കേരളത്തിൽ വയോജന ക്ഷേമ വകുപ്പ് വി ഡി സതീശൻ സർക്കാർ രൂപീകരിച്ചു. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാനത്തിൽ വയോജനങ്ങൾക്കായി ഒരു വകുപ്പ്. വയോജനങ്ങൾക്കായുള്ള വിവിധ ക്ഷേമപദ്ധതികൾ ഒന്നിപ്പിക്കുകയാണ് പ്രാഥമിക ലക്ഷ്യമെങ്കിലും 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം സമീപഭാവിയിൽ കേരള ജനസംഖ്യയുടെ 22 ശതമാനത്തോളം ആകും എന്നുള്ളതുകൊണ്ടാണ് ഇത്തരത്തിൽ ഒരു മേഖലയിലേക്ക് സർക്കാർ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്.
വീട്ടിൽ ഒറ്റപ്പെടുന്ന മാതാപിതാക്കൾ ഇന്ന് കേരളത്തിന്റെ നൊമ്പരമാണ്. വാർദ്ധക്യം കേവലം ഒരു ശാരീരിക അവസ്ഥ മാത്രമല്ല, വൈകാരികവും ആത്മീയവുമായ ഒരു യാഥാർത്ഥ്യവും കൂടിയാണ്. വയോജന പരിചരണം മക്കളുടെ മാത്രം ഉത്തരവാദിത്വമാണോ, അതോ സഭയും സമൂഹവും അതിൽ പങ്കുചേരണോ എന്നൊരു ചോദ്യം ഇന്ന് പ്രസക്തമാണ്. കേരളത്തിലെ ആകെ ജനസംഖ്യയുടെ 10 ശതമാനത്തോളം മാത്രം വരുന്ന കുട്ടികളുടെയും അവരുടെ വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ തങ്ങളുടെ കഴിവിന്റെയും സമ്പത്തിന്റെയും പകുതിയിൽ അധികം ഉപയോഗിക്കുന്ന സഭയ്ക്ക് ജനസംഖ്യയുടെ 20 ശതമാനത്തിലധികം വരുന്ന വയോജനങ്ങളുടെ മേഖലയിൽ വളരെയേറെ ചെയ്യാനില്ലേ?
സാമ്പത്തിക സുരക്ഷിതത്വം തേടിയുള്ള യുവാക്കളുടെ കുടിയേറ്റത്തെ കുറ്റപ്പെടുത്താനാവില്ല. വയോജനങ്ങളിൽ ചിലരെങ്കിലും സാമ്പത്തികമായി സുരക്ഷിതരുമാണ്. പക്ഷേ അക്കൗണ്ടിൽ വരുന്ന പണത്തിന് അവരുടെ ഏകാന്തതയെ മറികടക്കാൻ സാധിക്കുകയില്ലല്ലോ. അടിയന്തരഘട്ടങ്ങളിൽ ആശുപത്രിയിൽ പോകാൻ, ഒന്നു ബൈസ്റ്റാൻഡറായി നിൽക്കാൻ, ഒരു നേരത്തെ മരുന്നു നൽകാൻ, ചിലപ്പോ വിശേഷങ്ങൾ ചോദിച്ചറിയാൻ പോലും ആരുമില്ലാത്ത സാഹചര്യം നിലവിലുണ്ട്. വീണുപോയാൽ ഒന്ന് എഴുന്നേൽപ്പിക്കാൻ പോലും ആളില്ലാ താകുന്ന അവസ്ഥയാണ് കേരളം നേരിടാൻ ഒരുങ്ങുന്ന ഏറ്റവും വലിയ സാമൂഹിക പ്രതിസന്ധി. വയോജനങ്ങളുടെ പ്രശ്നങ്ങൾ കേവലം സാമ്പത്തിക പ്രശ്നമായി കാണാതെ, അതിനെ വൈകാരികവും ചില സമയങ്ങളിൽ മനുഷ്യാവകാശപരവുമായ പ്രശ്നമായി തിരിച്ചറിയേണ്ടതും ഉണ്ട്.
കേരളത്തിലെ ആകെ ജനസംഖ്യയുടെ 10 ശതമാനത്തോളം മാത്രം വരുന്ന കുട്ടികളുടെയും അവരുടെ വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ തങ്ങളുടെ കഴിവിന്റെയും സമ്പത്തിൻ്റെയും പകുതിയിൽ അധികം ഉപയോഗിക്കുന്ന സഭയ്ക്ക് ജനസംഖ്യയുടെ 20% ൽ അധികം വരുന്ന വയോജനങ്ങളുടെ മേഖലയിൽ വളരെയേറെ ചെയ്യാനില്ലേ?
