കത്തോലിക്കാസഭയില്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടുള്ളത് ആയിരങ്ങളാണ്. പൂര്‍വസൂരികളായ ആ വിശുദ്ധഗണത്തെ വര്‍ത്തമാനകാലങ്ങളിലേക്കെത്തിക്കാന്‍ സഭാനേതൃത്വം അവരെ ചിത്രങ്ങളിലേക്കും രൂപങ്ങളിലേക്കും ശില്പങ്ങളിലേക്കും സന്നിവേശിപ്പിച്ചു. എന്നാല്‍ ലോക പ്രശസ്തരായ ചിത്രകാരന്മാരുടെയും കലാകാരന്മാരുടെയും കലാവൈദഗ്ദ്ധ്യഫലമായി പിറവി കൊണ്ട ആ ചിത്രങ്ങളുടെയും ശില്പങ്ങളുടെയും മുഖങ്ങളില്‍ മിസ്റ്റിക് എന്ന് വിശേഷിപ്പിക്കാവുന്ന നിഗൂഢഭാവങ്ങളും രക്തച്ചാലുകള്‍ കീറിയ വ്യാകുലതകളും പീഡിതഭാവങ്ങളും ഒഴിച്ചുവച്ചാല്‍ ആനന്ദിക്കുകയും പുഞ്ചിരിക്കുകയും മന്ദസ്മിതം തൂകുകയും ചെയ്യുന്ന എത്ര മുഖങ്ങളുണ്ട് എന്ന ചോദ്യത്തിനുത്തരം അത്ര ശുഭകരമല്ല.
എന്നാല്‍ ജെന്‍സീ ജനറേഷന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സു ഉപയോഗിച്ച് സൃഷ്ടിച്ചെടുക്കുന്ന വിശുദ്ധരുടെ മുഖഭാവങ്ങളില്‍ ആനന്ദവും, പാദങ്ങളില്‍ നൃത്തവും, നാവുകളില്‍ ചടുല ഗാനങ്ങളും നിറഞ്ഞു നില്‍ക്കുകയാണ്. അവര്‍ വിഭാവനം ചെയ്യുന്ന ക്രിസ്തുവിന് ചിരിക്കുന്ന മുഖമാണ്, ഡിജെയുടെ ചടുലതയാണ്, അയാള്‍ കാവാസാക്കി നിഞ്ജ സ്റ്റണ്ട് ചെയ്യുന്നവനാണ്, കല്യാണവീടുകളില്‍ കപ്പിള്‍സിനൊപ്പം കൈ കോര്‍ത്ത് നൃത്തം ചെയ്യുന്നവനാണ്, കടല്‍ത്തീരങ്ങളില്‍ റാപ് പാടുന്നവനാണ്. ആത്മീയതയുടെ പരമ്പരാഗത ബോധങ്ങളെ മറികടന്ന് പുതുലോകമിങ്ങനെ വ്യത്യസ്തതകളെ പുല്‍കുമ്പോള്‍ ഈ യുഗത്തിലെ കുഞ്ഞുങ്ങളോട് സഭ എങ്ങനെ സംവദിക്കും എന്ന ആന്തരിക ചോദ്യത്തിനുള്ള ഉത്തരമാണ് വത്തിക്കാന്‍ ചത്വരത്തില്‍ സെപ്തംബര്‍ മാസം ഏഴാം തീയതിയില്‍ മുഴങ്ങിക്കേട്ട ആ പേര്, വിശുദ്ധ കാര്‍ലോ അക്യുത്തിസ്.
ഒരു കാലത്ത് 'തെറ്റും കുറ്റവു'മായിരുന്ന ജീന്‍സും ഡാന്‍സും പാട്ടും പ്രണയവുമൊക്കെ ഇന്ന് വിശുദ്ധരുടെ അടയാളങ്ങളായി മാറുന്നത് സഭ ആത്മീയതയുടെ അതിരുകളില്‍ നിന്നും അന്തഃസത്തയിലേക്ക് കടന്നുവെന്നതിന്റെ മനോഹര സൂചകങ്ങളാണ്.
