ഞാന്‍ അപേക്ഷിച്ചു. പക്ഷേ പരിഗണന കിട്ടിയില്ല.''

പാലായില്‍ ജനിച്ച്, തലശ്ശേരിയില്‍ പുരോഹിതനായി, മാനന്തവാടിയെ പടുത്തുയര്‍ത്തി, താമരശ്ശേരിയെ ചേര്‍ത്തുപിടിച്ച്, തൃശ്ശൂരിന്റെ തലപ്പൊക്കമായി മാറിയ തൂങ്കുഴി പിതാവ് കോഴിക്കോട്ടെ സ്‌നേഹഭവനത്തില്‍ നിത്യനിദ്രയുടെ തീരമണഞ്ഞിരിക്കുന്നു.

കുണ്ടുകുളം പിതാവിന്റെ പിന്‍ഗാമിയാകാനുള്ള ബുദ്ധിമുട്ട് ഒരു കഥയിലൂടെ അദ്ദേഹം വിശദീകരിച്ചു: മഴ നനഞ്ഞ മണ്ണിലൂടെ നടന്നു പോകുന്ന ഒരു മനുഷ്യന്‍. അയാളുടെ പാദങ്ങള്‍ മണ്ണില്‍ പതിയുന്നുണ്ട്. കൊച്ചുകുട്ടിയായ മകന്‍ ഇത് കൗതുകത്തോടെ കണ്ടു നില്‍ക്കുന്നു. അപ്പോള്‍ അവനു തോന്നി, അപ്പന്റെ കാല്‍പാദങ്ങളിലൂടെ തന്നെ ചവിട്ടി അങ്ങ് പോയാലെന്താ? അവനതിന് പരിശ്രമിച്ചു. പക്ഷേ നടന്നു നോക്കിയപ്പോള്‍ അവന്റെ കാലത്തുന്നില്ല. അങ്ങനെ അവന്‍ ചാടിച്ചാടി പോകുകയാണ്. ഞാനിപ്പോള്‍ ഈ അപ്പന്റെ കാല്‍പ്പാടുകളിലൂടെയാണ് പോകേണ്ടത്. ഞാന്‍ ചാടിയാലൊട്ട് എത്താനും പോകുന്നില്ല.

പാവങ്ങളുടെ പിതാവ് എന്ന അഭിധാനത്താല്‍ അറിയപ്പെട്ടിരുന്ന കുണ്ടുകുളം പിതാവിനോട് ആ പ്രസംഗത്തില്‍ തൂങ്കുഴിപ്പിതാവ് അഭ്യര്‍ഥിച്ചു, ''ഇന്നത്തെ ഈ പരിതസ്ഥിതിയില്‍ ഏറ്റവും വലിയ പാവം ഞാന്‍ തന്നെയാണ്. അതുകൊണ്ട് പിതാവ് ദയവായി എന്റെ പിതാവായിട്ടിരിക്കണം.''

അപ്പസ്‌തോല പ്രവര്‍ത്തനങ്ങളുടെ പതിനാറാം അധ്യായത്തില്‍ പറയുന്ന വിശുദ്ധ പൗലോസിന്റെ അനുഭവം പിതാവ് ഉദ്ധരിച്ചു. ''പൗലോസ് ശ്ലീഹാ സുവിശേഷപ്രഘോഷണത്തിനായി ഏഷ്യയിലേക്ക് പോകാന്‍ ആഗ്രഹിച്ചു, പക്ഷേ പരിശുദ്ധാത്മാവ് അവിടെ പോകരുതെന്ന് വിലക്കി, അങ്ങനെയാണെങ്കില്‍ മിഥീനിയായിലേക്ക് പോകാം എന്ന് വിചാരിച്ചു, ചെന്നപ്പോള്‍ അവിടെയും വേണ്ടെന്ന് പരിശുദ്ധാത്മാവ് പറഞ്ഞു. ഇനിയെങ്ങോട്ടാണു പോകേണ്ടതെന്നറിയാതെ അദ്ദേഹം കിടന്നുറങ്ങി. ഉറക്കത്തില്‍ ഒരു സ്വപ്നം കണ്ടു. മാസിഡോണിയക്കാരനായ ഒരാള്‍ ചെല്ലാന്‍ പറയുന്നു. അപ്പോള്‍ പൗലോസിനു മനസ്സിലായി, പരിശുദ്ധാത്മാവ് അങ്ങോട്ടാണ് വിളിക്കുന്നത്. പൗലോസ് മാസിഡോണിയായില്‍ പോയി പ്രസംഗിച്ചു. ഇതുപോലെ ഞാന്‍ മാനന്തവാടിയില്‍ ചെന്നു, കുറച്ചു കഴിഞ്ഞപ്പോള്‍ പരിശുദ്ധാത്മാവ് അവിടെനിന്നു പോകാന്‍ പറഞ്ഞു. ഞാന്‍ താമരശ്ശേരിയിലേക്ക് പോയി, അവിടുന്ന് പെട്ടെന്നുതന്നെ എന്നെ ഓടിച്ചു. അവസാനം എനിക്ക് കിട്ടിയ മാസിഡോണിയയാണ് തൃശ്ശൂര്‍.''

