Coverstory

ക്രൈസ്തവ മരണവും മരണാനുഭവവും

ഫാ. ഡോ. മാര്‍ട്ടിന്‍ N ആന്റണി O de M
  • ഫാ. ഡോ. മാര്‍ട്ടിന്‍ N ആന്റണി O. de M

മരണത്തെക്കുറിച്ചു മാത്രമല്ല, മരണാനുഭവത്തെക്കുറിച്ചും സമഗ്രമായ ദൈവശാസ്ത്രസംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ് കാള്‍ റാനര്‍. അദ്ദേഹത്തിന്റെ രണ്ടു ക്ലാസിക് ഗ്രന്ഥങ്ങളായ മരണത്തിന്റെ ദൈവശാസ്ത്രവും (On the Theology of Death) ക്രിസ്തീയ മരണവും (On Christian Death) മരണാനുഭവത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്.

യേശുവിന്റെ ദൈവികതയേയും മാനുഷികതയേയും ധ്യാനിക്കുമ്പോള്‍ ഒരിക്കലും അവഗണിക്കാനാവാത്ത ഒരു വിഷയമാണ് മരണാനുഭവം. യേശുവിന്റെ ജീവിതത്തില്‍ അയല്‍ക്കാരനോടുള്ള സ്‌നേഹംപോലെയും ശുഭമായ ഭാവിയെ ക്കുറിച്ചുള്ള പ്രത്യാശപോലെയും പ്രാധാന്യമുള്ള ഒരു വഴിയാണത്.

യേശു മരണാനുഭവത്തെ സഹജനോടുള്ള സ്‌നേഹവുമായിട്ടാണ് ബന്ധിപ്പിക്കുന്നത്: 'സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല' (യോഹ. 15:13).

ഈ സ്‌നേഹത്തിന്റെ പ്രത്യേകത സ്‌നേഹിതന്റെ മരണസാധ്യതയെ റദ്ദാക്കുക എന്നതാണ്. പ്രശസ്ത ചിന്തകനായ ഗബ്രിയേല്‍ മാര്‍സല്‍ എഴുതിയതുപോലെ, 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്നു പറയുന്നത്, 'ഞാന്‍ ആഗ്രഹിക്കുന്നത് നീ ഒരിക്കലും മരിക്കരുത്, നീ എപ്പോഴും ജീവിക്കണം' എന്നതിനു സമമാണ്. ഇതാണ് സ്‌നേഹത്തിന്റെ പൂര്‍ണ്ണതയും അന്തിമത്വവും.

ഈ പരിപൂര്‍ണ്ണതയും അന്തിമത്വവും സംശയാസ്പദമാകാതിരിക്കണമെങ്കില്‍ നമ്മള്‍ നിത്യമായി ജീവിക്കുന്ന ഒരാളുടെ സാന്നിധ്യം അംഗീകരിക്കണം. അതായത്, മരണാനുഭവം നമ്മെ പ്രേരിപ്പി ക്കുന്നത് സ്‌നേഹിതന്‍ നിത്യനായി നിലനില്‍ക്കുന്നു എന്ന് വിശ്വസിക്കാനാണ്. യേശുവാണ് ആ സ്‌നേഹിതന്‍, നിത്യമായി ജീവിക്കുന്നവന്‍.

മരണമല്ല നമ്മുടെ വിധിയുടെ അവസാനവാക്ക്. കാരണം, അതിനപ്പുറത്ത് ഉത്ഥിതനായ ഒരു സ്‌നേഹിതന്‍ നമ്മെ കാത്തിരിക്കുന്നുണ്ട്. മരണമെന്ന വാതിലുകള്‍ക്കപ്പുറം രക്ഷയുടെ താക്കോലുമായി യേശു എന്ന ആ സ്‌നേഹിതന്‍ ഉള്ളതുകൊണ്ട് മരണാനുഭവം നല്‍കുന്ന പ്രത്യാശ നമ്മെ ഒരിക്കലും നിരാശരാക്കില്ല (റോമാ 5:5), ആ പ്രത്യാശ എന്നും നിലനില്‍ക്കും.