ടിവിയെ വിഡ്ഢിപെട്ടിയെന്നും, ഇന്റര്‍നെറ്റിനെ ഡെവിള്‍സ് ടൂളെന്നും ആക്ഷേപിച്ചും അവഹേളിച്ചും അവയെ വീടുകള്‍ക്ക് വെളിയില്‍ നിര്‍ത്തണമെന്ന് പഠിപ്പിച്ച ഒരു കാലമുണ്ടായിരുന്നു. അവയ്ക്കു മീതെ തെറ്റുതിരുത്തലിന്റെയും വെളിച്ചത്തിന്റെയും നവജാലകങ്ങള്‍ തുറന്നിട്ടതും സഭ തന്നെയാണ്. അജ്ഞതയുടെയും അപരിചിതത്തിന്റെയും ഭയംപുല്‍കി വിമര്‍ശനത്തിന്റെ മൂക്കുകയര്‍ ഇടീപ്പിച്ച് വീടിനു പുറത്ത് തളയ്ക്കപ്പെട്ട 'പിശാചിന്റെ കവാടം' എന്ന ഇന്റര്‍നെറ്റിനെ സുവിശേഷവല്‍ക്കരണത്തിന്റെ അപാര സാധ്യതയുടെ ഇടമെന്ന് വിശേഷിപ്പിച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും, സഭാസന്ദേശങ്ങളുടെ ആശയവിനിമയത്തിനുള്ള വലിയ ഇടമെന്ന് അടയാളപ്പെടുത്തി ഡിജിറ്റല്‍ കോണ്ടിനെന്റ് (ഡിജിറ്റല്‍ ഭൂഖണ്ഡം) എന്ന ഒരു പുതുപദത്തിന് ജന്മം നല്‍കികൊണ്ട് പോപ്പ് ബെനഡിക്ടും, ഇന്റര്‍നെറ്റ് സ്വര്‍ഗത്തിന്റെ ദാനമെന്ന അതിഭാവുക അംഗീകാരം നല്‍കി പോപ്പ് ഫ്രാന്‍സിസും ഡിജിറ്റല്‍ വിപ്ലവത്തെ സഭയ്ക്കകത്തേക്ക് ഇരുകരങ്ങളും നീട്ടി സ്വീകരിച്ചു.
ആതിഥേയ മര്യാദകള്‍ അവശ്യം പാലിക്കുമ്പോഴും അപകടം പിറക്കാന്‍ ഇടയുള്ള ഇടങ്ങളില്‍ വിവേകമെന്ന ആയുധം പേറിയ കാവല്‍ക്കാരെ വിന്യസിക്കാനും, അജഗണങ്ങളുടെ ആത്മാവിന് പരിക്കേല്‍ക്കാത്ത രീതിയില്‍ ജാഗ്രതയോടും മുന്‍കരുതലോടും ചുവട് വയ്ക്കാന്‍ സഭ പ്രബോധനങ്ങളും നിര്‍ദേശങ്ങളും നിരന്തരം നല്കിക്കൊണ്ടേയിരിക്കുന്നു. സഭയുടെ ഡിജിറ്റല്‍ ചുവട് വെയ്പ്പിന്റെ ഇനിയുള്ള മുന്നോട്ടുള്ള യാത്രയില്‍ പടച്ചട്ടയും പരിചയും ധരിച്ച് മുന്നില്‍ നില്ക്കാന്‍ പോകുന്നത് പതിനഞ്ചു വയസ്സുകാരനായ വിശുദ്ധ കാര്‍ലോ അക്യുത്തിസ് ആണ്.
വിശുദ്ധ ഫ്രാന്‍സിസിന്റെ ചുവട് പതിഞ്ഞ അസ്സീസിയുടെ പുണ്യഭൂമിയില്‍ ആ രണ്ടാം ക്രിസ്തു തന്റെ ഉടുവസ്ത്രങ്ങള്‍ പോലും വേണ്ടെന്നു വച്ച് നഗ്നനായി നിന്നയിടത്തിന്റെ തൊട്ടരികിലെ കൊച്ചുപള്ളിയുടെ ഖബറിലാണ് പതിനഞ്ചു വയസ്സുകാരന്‍ കാര്‍ലോ കണ്ണടച്ച് കിടക്കുന്നത്. ഒരു കാലഘട്ടത്തിന്റെ വലിയ പാപമായിരുന്ന ധൂര്‍ത്തിന്റെ പളുങ്കുകുപ്പായക്കാരുടെ നടുവില്‍ തന്റെ ഉടുതുണിയഴിച്ച് നഗ്നനായി നിന്ന് ദാരിദ്ര്യത്തിന്റെ ആത്മീയതയെപ്പറ്റി ഉറക്കെ പറഞ്ഞ ഒരു മനുഷ്യന്റെ അതേ ഇടത്തില്‍ മറ്റൊരു കാലഘട്ടത്തിന്റെ യുവ വിശുദ്ധന്‍ മയങ്ങുന്നത് ജീന്‍സും, സ്‌പോര്‍ട്‌സ് ഷൂസും, ടി ഷര്‍ട്ടും ധരിച്ചു കൊണ്ടാണ് എന്നത് വല്ലാത്ത ഒരു കഥയാണ്.