പത്രോസ് ശ്ലീഹായോടു കര്‍ത്താവു പറഞ്ഞതും തൂങ്കുഴിപ്പിതാവ് ഉദ്ധരിച്ചു, ''നിനക്ക് പ്രായമാകുമ്പോള്‍ നീ കൈകള്‍ നീട്ടും. മറ്റാരെങ്കിലും നിന്റെ അര മുറുക്കും. ഞാന്‍ രാവിലെ എഴുന്നേറ്റ് വസ്ത്രം ധരിച്ചു പുറത്തുപോകുന്നു. വേറെ ആരെങ്കിലുമാണ് എന്റെ അര മുറുക്കുന്നതെങ്കില്‍ അവര്‍ പറയുന്നിടത്തു പോകേണ്ടിവരും. ഞാന്‍ കൈനീട്ടി കൊടുക്കുകയാണ്. കര്‍ത്താവ് എന്റെ അര മുറുക്കിയാല്‍ മതിയായിരുന്നു. ഇഷ്ടമുള്ളിടത്തേക്ക് എന്നെ കൊണ്ടുപോകട്ടെ. ഇപ്പോള്‍ ഇങ്ങോട്ട് കൊണ്ടുവന്നിരിക്കുകയാണ്. എനിക്ക് പേടിയായിരുന്നു. ഞാന്‍ പുറത്തുനിന്നുള്ള ഒരു മനുഷ്യന്‍, നാട്ടുമ്പുറത്തുകാരന്‍. നിങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു.''

തൃശ്ശൂര്‍, സ്വന്തം പിതാവായി അഗാധമായ സ്‌നേഹാദരവുകളോടെ അദ്ദേഹത്തെ സ്വഹൃദയങ്ങളില്‍ കുടിയിരുത്തി. അദ്ദേഹമാകട്ടെ സാംസ്‌കാരിക തലസ്ഥാനത്തിന്റെ സവിശേഷതകളുമായി അനുരൂപണപ്പെട്ടു. അന്ത്യനിമിഷംവരെ ആ മണ്ണില്‍ ജീവിച്ച് തൃശ്ശൂരിന്റെ സ്‌നേഹത്തെ അദ്ദേഹം അംഗീകരിച്ചു.

നര്‍മ്മഭാസുരമെങ്കിലും സുവ്യക്തവും കനിവിറ്റുന്നതെങ്കിലും കരുത്തുറ്റതുമായ ഈ വാക്കുകളില്‍, മറ്റെല്ലായ്‌പ്പോഴുമെന്നപോലെ തൂങ്കുഴിപ്പിതാവ് പ്രകാശിപ്പിച്ചത്, സഭാഗതിയെ സംബന്ധിച്ച തന്റെ നിലപാടുകളായിരുന്നു. അതിലദ്ദേഹം സൂചിപ്പിച്ച ആകുലതകളും ആലോചനകളും പല രൂപങ്ങളില്‍ ചരിത്രത്തിന്റെ അരങ്ങില്‍ അവതീര്‍ണ്ണമായതും നാം കണ്ടു. സഭയുടെ, രൂപതകളുടെ അര മുറുക്കുന്നതാരാണ്, കൊണ്ടുപോകുന്നതെങ്ങോട്ടാണ്? കാലം ഉത്തരമേകട്ടെ.

വിശ്രമജീവിതത്തിനൊടുവില്‍, വാര്‍ധക്യത്തിന്റെ നിറവിലെത്തിയപ്പോഴും നിര്‍ണ്ണായകസന്ദര്‍ഭങ്ങളില്‍ പ്രവാചകശബ്ദമാകാന്‍ തൂങ്കുഴിപ്പിതാവ് മടിയോ പേടിയോ കാണിച്ചില്ല. സൗമ്യവും ആര്‍ദ്രവുമായിരുന്നു, ദൃഢവും ധീരവുമെന്നപോലെ ആ ശബ്ദമെന്നു മാത്രം.

പാലായില്‍ ജനിച്ച്, തലശ്ശേരിയില്‍ പുരോഹിതനായി, മാനന്തവാടിയെ പടുത്തുയര്‍ത്തി, താമരശ്ശേരിയെ ചേര്‍ത്തുപിടിച്ച്, തൃശ്ശൂരിന്റെ തലപ്പൊക്കമായി മാറിയ തൂങ്കുഴി പിതാവ് കോഴിക്കോട്ടെ സ്‌നേഹഭവനത്തില്‍ നിത്യനിദ്രയുടെ തീരമണഞ്ഞിരിക്കുന്നു. സീറോമലബാര്‍സഭയ്ക്കും ഭാരത ക്രൈസ്തവസഭയ്ക്കാകെയും അഭിമാനവും മാതൃകയും പകര്‍ന്ന ഒരു മേല്‍പ്പട്ട ജീവിതം. ഓര്‍മ്മകളുടെ വിളക്കുമാടം അണയുകയില്ല.

കൊച്ചിയിലെ കപ്പലൊച്ചകൾ [07]

ഉല്‍പത്തി

നിലപാടുതറയില്‍ ജീവിച്ച തൂങ്കുഴിപിതാവ്

വചനമനസ്‌കാരം: No.188

കുടുംബം സഭയ്ക്കുള്ള ദാനവും ചുമതലയും - ലിയോ മാര്‍പാപ്പ