മരണാനുഭവത്തിന്റെ പ്രത്യേകത അത് നമ്മള്‍ സ്‌നേഹിക്കുന്നവരുടെ ജീവിതത്തെയും അസ്തിത്വത്തെയും കൂടി ചോദ്യം ചെയ്യും എന്നതാണ്. കാരണം, ജീവിതത്തിന്റെ അസ്ഥിരതയും മരണത്തിന്റെ സുനിശ്ചിതത്വവും അനിവാര്യതയും സ്‌നേഹിക്കുന്നവര്‍ക്കും സ്‌നേഹിക്കപ്പെടുന്നവര്‍ക്കും ഒരുപോലെ ബാധകമാണ്. അപ്പോഴും ഓര്‍ക്കണം, മരണം ആരുടെ ജീവിതത്തിലെയും ചരിത്രത്തിലെയും സ്‌നേഹത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നില്ല, മറിച്ച് അതിനെ ദൈവത്തിന്റെ അനന്തസ്‌നേഹത്തിലും നിത്യതയിലും പൂവിടാന്‍ ഇടം ഒരുക്കുക മാത്രമാണ് ചെയ്യുക. ഇതാണ് ഓരോ ക്രൈസ്തവനിലെയും ഏറ്റവും വലിയ പ്രത്യാശ. ഈ പ്രത്യാശയുടെ അടിത്തറ ക്രിസ്തുവിന്റെ ഉത്ഥാനമാണ്. നമ്മുടെ ജീവിതത്തിന്റെ സമാപ്തി ആ ഉത്ഥാനത്തിലാണ്. അതിലാണ് മരണമെന്ന സങ്കല്‍പത്തിന്റെ പൂര്‍ണ്ണതയും അടങ്ങിയിരിക്കുന്നത്. മരണമല്ല നമ്മുടെ വിധിയുടെ അവസാനവാക്ക്. കാരണം, അതിനപ്പുറത്ത് ഉത്ഥിതനായ ഒരു സ്‌നേഹിതന്‍ നമ്മെ കാത്തിരിക്കുന്നുണ്ട്. മരണമെന്ന വാതിലുകള്‍ക്കപ്പുറം രക്ഷയുടെ താക്കോലുമായി യേശു എന്ന ആ സ്‌നേഹിതന്‍ ഉള്ളതുകൊണ്ട് മരണാനുഭവം നല്‍കുന്ന പ്രത്യാശ നമ്മെ ഒരിക്കലും നിരാശരാക്കില്ല (റോമാ 5:5), ആ പ്രത്യാശ എന്നും നിലനില്‍ക്കും. കാരണം, 'യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ്' (ഹെബ്രാ 13:8).

ഈ ക്രൈസ്തവ പ്രത്യാശ അന്ത്യകാലപ്രത്യാശയാണ് (eschatological hope). അതിന്റെ അടിസ്ഥാനം ഭൗതിക സുരക്ഷിതത്വങ്ങളല്ല, നശ്വരതയുമല്ല. അതുകൊണ്ടാണ് ലൂക്കായുടെ സുവിശേഷത്തിലെ ഭോഷനായ ധനികന്റെ ഉപമയിലൂടെ (12:13-21) ദ്രവ്യാസക്തിയില്‍ ജീവിതത്തെ തളച്ചിടാന്‍ ശ്രമിക്കുന്നവരെ യേശു വിമര്‍ശിക്കുന്നത്. അനശ്വരതയുടെ ഉറപ്പിലാണ് ക്രൈസ്തവ പ്രത്യാശയുടെ അടിത്തറ. മരണത്തില്‍ നമ്മള്‍ ഇല്ലാതാകുന്നില്ല, കൂടുതല്‍ ആയിത്തീരുകയാണ്; നശ്വരതയില്‍ നിന്നും നമ്മള്‍ അപ്രത്യക്ഷരാകുകയല്ല, ജീവിക്കുന്ന ദൈവത്തോട് നമ്മള്‍ സമ്മേളിക്കുകയാണ്. ഈ പ്രത്യാശ നിലനിര്‍ത്തുന്നത് പ്രാര്‍ഥനയിലൂടെയാണ്. പ്രാര്‍ഥനയിലൂടെ മാത്രമാണ് സ്‌നേഹിക്കുന്നവരുടെ സാന്നിധ്യം നമ്മുടെ ഹൃദയത്തിലും സ്‌നേഹത്തിലും ജൈവികമായി നിലനില്‍ക്കുന്നത്.

