ഫ്രാന്‍സിലെ നോര്‍മണ്ടിയാണ് വി. ജോണ്‍ യൂദസിന്റെ ജന്മദേശം. പതിന്നാലാമത്തെ വയസ്സില്‍ ബ്രഹ്മചര്യവ്രതമെടുത്ത ജോണ്‍, കേയിനില്‍ ഈശോ സഭക്കാരുടെ മേല്‍നോട്ടത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. പിന്നീട്, കര്‍ദ്ദിനാള്‍ ബറൂളി സ്ഥാപിച്ച ഫ്രഞ്ച് ഓറട്ടറിയില്‍ ചേര്‍ന്നു പഠനം നടത്തുന്നു. ഇരുപത്തിനാലാമത്തെ വയസ്സില്‍ പൗരോഹിത്യം സ്വീകരിച്ച ജോണ്‍, മിഷന്‍ പ്രവര്‍ത്തന രംഗത്തെ ഇതിഹാസമായി മാറി. വി. വിന്‍സെന്റ് ഫെററിനുശേഷം ഫ്രാന്‍സ് കണ്ട അസാധാരണ മിഷണറി വൈദികനാണ് അദ്ദേഹം.
ഇരുപതുവര്‍ഷത്തിനുള്ളില്‍ നൂറ്റിപ്പത്ത് മിഷന്‍ യാത്രകളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നത്.
ഓരോ യാത്രയ്ക്കും ആറ് ആഴ്ചയും അതില്‍ കൂടുതലും സമയമെടുത്തു. അനേകായിരങ്ങളെ അഭിമുഖം കണ്ടു. ആയിരങ്ങള്‍ മാനസാന്തരപ്പെട്ടു. എല്ലാത്തരം പാപകര്‍മ്മങ്ങളെയും പറ്റിയുള്ള ധ്യാനപ്രസംഗങ്ങള്‍. കുമ്പസാരക്കൂട്ടില്‍ ധൂര്‍ത്തപുത്രന്റെ പിതാവിനെപ്പോലെ ദയാലുവായ, സ്‌നേഹസമ്പന്നനായ ഒരു പിതാവായി മാറി. നാട്ടില്‍ പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ രോഗികളെയും മരണാസന്നരെയും സഹായിക്കാനും ശുശ്രൂഷിക്കാനുമായി ജീവന്‍ പണയം വച്ച് അദ്ദേഹം ഓടിനടന്നു.
1643-ല്‍, കര്‍ദ്ദിനാള്‍ റിച്ചെലുവിന്റെ അനുവാദത്തോടെ ജോണ്‍ ഓറട്ടറി വിടുകയും വൈദികര്‍ക്കായി "കോണ്‍ഗ്രിഗേഷന്‍ ഓഫ് ജീസസ് ആന്റ് മേരി" സ്ഥാപിക്കുകയും ചെയ്തു.
കൂടുതല്‍ വിശുദ്ധരായ വൈദികരെ പരിശീലിപ്പിച്ചെടുക്കുകയും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയും ചെയ്യുകയായിരുന്നു ലക്ഷ്യം. ജാന്‍സെനിസം എന്ന സത്യവിരുദ്ധ വികല ചിന്തകള്‍ പ്രചരിപ്പിച്ചിരുന്ന ഗ്രൂപ്പിനെ തിരുത്താനുള്ള ശ്രമ ങ്ങള്‍ക്ക് "യൂഡിസ്റ്റു" വൈദികര്‍ നടത്തിയിരുന്ന സെമിനാരികള്‍ നേതൃത്വം കൊടുത്തിരുന്നു. എന്നാല്‍, അവര്‍ ശക്തമായി തിരിച്ചടിച്ചു. വഴിതെറ്റിപ്പോയ സ്ത്രീകളെ സഹായിക്കാനായി കന്യകാമേരിയുടെ നാമത്തില്‍ ആരംഭിച്ച സ്ഥാപനത്തെപ്പറ്റി അപഖ്യാതികള്‍ പരത്തിക്കൊണ്ടായിരുന്നു ജാന്‍സെനിസ്റ്റുകളുടെ തിരിച്ചടി. "ഗുഡ്‌ഷെപ്പേര്‍ഡ് കന്യാസ്ത്രീകള്‍" രൂപപ്പെട്ടുവന്നത് ഈ സ്ഥാപനത്തിലൂടെയാണെന്ന് ഓര്‍ക്കണം.
ഏതായാലും കുറച്ചുകാലത്തേക്ക് കുമ്പസാരം കേള്‍ക്കാനും വചനം പ്രസംഗിക്കാനുമുള്ള അനുവാദം ജോണിനു നഷ്ടമായി. ആ സമയത്ത് അദ്ദേഹം ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ രചനയിലേക്കു തിരിഞ്ഞു. കൂടാതെ, ഈശോയുടെയും മാതാവിന്റെയും തിരുഹൃദയത്തിന്റെ ഭക്തി പ്രചരിപ്പിക്കാനുള്ള യജ്ഞവും അദ്ദേഹം തുടങ്ങി.
1672-ലാണ് ആദ്യമായി ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി ആരംഭിച്ചത്. മാതാവിന്റെ തിരുഹൃദയഭക്തി 1648 ല്‍ ത്തന്നെ ആരംഭിച്ചിരുന്നു. അതിനുവേണ്ടി പ്രത്യേക ആരാധനക്രമത്തിന് അദ്ദേഹം തന്നെ രൂപം നല്‍കിയിരുന്നു.
1601 നവംബര്‍ 14-ന് ജനിച്ച ജോണ്‍ യൂദസ് 1680 ആഗസ്റ്റ് 19-ന് അന്തരിച്ചു. 1909-ല്‍ പോപ്പ് പയസ് X അദ്ദേഹത്തെ ദൈവദാസനാക്കി. 1925 മെയ് 31 ന് പോപ്പ് പയസ് XI അദ്ദേഹത്തെ വിശുദ്ധനായി ഉയര്‍ത്തുകയും ചെയ്തു.