'ഞങ്ങള്‍ താമസിച്ചിരുന്ന അനാഥാലയത്തിലെ തുറന്നു കിടക്കുന്ന സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ രാജേട്ടന്‍ അതില്‍ ഇറങ്ങും. മലം നിറഞ്ഞ വള്ളിക്കൊട്ടകള്‍ കരയ്ക്ക് നില്‍ക്കുന്ന ഞങ്ങളുടെ പക്കലേക്ക് ഉയര്‍ത്തി കൊടുക്കും. അത് ദൂരെ തൊടികളില്‍ കൊണ്ടുപോയി ഇടണം. (അതു ചുമന്നു ഇടുന്ന കഥാനായകന്‍ ബാബുവിന് അന്നു എട്ടു വയസ്). അന്ന് വൈകുന്നേരം കിട്ടാന്‍ പോകുന്ന ഇറച്ചിക്കഷണം ചേര്‍ന്ന ഭക്ഷണം ഓര്‍ത്താണ്, ദുര്‍ഗന്ധം നിറഞ്ഞ വള്ളിക്കൊട്ടകള്‍ എടുക്കുമ്പോള്‍ ഞങ്ങളില്‍ അറപ്പകന്നിരുന്നതും ഊര്‍ജം നിറഞ്ഞിരുന്നതും.'
'കമ്പിളികണ്ടത്തെ കല്‍ഭരണികള്‍' എന്ന പുസ്തകത്തിലൂടെ ബാബു എബ്രഹാം എന്ന 'മുതിര്‍ന്ന കുട്ടി' തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളുടെ കനല്‍തരികള്‍ വാരിവിതറുമ്പോള്‍ ഹൃദയം പിടയും. 1980 കളിലെ കേരളത്തിലെ കിഴക്കന്‍ മലയോര ഗ്രാമത്തിലെ ഒരു കുട്ടിയും അവന്റെ കുടുംബവും വിഴുങ്ങിയ തീക്കനലുകളുടെ ഓര്‍മ്മയാണിത്. ഇതൊരു നാടിന്റെ കൂടെ കഥയാണ്. അവിടെ നിറഞ്ഞാടിയ വേദനകളുടെയും വേതാളങ്ങളുടെയും ചരിത്രം.
ബാബു എന്ന കുട്ടിയുടെ വിശപ്പാണ് ഈ പുസ്തകത്തിലെ ഓരോ വരിയിലും. വിശപ്പ് അവന്റെ ആത്മാവിനെയും ശരീരത്തെയും വെട്ടിക്കീറി പോറല്‍ ഏല്‍പ്പിക്കുന്നതും അതില്‍ നിന്ന് കിനിയുന്ന വേദനയും ആത്മരോഷവും വിധിതീര്‍പ്പുകളും വായനക്കാരന്റെ ശ്വാസത്തെ തൊണ്ടയില്‍ കുടുക്കും. അവന്റെ വിശപ്പിനെ കാണാതെ പോയവരുടെയും, വിശപ്പിനെ ശമിപ്പിച്ചവരുടെയും കൂടെ കഥയാകുമ്പോള്‍ 'കമ്പിളികണ്ടം' വെളിച്ചത്തിലേക്കുള്ള യാത്ര കൂടിയാവുന്നു.
എന്തുമാത്രം ശ്രദ്ധയോടെയാണ് അപ്പനും അമ്മയും അയല്‍ക്കാരും അധ്യാപകരും വൈദികരും കന്യാസ്ത്രീകളുമൊക്കെ കുട്ടികളുടെ വിചാര ലോകത്തിന്റെ ഭാഗമാകേണ്ടതെന്ന് 'കമ്പിളികണ്ടത്തെ കല്‍ഭരണി'കള്‍ ഓര്‍മ്മിപ്പിക്കുന്നു...
