വലേറിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് സിക്സ്റ്റസ് രണ്ടാമന്‍ പാപ്പാ രക്തസാക്ഷിയായി. അദ്ദേഹത്തിന്റെ പ്രധാന സഹായി ആയിരുന്ന ഡീക്കനായ ലോറന്‍സിനോട് സഭയുടെ സ്വത്തുക്കള്‍ മുഴുവന്‍ തന്റെ മുമ്പില്‍ അടിയറ വയ്ക്കാന്‍ ആ ചക്രവര്‍ത്തി ആവശ്യപ്പെട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ റോമിലെ മുഴുവന്‍ ദരിദ്രരേയും അനാഥരേയും ചക്രവര്‍ത്തിയുടെ മുന്‍പില്‍ ഹാജരാക്കികൊണ്ടു ഇതാണ് സഭയുടെ നിധി എന്ന് ലോറന്‍സ് പ്രഖ്യാപിച്ചു. ഇതില്‍ വിരോധം പൂണ്ട ചക്രവര്‍ത്തി അദ്ദേഹത്തെ കൊലപ്പെടുത്തുന്നു.
പാവങ്ങളെ സഭയുടെ സ്വത്തായി കണ്ടിരുന്ന ആദിമസഭയുടെ ചൈതന്യത്തിലേക്ക് തിരികെ നടക്കാനുള്ള ആഹ്വാനമാണ്, ലോറന്‍സിന്റെ ഉള്‍പ്പെടെ സാക്ഷ്യങ്ങള്‍ വിവരിച്ചുകൊണ്ടു ലിയോ പതിനാലാമന്‍ പാപ്പാ പുറപ്പെടുവിച്ച അപ്പസ്‌തോലിക പ്രഖ്യാപനം ദിലെക്‌സി തേ.
ഞാന്‍ നിങ്ങളെ സ്‌നേഹിച്ചു എന്ന തലവാചകം (വചനം) എടുത്തിരിക്കുന്നത് വെളിപാടില്‍ നിന്നാണ് (3/9). ജീവിച്ചിരുന്ന നാട്ടില്‍ ഒരു സ്വാധീനവും സമ്പത്തും ഇല്ലാതിരുന്ന, നിരന്തരം ആക്രമിക്കപ്പെടുകയും കുറ്റം വിധിക്കപ്പെടുകയും ചെയ്ത ദരിദ്ര സമൂഹത്തോടാണ് 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്ന് കര്‍ത്താവ് പറഞ്ഞത് (1). അതുകൊണ്ടുതന്നെ സഹിക്കുന്നവരോടും ദരിദ്രരോടും ഉള്ള പ്രത്യേക സ്‌നേഹം, ദൈവത്തിന്റെ തീരുമാനമാണ്, സഭയുടേതല്ല. ഇത്തരത്തില്‍ 'ദരിദ്രരോടുള്ള പ്രത്യേക സ്‌നേഹം' മൂലം മറ്റാരോടും വിവേചനം കാണിക്കാന്‍ ദൈവം ഇട കൊടുക്കുന്നുമില്ല. മറിച്ച് ദൈവത്തിന്റെ ഹൃദയത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ഉള്ള വലിയ സ്ഥാനത്തെ വെളിപ്പെടുത്തുന്നുവെന്നു മാത്രം (16). സഭയുടെ ശുശ്രൂഷയ്ക്ക് അര്‍ഹരായ ദരിദ്രരുടെ മാനദണ്ഡം ദാരിദ്ര്യം മാത്രമാണ്, അവരുടെ ദേശമോ വംശമോ അല്ല. ധര്‍മ്മം (ഭിക്ഷ) കൊടുക്കുന്നതു മുതല്‍ ധാര്‍മ്മികലോകക്രമം നടപ്പിലാക്കുന്നതുവരെ, ദരിദ്രരെ സേവിക്കുന്നതിനായി ചെയ്യാനാകുന്ന സകലതും സഭ നിരന്തരം, സോത്സാഹം ചെയ്യുക തന്നെ വേണമെന്നും അതില്ലാതെ സഭയില്ലെന്നും പാപ്പാ പറയുന്നു.
ദരിദ്രരെ സ്‌നേഹിക്കുന്ന സഭയുടെ ഈ നിലപാട് പാവങ്ങള്‍ക്ക് സഹായകരമാകുന്നു എന്ന് മാത്രമല്ല, സഭയെ നിരന്തരം നവീകരിക്കാനുള്ള ഉപാധിയും ഉറവിടവും കൂടിയായി പാപ്പാ കാണുന്നു (7) എന്നതാണ് ഇക്കാലത്ത് ഈ പ്രഖ്യാപനത്തെ വ്യത്യസ്തമാക്കുന്നത്. പാവങ്ങളുടെ കരച്ചിലാണ് സ്വയം കേന്ദ്രീകരണത്തില്‍ നിന്ന് സഭയെ വിമോചിപ്പിക്കുന്നതത്രേ. അത് തന്നെ ആണ് ദൈവത്തിന്റെ ഹൃദയത്തോട് സഭയെ എന്നും വിശ്വസ്തയായി നിര്‍ത്തുന്നതും (8). സഭ തന്റെ ഏറ്റവും യഥാര്‍ഥമായ സത്ത പ്രകാശിപ്പിക്കാനുള്ള വിളി വീണ്ടും കണ്ടെത്തുന്നതും ദരിദ്രരില്‍ ആണ് (76). കാരണം അവരിലാണു ക്രിസ്തു തുടര്‍ന്നും സഹിക്കുന്നതും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതും.
സ്‌നേഹത്തിന് സഭ പരിധി കല്പിക്കാന്‍ പാടില്ല. പോരാടേണ്ടതായ ശത്രുക്കള്‍ സഭയ്ക്കില്ല, പകരം സ്‌നേഹിക്കേണ്ട സ്ത്രീ പുരുഷന്മാര്‍ മാത്രമേയുള്ളൂ. അങ്ങനെ ഒരു സഭയെയാണ് ഇന്ന് ലോകത്തിന് ആവശ്യമായിരിക്കുന്നത് .
ദരിദ്രനും നഗ്‌നനും ക്രൂശിതനുമായ ക്രിസ്തുവിനെ അനുകരിക്കാന്‍ ദാരിദ്ര്യത്തെ ആശ്ലേഷിച്ച അസ്സീസിയിലെ ഫ്രാന്‍സിസ് സാമൂഹ്യസേവനസംഘടനയല്ല, സുവിശേഷാത്മകായ സാഹോദര്യമാണു സ്ഥാപിച്ചത് (64). ദരിദ്രരില്‍ ഫ്രാന്‍സിസ്, ജീവിക്കുന്ന ക്രിസ്തുവിനെ കണ്ടു. ദരിദ്രരോടു തുല്യനായോ അവരേക്കാള്‍ താഴ്ന്നവനായോ അവരുമായി ബന്ധം സ്ഥാപിക്കാന്‍ തന്റെ ദാരിദ്ര്യത്തെ വിശുദ്ധന്‍ ഉപയോഗിച്ചു. ഫ്രാന്‍സിസില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട ക്ലാരയെയും സമകാലികനായ ഡൊമിനിക്കിനെയും പാവങ്ങളെ സ്‌നേഹിച്ച മറ്റനേകം വിശുദ്ധരെയും സഭ ഇന്നു സ്വീകരിക്കേണ്ട സമീപനത്തിനുള്ള മാതൃകയായി അവതരിപ്പിക്കുകയാണു മാര്‍പാപ്പ ചെയ്തിരി ക്കുന്നത്. ഇവര്‍ വിശ്വാസികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അല്ല, മറിച്ച് സ്വന്തം സത്തയുടെ പ്രകാശനമായിട്ടാണ് ഇതെല്ലാം ചെയ്തതെന്ന് (67) പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.
ദരിദ്രരോടുള്ള സേവനത്തില്‍, ദാരിദ്ര്യത്തിനു കാരണ മാകുന്ന സാമൂഹ്യഘടനകളോടുള്ള എതിര്‍പ്പും ഉള്‍പ്പെടു മെന്ന കാര്യവും പാപ്പാ പറയാതെ പോകുന്നില്ല. അനീതി യുടെ സാമൂഹ്യഘടനകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ദൈവരാജ്യത്തിലെ എല്ലാ അംഗങ്ങള്‍ക്കും കടമയുണ്ട് (97).
