Editorial

ഫ്രാൻസിൽ നിന്നു ലോകത്തോട്

Sathyadeepam
മാമ്മോദീസ സ്വീകരിച്ച മുതിർന്നവരുടെ വിശ്വാസയാത്രയിൽ, യുവാക്കളുമായുള്ള സഭയുടെ ബന്ധത്തിൽ, പീഡനത്തിന്റെ മുറിവുകൾ സുഖപ്പെടുത്താനുള്ള സഭയുടെ നടപടികളിൽ, നിർമിതബുദ്ധിയെ ക്കുറിച്ചുള്ള നൈതിക ചർച്ചകളിൽ, മതാന്തര സൗഹൃദത്തിൽ, ലോകസമാധാനശ്രമങ്ങളിൽ എല്ലാം, വരും വർഷങ്ങളിൽ ഈ സന്ദർശനത്തിന്റെ പ്രതിധ്വനികൾ കേൾക്കാനാകും.

പാരീസിൽ ലിയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ പൊതുവേദിയിൽ അർപ്പിച്ച ദിവ്യബലിയിൽ എട്ടു ലക്ഷം പേരാണ് പങ്കെടുത്തത്. ദിവ്യബലിക്കണയുന്ന എട്ടു ലക്ഷം പേർ എന്നത് യൂറോപ്പിന്റെ പശ്ചാത്തലത്തിൽ ഒരു ചെറിയ സംഖ്യയല്ല. പാപ്പായെ കാണാനും പരിപാടികളിൽ പങ്കെടുക്കാനു മെത്തിയ വൻ ജനസഞ്ചയം, ബഹുമുഖ സൂചനകൾ യൂറോപ്യൻ വൻകരയ്ക്കും ലോകത്തിനാകെയും നൽകുന്നുണ്ട്.

മാറിക്കൊണ്ടിരിക്കുന്ന യൂറോപ്പിനെയും മതനിരപേക്ഷ സമൂഹത്തെയും ആഗോള ക്രൈസ്തവി കതയെയും നിർമിതബുദ്ധിയുടെ നവയുഗത്തെയുമാണ് ഈ സന്ദർശനത്തിലൂടെ പാപ്പ സംബോധന ചെയ്തത്. പാരീസ്, ലൂർദ്, മെറ്റ്സ് എന്നീ മൂന്ന് നഗരങ്ങൾ പ്രതിനിധീകരിക്കുന്ന ബൗദ്ധികതയോടും വിശ്വാസ ത്തോടും മുറിവേറ്റ മനുഷ്യരുടെ വേദനകളോടും പാപ്പ സംവദിച്ചു.

രാജാധികാരവുമായി കെട്ടുപിണഞ്ഞു മുന്നേറിയ ചരിത്രഗതിവിഗതികളിൽ യഥാർഥ ക്രൈസ്തവമൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനങ്ങൾ ഫ്രഞ്ചുസഭയിൽ എത്രയോ ഉണ്ടെങ്കിൽ പോലും, ഫ്രാൻസിനു ക്രൈസ്തവികത നൽകിയ രൂപീകരണം നിർണായകമായിരുന്നു. അമിതവും അനുചിതവുമായ മതസ്വാധീനത്തിൽ നിന്നു കുതറിമാറാൻ ഫ്രാൻസ് പിൽക്കാലത്തു നടത്തിയ പരിശ്രമങ്ങൾ ഗുരുതരമായ മതനിരാസത്തിനു കാരണമാകുകയും ചെയ്തിട്ടുണ്ട്. സാഹിത്യം, തത്വചിന്ത, കല, സാമൂഹ്യവിജ്ഞാനം തുടങ്ങിയ മേഖലകളിൽ, പല കാലങ്ങളിലും മാനവരാശിയുടെ മുന്നിൽ നടന്നിട്ടുള്ള വരുമാണു ഫ്രഞ്ചു ജനത. ഈ പശ്ചാത്തലത്തിലാണ് പാപ്പായുടെ സന്ദർശനം ശ്രദ്ധേയമായിത്തീർന്നത്.

ഫ്രാൻസിന്റെ ചരിത്രപരമായ ക്രൈസ്തവ പൈതൃകത്തെ ചൂണ്ടിക്കാട്ടിയ മാർപാപ്പ ഫ്രഞ്ച് റിപ്പബ്ലിക്കൻ മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയവയെയും പരാമർശിച്ചു. യുദ്ധം അനിവാര്യമാണെന്ന് കരുതരുതെന്നും സംഭാഷണവും നയതന്ത്രവും വഴി സമാധാനം സംരക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പാരീസിലെ യുനെസ്കോ ആസ്ഥാനം, ഈ യാത്രാപരിപാടിയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു സന്ദർശനകേന്ദ്രമായിരുന്നു.