കുടിയേറ്റം നമ്മുടെ നാട്ടിൽ രൂപപ്പെടുത്തുന്ന ഒരു സാമൂഹിക ശൂന്യതയെക്കുറിച്ച് ഇന്ന് കേരളത്തിലെ പല പ്രദേശങ്ങളും തിരിച്ചറിഞ്ഞു തുടങ്ങി. State wide empty nest syndrome എന്ന് സാമൂഹിക ശാസ്ത്രജ്ഞർ അതിന് പേരും കൊടുത്തിട്ടുണ്ട്. കേരളത്തിൽ ചില പ്രദേശങ്ങളിലൂടെ ഏറ്റവും ഗതാഗതത്തിര ക്കേറിയ സമയങ്ങളിൽ യാത്ര പോകുമ്പോൾ പോലും നമ്മുടെ ശ്രദ്ധയിൽപ്പെടുന്ന ഒരു കാര്യമുണ്ട്. വഴികളിൽ കുട്ടികളുടെയോ യുവാക്കളുടെയോ യാതൊരു തിരക്കുകളും ബഹളങ്ങളും ഇല്ലാത്ത ഇടങ്ങൾ കേരളത്തിൽ സാധാരണമാവുകയാണ്! അവിടങ്ങളിൽ വീടുകളിൽ ഒറ്റപ്പെടുന്നവരുടെ അവസ്ഥ പിന്നെ പറയേണ്ടതില്ലല്ലോ. അത് കേവലം വ്യക്തിപരമായ ഏകാന്തതയോ ശൂന്യതാബോധമോ മാത്രമായിരിക്കില്ല.
യുവജനങ്ങളെയും കുട്ടികളെയും വയോജന പരിചരണത്തിന്റെ ഭാഗമാക്കുക എന്നതാണ് സഭയും ഇടവകകളും ഏറ്റെടുത്ത് ചെയ്യേണ്ട ശുശ്രൂഷ. അത് പൗര ധർമ്മത്തിന്റെ ഭാഗമാകുന്നതുപോലെ തന്നെ സഭയുടെ ശുശ്രൂഷകളിലും വിശ്വാസപരിശീലന വേദികളിലും സംഭവിക്കണം. ആത്മീയതയുടെ അളവുകോലാകണം. കുട്ടികളെയും യുവജനങ്ങളെയും ഗ്രാൻഡ് പാരൻസ് ഡേ ഔട്ട് പോലുള്ള പ്രോഗ്രാമുകൾ വഴി റിട്ടയർമെന്റ് ഹോമുകളിലും കിടപ്പിലായ രോഗികളുടെ അടുത്തും എത്തിക്കണം. അവർക്ക് പ്രഥമ ശുശ്രൂഷ നൽകുന്നത്, അവരെ ക്ഷമയോടെ കേട്ടിരിക്കുന്നത്, അവർക്ക് സമ്മാനങ്ങളും സന്ദേശങ്ങളും കൊടുക്കുന്നത്, വിശ്വാസപരിശീലന ക്ലാസുകളുടെ ഭാഗമാകണം. അത് വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന വൺ ടൈം വണ്ടർ ആകാതിരിക്കാൻ ശ്രദ്ധിക്കണം.
ആദ്യ വെള്ളിയാഴ്ച രോഗികൾക്ക് കുമ്പസാരിപ്പിച്ച് കുർബാനയ്ക്ക് കൊടുക്കുക, വർഷത്തിലൊരിക്കൽ വിളിച്ചുകൂട്ടി ക്ലാസുകളോ, കൂട്ടായ്മയോ, വിരുന്നോ, സംഘടിപ്പിക്കുക എന്നിവയ്ക്കപ്പുറം മറ്റ് വയോജന ശുശ്രൂഷകൾ സഭയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിത്തുടങ്ങിയിട്ടില്ല. കിടപ്പിലായവരും വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നവരുമായ വയോധികർക്ക് സഹായം എത്തിക്കാൻ ഇടവകയുടെ കീഴിൽ സന്നദ്ധപ്രവർത്തകരുടെ ഒരു സംഘം രൂപീകരിക്കുന്നത്, ഇടവകാംഗങ്ങളായ നേഴ്സുമാരെയോ ഡോക്ടർമാരെയോ ഉൾപ്പെടുത്തി മാസത്തിലൊരിക്കലെങ്കിലും ഇവരുടെ വീടുകളിൽ എത്തുന്നത്, മരുന്നിനു സഹായം ആവശ്യമെങ്കിൽ ചെയ്യുന്നത്, സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്നത്, അതിൽ വിനോദ പരിപാടികൾ കാണാൻ പ്രോത്സാഹിപ്പിക്കുന്നത്, എന്നിങ്ങനെ വയോജന പരിചരണത്തിന്റെ നട്ടെല്ലാക്കി ഇടവകയെ മാറ്റാനുള്ള ശ്രമമെങ്കിലും തുടങ്ങേണ്ടതുണ്ട്.