അപ്പന്റെ ഉപദ്രവം പേടിച്ച് അര്‍ദ്ധരാത്രിയില്‍ വീടിനടുത്തുള്ള പറമ്പിലെ പൊന്തക്കാട്ടില്‍ സ്ഥിരമായി ഉറങ്ങേണ്ടി വരുന്ന ഏഴ് വയസ്സുകാരന്‍, പൊളിയാറായ വീട്ടിലെ മണ്‍ഭിത്തി ഉറക്കത്തിനിടയില്‍ ദേഹത്തുവീണ് അതിനടിയില്‍ പെട്ടുപോയ കുട്ടിയുടെ ഭയം, അപ്പന്‍ നാടുവിട്ടതിന്റെ പേരില്‍ തന്തയില്ലാത്തവന്‍ എന്ന വിളിപ്പേര് സ്‌കൂള്‍ ജീവിതകാലത്തു കേള്‍ക്കേണ്ടി വന്നവന്റെ അപമാനം, സ്‌കൂളില്‍ ഉച്ചഭക്ഷണം കൊണ്ടു പോകാത്തത് ശീലമായതിന്റെ ആത്മവേദന, ദാരിദ്ര്യം മൂലം അനാഥാലയത്തിലും ബന്ധുവീടുകളിലും മാറിമാറി നിന്ന് ഇളംപ്രായത്തില്‍ പ്രവാസത്തിന്റെ ചൂട് അറിയേണ്ടി വന്നതിന്റെ തിക്കുമുട്ടല്‍, ഫീസ് കൊടുക്കാത്തതിന്റെ പേരിലും പുസ്തകം ഇല്ലാത്തതിന്റെ പേരിലും ഏറ്റിരുന്ന അപമാനം, പഠിപ്പു മുടക്കി അമ്മയ്‌ക്കൊപ്പം കല്ലു ചുമന്നും മണ്ണു ചുമന്നും പള്ളിയില്‍ കുശിനിപ്പണി ചെയ്തും വീടിനെ പോറ്റിയതിന്റെ അഭിമാനം, പത്താം ക്ലാസ് പഠനത്തിനിടെ നോവലുകള്‍ എഴുതി മംഗളം വാരികയുടെ ഓഫീസില്‍ കൊടുത്തു തുക വാങ്ങാന്‍ വീട്ടില്‍നിന്ന് ആരോടും പറയാതെ പുറപ്പെട്ടതിന്റെ ആത്മവിശ്വാസം, നാടുവിട്ടുള്ള യാത്രക്കിടെ ഉണ്ടായ പീഡാനുഭവങ്ങള്‍... അടിമാലിയിലെ ഊരില്‍ നിന്ന് ഫ്രാന്‍സിലെ പ്രശസ്ത സര്‍വകലാശാലയിലെ അധ്യാപകനിലേക്കുള്ള വിസ്മയയാത്രയില്‍ ബാബു എബ്രഹാം താണ്ടിയ വേദനകളുടെ കൊടുമുടികള്‍ ഏറെയാണ്.
കാനായിലെ കല്യാണവിരുന്നില്‍ ഭരണികളില്‍ വെള്ളം നിറയ്ക്കാന്‍ പറഞ്ഞ മാതാവിനെ ഓര്‍മ്മിപ്പിക്കുന്ന ഒരമ്മ ഇതിലുണ്ട്. മകനെന്ന വക്കുപൊട്ടിയ കല്‍ഭരണിയിലേക്ക് ആത്മവിശ്വാസത്തിന്റെ വെള്ളം നിറയ്ക്കുന്ന അമ്മ, പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ഏല്‍പ്പിച്ച് വീടിനെ ബാധ്യതയിലാക്കി നാടുവിട്ട ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ പതറാത്ത അമ്മ, മക്കളെ അമ്മയില്‍ നിന്ന് പിരിച്ച് കൂച്ചുവിലങ്ങ് ഇടാന്‍ നോക്കിയ ഭര്‍തൃവീട്ടുകാരെയും ഇടവക വികാരിയെയും ചൂണ്ടുവിരലില്‍ നിര്‍ത്തിയ അമ്മ, മക്കളെ ഒരു നിലയില്‍ എത്തിക്കാന്‍ മരണകരമായ രോഗവിവരങ്ങള്‍വരെ മറച്ച് കഠിനധ്വാനത്തിന്റെ ആഴം തൊട്ട അമ്മ, നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം ആരോഗ്യം നശിപ്പിച്ച് തിരികെ വീട്ടിലെത്തിയ അപ്പനെ നിരുപാധികമായി വീട്ടില്‍ കയറ്റാന്‍ മക്കളോട് മല്ലിട്ട അമ്മ, കല്‍ഭരണിയിലെ വെള്ളം ജീവിതവിജയത്തിന്റെ വീഞ്ഞായി മാറുമ്പോള്‍ വിനയത്തോടെ സാക്ഷിയാകുന്ന അമ്മ, 'എളിയവരെ ഉയര്‍ത്തി ശക്തരെ സിംഹാസനങ്ങളില്‍ നിന്നും മറിച്ചിട്ടു' എന്ന് പാടുന്ന പരിശുദ്ധ മറിയത്തോട് എവിടെയൊക്കെയോ ചേര്‍ച്ച തോന്നുന്നു കമ്പിളികണ്ടത്തിലെ നന്ദി കുന്നേല്‍ മേരിക്ക്. ഓരോ അമ്മയും എന്തുമാത്രം വേഷങ്ങള്‍ അണിയുന്നു... അവളിലെ സ്‌നേഹവും ധൈര്യവും ക്ഷമയും സ്ഥൈര്യവും എന്തുമാത്രം മൂല്യങ്ങളുടെ വിത്തുകള്‍ മക്കളില്‍ പാകുന്നു എന്ന് കമ്പിളികണ്ടത്തെ കല്‍ഭരണികള്‍ ഒരിക്കല്‍ കൂടി സാക്ഷ്യപ്പെടുത്തുകയാണ്.