മരണം ആരുടെ ജീവിതത്തിലെയും ചരിത്രത്തിലെയും സ്‌നേഹത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നില്ല, മറിച്ച് അതിനെ ദൈവത്തിന്റെ അനന്തസ്‌നേഹത്തിലും നിത്യതയിലും പൂവിടാന്‍ ഇടം ഒരുക്കുക മാത്രമാണ് ചെയ്യുക.

ക്രൈസ്തവരായ നമ്മള്‍ യേശുവിലൂടെയാണ് മരണാനുഭവത്തിന്റെ യഥാര്‍ഥ അര്‍ഥം കണ്ടെത്തുന്നത്. വിശുദ്ധഗ്രന്ഥം നമ്മള്‍ക്ക് ഉറപ്പുനല്‍കുന്നു: 'നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍' (ഹെബ്രാ 4:15). സുവിശേഷങ്ങളില്‍ മൂന്ന് പേരുടെ മരണം സംബന്ധിച്ച് യേശുവിന്റെ അദ്ഭുതകരമായ ഇടപെടലുകള്‍ വിവരിക്കുന്നുണ്ട്: ജായ്‌റോസിന്റെ മകള്‍ (മര്‍ക്കോ 5:35-43), നായീമിലെ വിധവയുടെ മകന്‍ (ലൂക്കാ 7:11-17), ബെഥാനിയായിലെ സുഹൃത്ത് ലാസര്‍ (യോഹ 11). ഇവരുടെ മരണത്തില്‍ യേശു സഹാനുഭൂതിയുടെ ആഴത്തിലുള്ള ആര്‍ദ്രത പ്രകടിപ്പിക്കുന്നു.

അവന്‍ ലാസറിന്റെ മരണത്തില്‍ സഹോദരിമാരോടൊപ്പം കരയുകയും അതേ സമയം ദൈവപുത്രനായ തന്റെ മഹത്വം വെളിവാക്കുകയും ചെയ്യുന്നു. ശരിയാണ്, യേശു ജീവിതത്തിലേക്ക് തിരികെ വിളിച്ചവര്‍ നിത്യമായി ഉയിര്‍ത്തെഴുന്നേറ്റവരായിരുന്നില്ല; ജായ്‌റോസിന്റെ മകള്‍ക്കും, വിധവയുടെ മകനും, ലാസറിനും വീണ്ടും മരണം സംഭവിച്ചു. എങ്കിലും യേശു അവരെ താല്‍ക്കാലികമായി ജീവിതത്തിലേക്ക് വിളിച്ചുകൊണ്ട്, മനുഷ്യരുടെ അന്തിമവിധിയെ സത്യമായും ശക്തമായും വെളിപ്പെടുത്തുന്നു. അതായത്, നിത്യജീവനിലേക്കുള്ള പുനരുത്ഥാനത്തെ വെളിപ്പെടുത്തുന്നു. സുവിശേഷകനായ യോഹന്നാന് യേശുവിന്റെ അദ്ഭുതങ്ങള്‍ 'അടയാളങ്ങള്‍' ആയിരുന്നു. അവ വെളിപ്പെടുത്തിയത് അവന്റെ ദൈവികസ്വഭാവത്തെയാണ്.