ഒരു കാലത്ത് 'തെറ്റും കുറ്റവു'മായിരുന്ന ജീന്‍സും ഡാന്‍സും പാട്ടും പ്രണയവുമൊക്കെ ഇന്ന് വിശുദ്ധരുടെ അടയാളങ്ങളായി മാറുന്നത് സഭ ആത്മീയതയുടെ അതിരുകളില്‍ നിന്നും അന്തഃസത്തയിലേക്ക് കടന്നുവെന്നതിന്റെ മനോഹര സൂചകങ്ങളാണ്. നഗ്നനായി മറഞ്ഞ ഫ്രാന്‍സിസ് എന്ന പൂര്‍വ്വസൂരിയും ജീന്‍സും സ്‌നീക്കേഴ്‌സും ധരിച്ച് വര്‍ത്തമാനകാലത്തിന്റെ മില്ലേനിയല്‍ വിശുദ്ധനായ കാര്‍ലോയും ഉറക്കെ പറയുന്നത് വസ്ത്രമോ ബാഹ്യരേഖകളോ നിറമോ കുലമോ അല്ല ആത്മീയതയുടെ അളവുകോല്‍ എന്നാണ്.
വഴിപിഴച്ച് പോകാന്‍ സര്‍വസാധ്യതകളുമുള്ള ഡിജിറ്റല്‍ ലോകമെന്ന പുതിയ അഗോറകളില്‍ (new agora) പ്രലോഭനത്തിന്റെയും കാപട്യത്തിന്റെയും കുറ്റകൃത്യങ്ങളുടെയും കളകള്‍ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ക്രിസ്തു കടന്നുപോയ വഴികളെ വെട്ടി തെളിക്കാന്‍ ഒരു പതിനഞ്ചു വയസ്സുകാരന്‍ കയ്യിലെടുത്ത ആയുധത്തിന്റെ പേരാണ് മിറക്കിള്‍ വെബ് സൈറ്റുകള്‍. ലോകമെമ്പാടുമുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ രേഖപ്പെടുത്തുന്നതിനായി വിശുദ്ധ കാര്‍ലോ അക്യുത്തിസ് നിര്‍മ്മിച്ച വെബ്‌സൈറ്റിലൂടെ, ഏകദേശം 20 ഭാഷകളിലായി രാജ്യവും തീയതിയും അനുസരിച്ച് ക്രമപ്പെടുത്തിയ 150 ലധികം ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ അടയാളപ്പെടുത്തലുകള്‍ക്ക് ചെറുപ്പക്കാരും മുതിര്‍ന്നവരും ഒരുപോലെ സാക്ഷികളായി. ഡിജിറ്റല്‍ ലോകഭൂപടത്തില്‍ വിരല്‍തുമ്പിനറ്റത്ത് ലോകമിങ്ങനെ മിന്നി മായുമ്പോള്‍, എന്തൊക്കെ കാണണം എന്തൊക്കെ കാണരുത് എന്ന് മാതാപിതാക്കള്‍ മക്കളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, അവരുടെ മക്കളുടെ പ്രായം പോലുമില്ലാത്ത ഒരു പതിനഞ്ചുകാരന്‍ ഇറങ്ങി തിരിച്ചത് സൈബര്‍ ഇടങ്ങളെ കൂദാശ ചെയ്തുകൊണ്ട് ക്രിസ്തുവിന്റെ കോണ്ടന്റ് ക്രിയേറ്റര്‍ ആയിത്തീരാനാണ്. ലോകം മനുഷ്യരെ നേടാന്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ദൈവത്തെ തന്നെ നേടിക്കൊണ്ട് ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്ന ജ്ഞാനസ്‌നാന നാമം സ്വീകരിച്ചിരിക്കുന്നു.