ഇതില്‍ സഭയുണ്ട്. ദൈവമുണ്ട്. ദൈവങ്ങളെ മുന്‍നിര്‍ത്തി അരങ്ങുവാണ ദൈവമനുഷ്യര്‍ ഉണ്ട്. ഇതില്‍ വിശപ്പുള്ളവനെ, നഗ്‌നനായിരുന്നവനെ, പാര്‍പ്പിടം ഇല്ലാതിരുന്നവനെ വിളുമ്പുകളിലേക്ക് തള്ളി അപമാനിച്ച ക്രിസ്തു വേഷങ്ങള്‍ ഉണ്ട്. പാപപങ്കിലമായ ദുഷ്‌പ്രേരണയ്ക്ക് ഇടനല്‍കിയ ദൈവ മനുഷ്യരുണ്ട്, സഭാപരിസരം ഉണ്ട്. ബാബുവിനെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ പട്ടക്കാരുണ്ട്, മേല്‍പ്പട്ടക്കാരുണ്ട്. അവനില്‍ സൗഖ്യത്തിന്റെ എണ്ണയും വീഞ്ഞും പകര്‍ന്ന കന്യാസ്ത്രീകള്‍ ഉണ്ട്. ഈശ്വരന്മാരെന്ന് അവന് തോന്നിയ നാനാജാതി മനുഷ്യരുണ്ട്. തന്നില്‍ മുന്തിയ ഇനം വീഞ്ഞ് ഉണ്ടാകാന്‍ എല്ലാത്തരം മനുഷ്യരും തന്റെ ജീവിതത്തില്‍ വേണ്ടിയിരുന്നു എന്ന് വിശ്വസിക്കുന്ന നായകന്‍ ഉണ്ട്. അതുകൊണ്ടുതന്നെ പുസ്തകം പ്രചോദനാത്മക സാഹിത്യ പരിസരത്തു നിന്ന് വിശ്വാസത്തിന്റെ പരിസരത്തേക്ക് കാല്‍ വയ്ക്കുന്നുമുണ്ട്.
ഒരു കുട്ടി തന്റെ ജീവിതം കൈവെള്ളയില്‍ നിന്ന് തട്ടിമാറ്റിയവരെയും ജീവിതത്തിന് കൈ തന്നവരെയും ഒക്കെ ഓര്‍ത്തെടുക്കുകയാണ്. വയറുകാളിയ ഉച്ചനേരങ്ങളില്‍ മുന്നിലേക്ക് നീക്കിവയ്ക്കപ്പെട്ട ചോറുരുളകളും, പെരുമഴയത്ത് നീട്ടപ്പെട്ട പാതി കുടയും, കഠിനാധ്വാനത്തിനിടയ്ക്ക് സ്‌നേഹത്തോടെ വിളിച്ചു കൊടുത്ത ചായയും, സ്‌കൂള്‍ വഴികളില്‍ വൈകുന്നേരത്തെ വിശപ്പില്‍ കൂട്ടുകാരന്‍ വച്ച് നീട്ടിയ ബോണ്ടയും, വീട്ടിലേക്കു അതിഥികള്‍ പൊതിഞ്ഞു കൊണ്ടുവരുമായിരുന്ന പലഹാരവും ഒക്കെ ഓര്‍ത്തിരിക്കപ്പെടുന്നു. വന്നുഭവിച്ച വേദനകളും സഹനങ്ങളും നീതികേടുകളും മാത്രമല്ല, നന്മയുടെ പൊട്ടും പൊടിയും വരെ ഓര്‍മ്മകളില്‍ നിന്നു തിരഞ്ഞെടുക്കുന്നു.
ഓരോ കുഞ്ഞും ഓര്‍ത്തുവയ്ക്കുന്ന വികാര വിചാര ലോകം എന്തുമാത്രം വലുതാണ് എന്ന്, എന്തുമാത്രം ശ്രദ്ധയോടെയാണ് അപ്പനും അമ്മയും കൂട്ടുകാരും അയല്‍ക്കാരും അധ്യാപകരും വൈദികരും കന്യാസ്ത്രീകളുമൊക്കെ ആ വിചാര ലോകത്തിന്റെ ഭാഗമാകേണ്ടതെന്ന് ഈ 'കമ്പിളികണ്ടത്തെ കല്‍ഭരണി'കള്‍ ഓര്‍മ്മിപ്പിക്കുകയാണ്.