മരണാനുഭവം നമ്മെ പ്രേരിപ്പിക്കുന്നത് സ്‌നേഹിതന്‍ നിത്യനായി നിലനില്‍ക്കുന്നു എന്ന് വിശ്വസിക്കാനാണ്. യേശുവാണ് ആ സ്‌നേഹിതന്‍, നിത്യമായി ജീവിക്കുന്നവന്‍.

ആ സുവിശേഷമനുസരിച്ച് യേശുവിന്റെ അവസാനത്തെ അടയാളം ഉത്ഥാനമാണ്. അതായത്, യേശുവിന്റെ ഉത്ഥാനം ഭൗതിക മരണത്തിന്മേലുള്ള അവന്റെ അധികാരത്തിന്റെ പൂര്‍ണ്ണതയാണ് പ്രകടമാക്കുന്നത്. എങ്കിലും, ദൈവസ്വഭാവമുള്ളവനാണെങ്കിലും, അവന്‍ മരണത്തിന്റെ മുന്നില്‍ വേദനിക്കുന്നു; അതിന്റെ നാടകീയതയെ പൂര്‍ണ്ണമായും നേരിടുന്നു. മര്‍ക്കോസ് സുവിശേഷകന്‍ എഴുതുന്നു: 'ഒലിവുമലയിലേക്ക് യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂടെക്കൊണ്ടുപോയി, പര്യാകുലനാകാനും അസ്വസ്ഥനാകാനും തുടങ്ങി. അവന്‍ അവരോടു പറഞ്ഞു: എന്റെ ആത്മാവ് മരണത്തോളം ദുഃഖിതമായിരിക്കുന്നു' (മര്‍ക്കോ 14: 33-34). എന്നിട്ട് അവന്‍ നിലത്തുവീണ് പ്രാര്‍ഥിച്ചു 'സാധ്യമെങ്കില്‍ ആ മണിക്കൂര്‍ തന്നെ കടന്നുപോകട്ടെ... ആബ്ബാ, പിതാവേ, എല്ലാം അങ്ങേക്കു സാധ്യമാണ്. ഈ പാനപാത്രം എന്നില്‍ നിന്നു മാറ്റിത്തരണമേ!' (മര്‍ക്കോ14:35-36).

ഈ വരികളില്‍ യേശുവിന്റെ മനുഷ്യസ്വഭാവത്തിന്റെ ഭാരം മുഴുവനുമുണ്ട്. മരണത്തെ അനുഭവമാക്കുന്ന അവന്‍ അതിന്റെ ഇരുളിനെയും നൊമ്പരത്തെയും കൂടി സ്വാംശീകരിക്കുകയാണ്. ഒപ്പം അവന്‍ തന്റെ ദൈവികശക്തിയാല്‍ അതിനെ നിത്യപ്രകാശത്താല്‍ പ്രഭാസിതമാക്കുകയും ചെയ്യുന്നു. അവനെ ക്രൂശിച്ച ദുഃഖവെള്ളിയും അടക്കം ചെയ്യപ്പെട്ട വിശുദ്ധശനിയും മനുഷ്യാവതാരത്തിന്റെ രണ്ടു നിര്‍ണ്ണായക അടയാളങ്ങളാണ്. അവ വാതില്‍ തുറക്കുന്നത് ഈസ്റ്റര്‍ ഞായറിലേക്കാണ്; അസ്തമയമില്ലാത്ത ദിനത്തിന്റെ ഉദയത്തിലേക്കാണ്, നിത്യനഗരത്തിലെ വാസസ്ഥലത്തിലേക്കുള്ള കവാടത്തിലേക്കാണ്.