പ്രഖ്യാപനത്തിന്റെ അവസാന വരികളില്‍ പാപ്പ എഴുതുന്നു: സ്‌നേഹത്തിന് സഭ പരിധി കല്പിക്കാന്‍ പാടില്ല. പോരാടേണ്ടതായ ശത്രുക്കള്‍ സഭയ്ക്കില്ല, പകരം സ്‌നേഹിക്കേണ്ട സ്ത്രീ പുരുഷന്മാര്‍ മാത്രമേയുള്ളൂ. അങ്ങനെ ഒരു സഭയെയാണ് ഇന്ന് ലോകത്തിന് ആവശ്യമായിരിക്കുന്നത് (120). ഒരുപക്ഷേ ഇന്നത്തെ ഭാരതത്തിലെയോ കേരളത്തിലെയോ സഭയുടെ വലിയ പ്രലോഭന സാധ്യതകളില്‍ ഒന്ന് ഇതായിരിക്കാം. പ്രതിസന്ധികളില്‍ തങ്ങളെ മാത്രം സ്‌നേഹിക്കുവാനും സംരക്ഷിക്കുവാനും തങ്ങള്‍ക്കുവേണ്ടി മാത്രം സംസാരിക്കു വാനും ഉള്ള പ്രലോഭനം. സ്വന്തം റീത്തിനെയോ സമുദായ ത്തിനെയോ മാത്രം ചേര്‍ത്തുപിടിക്കാനുള്ള പ്രലോഭനം.
ഈ രേഖ പുറത്തുവരികയും ലോകം അതു ചര്‍ച്ചാവിഷയമാക്കുകയും ചെയ്യുന്ന അതേ സമയത്താണ്, സീറോ മലബാര്‍ സഭ സമുദായ വര്‍ഷാചരണം നടത്തുന്നതിന്റെ പ്രഖ്യാപനവും പ്രസിദ്ധീകൃതമായിരി ക്കുന്നത്. സമുദായമെന്ന പദത്തിന്റെ പ്രസക്തിയും സമുദായ ശാക്തീകരണത്തിന്റെ ആവശ്യകതയും വിശദീകരിക്കുന്നതിന്, മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഇടയലേഖനത്തില്‍ ബൈബിള്‍ വാക്യങ്ങളും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. അവയില്‍ ഒന്ന് പ്രവാസത്തില്‍ നിന്നും മടങ്ങിയെത്തിയ ഇസ്രായേല്‍ ജനത്തോട് നെഹമിയ നടത്തിയ ആഹ്വാനമാണ്, 'വരുവിന്‍, നമുക്ക് ജെറുസലേമിന്റെ മതിലുകള്‍ പുതുക്കി പണിയാം.'
ക്രിസ്തുവിന്റെ സഭയായി മാറി, സകല ജനത്തിനും വിശേഷിച്ച് പാവപ്പെട്ടവര്‍ക്ക് ശുശ്രൂഷ ചെയ്യാനും, ക്രിസ്തു വിഭാവനം ചെയ്ത ദൈവരാജ്യ നിര്‍മ്മിതിയുടെ ഉപകരണ മാകാനും സാധിക്കുമെങ്കില്‍ സമുദായ ശാക്തീകരണം പ്രസക്തമാണ്. അതല്ല സംഭവിക്കുന്നത് എങ്കില്‍ വിപരീത സാക്ഷ്യം ആയിരിക്കും. പോരാടേണ്ട ശത്രുക്കള്‍ സഭയ്ക്കില്ലെന്നും സ്‌നേഹിക്കേണ്ട മനുഷ്യര്‍ മാത്രമേയുള്ളു വെന്നും അതിന് അതിരുകള്‍ നിശ്ചയിക്കരുതെന്നും 'ദിലെക്‌സി തേ'യില്‍ ലിയോ പതിനാലാമന്‍ നടത്തുന്ന ആഹ്വാനം നമുക്ക് അവഗണിക്കാതിരിക്കാം.
സുവിശേഷപ്രഘോഷണം വിശ്വാസ്യത ഉള്ളതാവുന്നത് അത് എല്ലാവരിലേക്കും തുറക്കപ്പെടുമ്പോഴും അടുപ്പത്തിന്റെ അടയാളങ്ങള്‍ കാണിക്കുമ്പോഴും ആണ് (75). ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന കര്‍ത്താവിന്റെ വചനം അടിച്ചമര്‍ത്തപ്പെട്ടവന്റെ ചെവിയില്‍ മന്ത്രിക്കപ്പെടുവാന്‍ സഭയുടെ ഇടപെടലുകള്‍ കാരണമാകണം.