വരുംകാലം സഭയുടെ സാമൂഹ്യപ്രബോധനങ്ങളുടെ പ്രധാനഭാഗമായി മാറാനിടയുള്ള നിർമിതബുദ്ധി സ്വാഭാവികമായും പ്രാധാന്യത്തോടെ പരാമർശിക്കപ്പെട്ടു. മനുഷ്യജീവിതത്തിന്റെ അർത്ഥം നിർണ്ണയിക്കാനുള്ള കഴിവ് നിർമിതബുദ്ധിക്കില്ലെന്നും വിവരസമ്പത്ത് വർധിക്കുന്നത് ജ്ഞാനം വർധിക്കുന്നതിന് തുല്യമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഫ്രഞ്ച് കത്തോലിക്കാസഭയെ പ്രചോദിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്ന അജപാലനദൗത്യം വിജയകരമായി നിറവേറ്റാനും പാപ്പായ്ക്കു സാധിച്ചു. പാശ്ചാത്യസഭ പൊതുവിൽ നേരിടുന്ന പരാധീനതകളിൽ നിന്നു മുക്തമല്ല ഫ്രഞ്ചുസഭയുമെങ്കിലും പ്രത്യാശയുടെ കിരണങ്ങൾ കാണാതിരിക്കാനാകില്ല. 2026-ൽ ഫ്രാൻസിൽ 13,000-ത്തിലധികം മുതിർന്നവർ മാമ്മോദീസ സ്വീകരിക്കുമെന്ന് ഫ്രഞ്ച് മെത്രാൻ സമിതി വ്യക്തമാക്കിയിട്ടുണ്ട്. മുതിർന്നവരുടെ മാമ്മോദീസകളുടെ എണ്ണം 2016-ൽ 4,124 ആയിരുന്നെങ്കിൽ, 2026-ൽ 13,234 ആയി ഉയർന്നിട്ടുണ്ട്.

പാരീസിൽ പുതുതായി മാമ്മോദീസ സ്വീകരിച്ചവരെയും അതിനൊരുക്കമായി മതബോധനത്തിലേക്ക് പ്രവേശിക്കുന്നവരെയും പാപ്പാ നേരിൽ കണ്ടു. ഫ്രാൻസിലെ സഭയ്ക്ക് മുന്നിലുള്ള ചോദ്യം, തീർച്ചയായും പഴയ ക്രൈസ്തവ ജനസംഖ്യയെ എങ്ങനെ വീണ്ടെടുക്കാം എന്നതാവില്ല, മറിച്ച്, ക്രൈസ്തവ വിശ്വാസത്തെ പുതിയ കാലത്തിൽ എപ്രകാരം അർഥപൂർണമായി പ്രകാശിപ്പിക്കാം എന്നതായിരിക്കും. അതിനവർക്കു ഫലപ്രദമായ ഉത്തരങ്ങൾ കണ്ടെത്താനാകുന്നുണ്ട് എന്നതാണ് സഭയിലേക്കു കടന്നു വരുന്ന മുതിർന്നവർ നൽകുന്ന സൂചന.

പാരീസിൽ യുവജനങ്ങളുമൊത്തു നടത്തിയ ജാഗരണപ്രാർഥന, തീർഥകേന്ദ്രമായ ലൂർദിൽ, രോഗികളും അവരെ പരിചരിക്കുന്നവരുമായി നടത്തിയ കൂടിക്കാഴ്ച, മെറ്റ്സിൽ യൂറോപ്യൻ യൂണിയനുമായി ബന്ധപ്പെട്ട പരിപാടി എന്നിവയെല്ലാം അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ നേടി. യൂറോപ്പിന്റെ പഴയ അതിർത്തികളെ പ്രത്യാശയുടെ പാലങ്ങളാക്കി മാറ്റിയ മാതൃകയിൽ, വിവിധ മതങ്ങളും സമൂഹങ്ങളും തമ്മിലുള്ള സൗഹൃദവും സമാധാനവും വളർത്തണമെന്ന് പാപ്പാ പറഞ്ഞു.

പാരീസിലും ലൂർദിലും മെറ്റ്സിലും പാപ്പായുടെ സന്ദേശത്തിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെട്ട ഒരു വാക്ക് സമാധാനം ആയിരുന്നു. ലോകസമാധാനത്തിനുവേണ്ടി കത്തോലിക്കാ സഭ നിരന്തരമുയർത്തുന്ന നൈതിക ശബ്ദത്തെ യൂറോപ്യൻ നയതന്ത്രപരിശ്രമങ്ങളോടു പാപ്പ ചേർത്തുവച്ചു.

യൂറോപ്പിൽ ഒരു ആൾക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുന്നു എന്നതല്ല പാപ്പായുടെ ഫ്രാൻസ് സന്ദർശനത്തിന്റെ ആകെത്തുക. മാമ്മോദീസ സ്വീകരിച്ച മുതിർന്നവരുടെ വിശ്വാസയാത്രയിൽ, യുവാക്കളുമായുള്ള സഭയുടെ ബന്ധത്തിൽ, പീഡനത്തിന്റെ മുറിവുകൾ സുഖപ്പെടുത്താനുള്ള സഭയുടെ നടപടികളിൽ, നിർമിതബുദ്ധിയെക്കുറിച്ചുള്ള നൈതിക ചർച്ചകളിൽ, മതാന്തര സൗഹൃദത്തിൽ, ലോകസമാധാനശ്രമങ്ങളിൽ എല്ലാം, വരും വർഷങ്ങളിൽ ഈ സന്ദർശനത്തിന്റെ പ്രതിധ്വനികൾ കേൾക്കാനാകും.

ശക്തനാക്കുന്നവനിലൂടെ സകലതും സാധ്യം

കെആർഎൽസിസി സിൽവർ ജൂബിലി ലെയിറ്റി കോൺക്ലേവ് ഒക്ടോബർ 4ന്

"എൻ്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത പകലാണിത് " ചലച്ചിത്ര സംവിധായകൻ കമലിൻ്റെ വൈകാരിക സാക്ഷ്യം

ആത്മരക്ഷാ രാഷ്ട്രീയത്തിന്റെ അനന്തരഫലങ്ങൾ

മലയോര ജനതയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണം