പ്ലാസ്റ്റിക് സർജറി രംഗത്ത് 'മാർ-അ-ലാഗോ' ഫേസ് എന്ന് വിളിക്കപ്പെടുന്ന ഒരു കോസ്മെറ്റിക് തരംഗം ഉണ്ട്. എപ്പോഴും 35 വയസ്സ് പ്രായം തോന്നിക്കുന്ന മുഖം. ദൃഢമായ താടിയെല്ലുകൾ, റേസർ പോലെ മൂർച്ചയുള്ള കവിളെല്ലുകൾ, പാവയുടേത് എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ചുണ്ടുകൾ എന്നിവയാണ് സർജറിയുടെ ഫലം. ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിയുന്ന ഈ മുഖം ഇപ്പോൾ നവകാല സൗന്ദര്യ രൂപമായി മാറിയിരിക്കുന്നു.
തലമുടിയിലെ നരയ്ക്കും ചർമ്മത്തിലെ ചുളിവിനും പ്രായത്തിനും വർദ്ധക്യത്തിനും മരണത്തിനും അർഥം കാണാൻ പ്രയാസപ്പെടുന്ന ഒരാൾ നമ്മളിലുണ്ടോ?
നമ്മുടെ ഫോൺ, കമ്പ്യൂട്ടർ, ടാബ്ലറ്റ് തുടങ്ങിയവ ചില ആപ്പുകൾ വച്ച് നാം ഒപ്ടിമൈസ് ചെയ്യാറുണ്ട്. അത് ചെയ്യുമ്പോൾ ആ ഉപകരണത്തിന്റെ 'ലാഗ്'കൾ ഒക്കെ പരിഹരിച്ച് ഉപകരണം പൂർവാധികം, അതിന്റെ പരമാവധി ഉപയോഗപ്പെടുത്താൻ സാധിക്കാറുണ്ട്. നമ്മുടെ ശരീരം നമ്മുടെ ആവശ്യം അനുസരിച്ച് ഒപ്ടിമൈസ് ചെയ്ത് മാറ്റം വരുത്തി ഉപയോഗിക്കാൻ തക്ക ഒന്നാണോ? ചോദ്യം വത്തിക്കാൻ ഇന്റർനാഷനൽ തിയോളജിക്കൽ കമ്മീഷന്റേതാണ്.
ലിയോ മാർപാപ്പ അംഗീകരിച്ച് മാർച്ച് 4 നു പുറത്തിറങ്ങിയിരിക്കുന്ന 164 ഖണ്ഡികകളുള്ള ഈ രേഖയുടെ പേര് 'മനുഷ്യകുലം എങ്ങോട്ടേക്കാണ് പോകുന്നത്?' (Quo Vadis Humanitas?) എന്നാണ്. ട്രാൻസ് ഹ്യൂമനിസത്തിന്റെയും പോസ്റ്റ് ഹ്യൂമനിസ ത്തിന്റെയും ആർട്ടിഫിഷൽ ഇന്റലിജൻസിന്റെയും പശ്ചാത്തല ത്തിൽ മനുഷ്യൻ അവനെ തന്നെ പുതുക്കി പണിയുന്നതിനെ ക്കുറിച്ചു ശ്രദ്ധേയമായ നിരീക്ഷണങ്ങൾ ഉള്ളതാണ് ക്രിസ്ത്യൻ ആന്ത്രോപോളജി അടിസ്ഥാനമാക്കിയുള്ള ഈ രേഖ.
ബോട്ടക്സ് ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുന്നതും ലുക്സ് മാക്സിങ് ശൈലി വർദ്ധിച്ചു വരുന്നതും വൈദ്യശാസ്ത്രപരമായ ആവശ്യങ്ങൾക്കല്ലാതെ സൗന്ദര്യ സംരക്ഷണത്തിനു വേണ്ടി മാത്രം അമിതമായി ഭാരം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ അന്വേഷിക്കുന്നതും പൊതുജീവിതത്തിൽ കൂടുതൽ തിളങ്ങാൻ ശസ്ത്രക്രിയകളിലൂടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നത് സാധാരണമായി മാറുന്നതും സോഷ്യൽ മീഡിയയിലൂടെ പടരുന്ന ഒരു സംസ്കാരമാണെങ്കിലും അതിലൊരു ദാർശനിക പ്രതിസന്ധി ഒളിഞ്ഞിരിപ്പുണ്ട്. തന്റെ സ്വപ്ന സങ്കൽപ്പത്തിലുള്ള ഒരു ആദർശ ശരീരത്തെ നിരന്തരം വാഴ്ത്തുകയും അതിനായി ഏതറ്റം വരെയും പായുകയും ചെയ്യുന്ന ഒരു മനുഷ്യമനസ്സ് അതിലൊളിഞ്ഞിരിക്കുന്നു.
ഈ ഓട്ടത്തിൽ സ്വന്തം ശരീരത്തെ, അതിന്റെ ദുർബലതകളെ മനുഷ്യൻ ഒരിക്കലും സ്നേഹിക്കുന്നില്ല. കാരണം അത് നമുക്ക് പരിമിതികളുടെയും ക്ഷീണത്തിന്റെയും വാർദ്ധക്യത്തിന്റെയും ഉറവിടമാണ്. മനുഷ്യനായിരിക്കുക/അവന്റെ പരിമിതികളിൽ ആയിരിക്കുക എന്നതിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം! നരക്കും ചുളിവിനും പ്രായത്തിനും വർദ്ധക്യത്തിനും മരണത്തിനും അർഥം കാണാൻ പ്രയാസപ്പെടുന്ന ഒരാൾ നമ്മളിലുണ്ടോ? നിങ്ങളുടെ മുഖത്തെ ചുളിവുകൾ ഒരു പോരായ്മ അല്ല എന്ന്, നിങ്ങളുടെ ശരീരം പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നം അല്ല എന്ന്, നിങ്ങളുടെ ക്ഷീണവും വേദനയും മുറിവും രോഗവും നിങ്ങളെ മർത്യനായിട്ടു (മരിക്കുന്നവൻ) സൃഷ്ടിച്ചതിന്റെ അടയാളമാണെന്ന്, കുറവുകളിലും വേദനയിലും ശൂന്യതയിലും മരണത്തിലും ആണ് ദൈവകൃപയുമായുള്ള സമാഗമം ആരംഭിക്കുന്നത് എന്ന് മനുഷ്യൻ തിരിച്ചറിയേണ്ടതുണ്ട്. മനുഷ്യരാശിയുടെ ഭാവി നിശ്ചയിക്കപ്പെടുന്നത് ബയോ സോഷ്യൽ എൻജിനീയറിങ്ങിലോ ലബോറട്ടറികളിലോ അല്ല, വർത്തമാനകാല പ്രതിസന്ധികളെ ദൈവ കരം പിടിച്ചു നേരിടാനുള്ള കഴിവിലാണ്.
തിയോളജിക്കൽ കമ്മീഷന്റെ വിമർശനങ്ങൾ കോസ്മെറ്റിക് സർജറികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. അത് മനുഷ്യനെ പുനർ നിർമ്മിക്കാം എന്ന് വാഗ്ദാനം ചെയ്യുന്ന എല്ലാ സാങ്കേതിക വിദ്യകൾക്കും നേരെയാണ്. ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്ന മരുന്നുകൾ മുതൽ തലച്ചോറിലെ ന്യൂറൽ ഇംപ്ലാന്റുകൾ, നിർമ്മിത ബുദ്ധി സംവിധാനങ്ങൾ, ന്യൂറോ സയൻസ് മുന്നേറ്റങ്ങൾ, ഡിഎൻഎ മാപ്പിംഗ്, ഫാർമകോളജി, വരെ അതിൽ ഉൾപ്പെടുന്നു. ഇവയൊക്കെ ശരീരത്തെക്കുറിച്ച് തീർത്തും വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. ശരീരത്തെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് മാറ്റം വരുത്താനും അതിനെ വെറും ഒരു ജൈവ വസ്തു ആയി കണ്ടു പെരുമാറാനുമുള്ള ധാർമ്മികാവകാശത്തെക്കുറിച്ചാണ് ചോദ്യം.