വയോജനങ്ങളെ സഹായം ആവശ്യമുള്ളവരായി മാത്രം കാണാതെ അവരുടെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്താനും സാധിക്കേണ്ടതുണ്ട്. റിട്ടയർ ചെയ്ത അധ്യാപകർ, കൃഷിക്കാർ, ബാങ്ക് ഉദ്യോഗസ്ഥർ, എന്നിവർക്ക് ഇടവകകളിൽ അവരുടെ സ്കില്ലുകൾ പകരം നൽകാനുള്ള ഇടങ്ങളും ഒരുക്കാം. ഓർഗാനിക് കൃഷികളും, കരകൗശല നിർമ്മാണവും, കുട്ടികൾക്ക് ട്യൂഷൻ സാധ്യതകളും, ക്രിയാത്മക പദ്ധതികളുള്ള പകൽ വീടുകളും ഒക്കെ ഇടവകയുടെ സാമ്പത്തിക വിനിമയ പദ്ധതികളുടെ ഭാഗമാകട്ടെ. ജറിയാട്രിക് കെയറിലും പാലിയേറ്റീവിലും സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്താനും അതിന് സഹായകമായ സ്ഥാപനസാധ്യതകളിലേക്ക് പണം മുടക്കാനും തൊഴിൽ സാധ്യതകൾ ഉണ്ടാക്കാനും രൂപതകളും സന്യാസ സമൂഹങ്ങളും ഉത്സാഹിക്കേണ്ടതുണ്ട്.
റിട്ടയർമെന്റ് ഹോമിനെക്കുറിച്ചുള്ള അബദ്ധധാരണകളും മാറേണ്ടതുണ്ട്. വലിയ വീടുകളിലെ ഭയാനകമായ ഒറ്റപ്പെടലിനേക്കാൾ സമപ്രായക്കാർക്കൊപ്പം പ്രൊഫഷണൽ പരിചരണത്തോടെ കഴിയുന്നത് വയോജനങ്ങൾക്ക് സുരക്ഷയും സമാധാനവും നൽകും. പലപ്പോഴും സാമ്പത്തികമായി ഉന്നതിയുള്ളവർക്ക് മാത്രമാണ് ചിലപ്പോൾ ഇത് സാധിക്കുക. അവിടെയാണ് ഇടവകാംഗങ്ങളുടെ ഉദാരത അനിവാര്യമാകുന്നത്. ഇടവകകളുടെയും സന്യാസ സമൂഹങ്ങളുടെയും പരസ്പര സഹകരണത്തോടെ, സർക്കാർ നിയമങ്ങൾ കർശനമായി പാലിച്ചുകൊണ്ട്, പ്രായമായവരെ സംരക്ഷിക്കുന്ന ഇടങ്ങൾ ഇടവകകൾ സ്വപ്നം കാണേണ്ടതുണ്ട്. കേരളത്തിലെ ചില ഇടവകകൾ എങ്കിലും സന്യാസസമൂഹങ്ങളോടു ചേർന്ന് ഇങ്ങനെ ചിന്തിക്കുന്നുണ്ട് എന്നതും സ്വാഗതാർഹമാണ്. സ്കൂളുകളും ഹോസ്പിറ്റലുകളും തൊഴിൽ സ്ഥാപനങ്ങളും നടത്തുന്ന സഭയ്ക്ക് ഇത് കീറാമുട്ടി അല്ല.
സർക്കാരിന് മാത്രം ഒറ്റയ്ക്ക് പരിഹരിക്കാവുന്ന ഒന്നല്ല ഈ പ്രതിസന്ധി. കുടുംബശ്രീ പ്രവർത്തകർ, അയൽക്കൂട്ടങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, വായനശാല ഗ്രൂപ്പുകൾ ഒക്കെ വയോജനങ്ങൾക്ക് കാവലായി മാറേണ്ട കാലമായി.
വാർദ്ധക്യം എന്നത് മരണത്തിനായുള്ള ഭയപ്പെടുത്തുന്ന കാത്തിരിപ്പ് അല്ല. മറിച്ച് ജീവിതത്തിന്റെ പ്രസാദ പൂർണ്ണമായ സായന്തനമാണ്. അതിൽ ഇരുൾ വീഴാതിരിക്കാൻ സഭയും സമൂഹവും അവരോട് പരമാവധി ചേർന്നിരിക്കണം.