
നന്മതിന്മകള്‍ തിരിച്ചറിയുന്നതിനും, സമൂര്‍ത്തമായ യാഥാര്‍ഥ്യങ്ങളിലൂടെ സൃഷ്ടാവും രക്ഷകനുമായ ദൈവത്തിലേക്ക് നയിക്കപ്പെടുന്നതിനും തത്വശാസ്ത്രചിന്തകള്‍ സഹായകരമാകുമെന്ന് ലിയോ പതിനാലാമന്‍ പാപ്പ. 'സംസ്‌കാരങ്ങള്‍ക്കുള്ള സംഭാവനകള്‍: തത്വശാസ്ത്രവും ക്രൈസ്തവികതയും തെക്കേ അമേരിക്കയും' എന്ന പേരില്‍ പാരഗ്വായിലെ അസുന്‍സിയോണിലെ കത്തോലിക്കാ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിലേക്കയച്ച തന്റെ സന്ദേശത്തിലാണ്, സഭയ്ക്കും ലോകത്തിനും തത്വശാസ്ത്ര ചിന്തകള്‍ നല്‍കുന്ന സംഭാവനകളെക്കുറിച്ച് പാപ്പാ എഴുതിയത്.
മതപരമായ ലോകത്തിനു പുറത്തുനിന്ന് ഉയര്‍ന്നുവന്നത് എന്ന ചിന്തയില്‍ തത്വശാസ്ത്ര ചിന്തയെ സംശയപരമായ കാഴ്ച പ്പാടോടെ നോക്കിക്കാണുന്ന ഒരു പ്രവണതയുണ്ടെന്നു പാപ്പ സൂചിപ്പിച്ചു. പക്ഷേ, വിശുദ്ധ ഗ്രന്ഥത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വിവിധ തത്വശാസ്ത്രചിന്തകളുമായി സംവാദത്തിലേര്‍പ്പെടുന്നതില്‍നിന്ന് വിശ്വാസികള്‍ അകന്നുനില്‍ക്കേ ണ്ടതില്ല. വിശ്വാസിയായ ഒരു തത്വശാസ്ത്രജ്ഞന് തന്റെ ജീവിതസാക്ഷ്യം കൊണ്ട് ഏറെ വലിയ നന്മകള്‍ ചെയ്യാനാകും - പാപ്പ പറഞ്ഞു.
മനുഷ്യന്റെ അന്തസ്സ് വെളിപ്പെടുത്തുകയും ഉയര്‍ത്തി പ്പിടിക്കുകയും ചെയ്യുന്ന തത്വശാസ്ത്രങ്ങള്‍ ഏറെ ഉപകാരപ്രദമാണെന്ന് പ്രസ്താവിച്ച പാപ്പ എന്നാല്‍ സത്യത്തിലെത്താന്‍ യുക്തിയും ഇച്ഛാശക്തിയും മാത്രം മതിയെന്ന് ചിന്തിക്കുന്നത് അബദ്ധധാരണയാണെന്ന് തന്റെ സന്ദേശത്തിലൂടെ ഉദ്‌ബോധി പ്പിച്ചു. വിശ്വാസത്തിന്റെ പ്രകാശ ത്തിനുനേരെ കണ്ണടച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ കഴിയില്ല. വിശ്വാസവും യുക്തിയും പരസ്പരവിരുദ്ധങ്ങളായല്ല, പരസ്പരപൂരകങ്ങളായും പരസ്പരം പിന്താങ്ങിക്കൊണ്ടു മാണ് മുന്നോട്ടു പോകുന്നതെന്ന് അഗസ്റ്റിന്‍, ബൊനവെഞ്ച്വര്‍, തോമസ് അക്വീനാസ് എന്നീ വിശുദ്ധരുടെ ഉദ്‌ബോധനങ്ങ ളെയും ചിന്തകളെയും പരാമര്‍ശിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. ദൈവശാസ്ത്ര വിജ്ഞാനവും തത്വശാസ്ത്ര അറിവുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശ്വാസവും യുക്തിയും എന്ന ചാക്രിക ലേഖനത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ എഴുതിയതും പാപ്പ തന്റെ സന്ദേശത്തില്‍ ഉദ്ധരിച്ചു.
രക്ഷയുടെ സന്ദേശം കൂടുതല്‍ മനസ്സിലാകുന്ന വിധത്തില്‍ ഏവരിലേക്കുമെ ത്തിക്കാന്‍ തത്വശാസ്ത്ര സംഭവനകള്‍ക്കാകുമെന്ന് വിശുദ്ധ അഗസ്റ്റിന്റെ ചിന്തകളെ പരാമര്‍ശിച്ചുകൊണ്ട് പാപ്പ പ്രസ്താവിച്ചു. തങ്ങളുടെ സംസ്‌കാരങ്ങള്‍ക്കപ്പുറത്തേക്ക് കടന്നുചെല്ലാനും, ഓരോ ജനതകളിലുമുള്ള നല്ല മൂല്യങ്ങളും അവരിലെ കുറവുകളും വിശകലനം ചെയ്യാനുമുള്ള മാര്‍ഗമായി തത്വശാസ്ത്രചിന്തകളെ ഉപയോഗിച്ചുകൊണ്ടുവേണം ഇത് സാധ്യമാക്കേണ്ടതെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.