ഇന്ന് എ ഐ സഹായത്തോടെ അൽഗോരിതങ്ങൾ രോഗിക്ക് വൈദ്യസഹായം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നുണ്ട്. ബാങ്ക് ലോണുകളോ പണവായ്പകളോ ഇൻഷുറൻസോ അനുവദിക്കുമ്പോഴും അവനെ സംബന്ധിച്ചുള്ള ഡാറ്റകളുടെ അൽഗഗോരിതങ്ങളാണ് ബാങ്കുകൾക്ക് മധ്യസ്ഥരാകുന്നത്. കോടതികളിൽ ക്രിമിനൽ കേസുകളിൽ പോലും വിധി പറയുമ്പോഴോ സൈനിക ആക്രമണങ്ങളുടെ ഗ്രാവിറ്റി തീരുമാനിക്കുമ്പോഴോ ബന്ധപ്പെട്ട മനുഷ്യരെ സംബന്ധിച്ച അൽഗൊരിതങ്ങളുടെ യുക്തി ഇന്ന് പ്രധാനമാകുന്നുണ്ട്.
യന്ത്രം മനുഷ്യനെ വായിക്കുകയും നിരീക്ഷിക്കുകയും അവന്റെ ജീവിതത്തിലെ നിർണ്ണായക തീരുമാനങ്ങൾ എടുക്കുകയും വേണമെങ്കിൽ അവനെ പുനഃനിർമ്മിക്കുകയും ചെയ്യുമ്പോൾ എന്ത് സംഭവിക്കും? സാങ്കേതികവിദ്യ ദൈവതുല്യനാകും (Virtual God)! ഇവിടെ അവന്റെ ജീവന് അടിസ്ഥാനപരമായി എന്തുമാത്രം വിലയുണ്ട്! അവന്റെ വികാരങ്ങളെയോ, സ്വയം തിരുത്താനുള്ള അവന്റെ ആഗ്രഹങ്ങളെയോ സ്കാൻ ചെയ്യാനോ വ്യക്തിപരമായ അനുഭവങ്ങളെ വിശകലനം ചെയ്യാനോ സാധിക്കാത്ത സാങ്കേതികവിദ്യയ്ക്ക് അവനോട് എന്തുമാത്രം നീതി പുലർത്താൻ സാധിക്കും? മനുഷ്യൻ പൂരണമായും ഡാറ്റയും ശരീരം വിശകലനം ചെയ്യേണ്ട കണക്കും മാത്രമാകുന്ന ഭാവിയിൽ നിന്ന് അവന് എന്തു പ്രതീക്ഷിക്കാം? അർത്ഥങ്ങൾ തേടിയുള്ള അവന്റെ ജീവിതത്തിനോ, കൂട്ട് തേടുന്ന അവന്റെ അസ്തിത്വത്തിനൊ, രക്ഷ തേടുന്ന അവന്റെ ആത്മാവിനോ ഒപ്പം പോകാൻ ഏതു സാങ്കേതികവിദ്യയ്ക്ക് സാധിക്കും? ഹൃദയം കൊണ്ടുള്ള നിരീക്ഷണങ്ങൾ, കരുണ കൊണ്ടുള്ള നോട്ടങ്ങൾ, ജ്ഞാനപൂർണമായ വിധി തീർപ്പുകൾ ഒക്കെ അവന് എന്തുമാത്രം അകലെ ആണ്?
ക്വൊ വാദിസ് ഹുമാനിറ്റാസ്?