ഭൂമിയിലെ ഈ തീര്‍ഥയാത്രയില്‍ നമ്മുടെ പരീക്ഷണ കാലഘട്ടങ്ങളിലായിരിക്കും വിശ്വാസത്തിന്റെ ചെരാത് നമ്മെ പ്രകാശിപ്പിക്കുക. പ്രത്യേകിച്ച് നമ്മുടെ പ്രിയപ്പെട്ട മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മരണ സമയത്ത്. മാധ്യമങ്ങളിലൂടെ യുദ്ധത്തില്‍ മരിച്ചവരെക്കുറിച്ചോ, രോഗം മൂലമുള്ള മരണങ്ങളെക്കുറിച്ചോ, റോഡ് അപകടങ്ങളിലോ പ്രകൃതിദുരന്തങ്ങളിലോ കൊലപാതകങ്ങളിലോ മരിച്ചവരെക്കുറിച്ചോ നമ്മള്‍ കേള്‍ക്കുമ്പോള്‍ മരണം നമ്മള്‍ക്ക് വ്യക്തിപരമല്ല. അത് അനാമികമാണ്. പക്ഷെ നമ്മുടെ അച്ഛന്‍, അമ്മ, അല്ലെങ്കില്‍ ഒരു സുഹൃത്ത് മരിക്കുമ്പോള്‍, മരണത്തിന്റെ രഹസ്യവും വേദനയും സംബന്ധിച്ചുള്ള ധാരണ പൂര്‍ണ്ണമായും മാറുന്നു. കാരണം നാം നേരിട്ട് ആ മരണത്തില്‍ ഉള്‍പ്പെടുന്നവരാകുന്നു.

ഭൂമിയിലെ ഈ തീര്‍ഥയാത്രയില്‍ നമ്മുടെ പരീക്ഷണ കാലഘട്ടങ്ങളിലായിരിക്കും വിശ്വാസത്തിന്റെ ചെരാത് നമ്മെ പ്രകാശിപ്പിക്കുക. പ്രത്യേകിച്ച് നമ്മുടെ പ്രിയപ്പെട്ട മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മരണ സമയത്ത്.

ദുഃഖം നമ്മുടെ വീടുകളില്‍ കടന്നുവരുമ്പോഴാണ് ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ക്രൈസ്തവദര്‍ശനം നമ്മുടെ പ്രവൃത്തിയെയും പെരുമാറ്റത്തെയും പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നത്. അപ്പോഴാണ് മരണം നമുക്കും ഒരു അനുഭവമാകുന്നത്. ഒരു വ്യക്തിയുടെ ദീര്‍ഘായുസ്സിന്റെയും സംതൃപ്തമായ ജീവിതത്തിന്റെയും പരിസമാപ്തിയായി മരണം കടന്നുവരികയാണെങ്കില്‍ നമ്മള്‍ അതിനെ അനിവാര്യതയായി സ്വീകരിക്കാറുണ്ട്. പക്ഷേ, മരണം നമുക്കു പ്രിയപ്പെട്ടവരെ അപ്രതീക്ഷിതമായി, അല്ലെങ്കില്‍ മനുഷ്യന്റെ ക്രൂരതയാലും ദുഷ്ടതയാലും അകറ്റിക്കളയുമ്പോള്‍, അത് നമ്മില്‍ ഉണര്‍ത്തുക എതിര്‍പ്പും കലാപവും മാത്രമായിരിക്കും. അതും ഒരു മരണാനുഭവമാണ്. സ്‌നേഹത്തിനു മാത്രമേ ആ മരണാനുഭവത്തില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ സാധിക്കൂ. സ്‌നേഹം ദൈവമാണ്, ദൈവം യേശുവാണ്. യേശു പറയുന്നു: 'ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ?... ഉവ്വ്, കര്‍ത്താവേ!... ഞാന്‍ വിശ്വസിക്കുന്നു' (യോഹ 11:25-27).

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 63]

പ്രതിഫലന പരിശീലനം [Reflective Teaching]

🎮ഈ യൂണിവേഴ്സ് നമുക്കുവേണ്ടി 'സെറ്റ്' ചെയ്തതാണോ?

Philemon’s Forgiveness Home!!!

വിശ്വാസജീവിതത്തിൽ ഏറ്റവും കഠിനമായി തോന്നിയ അല്ലെങ്കിൽ സംശയം ജനിപ്പിച്ച കാര്യം എന്തായിരുന്നു? അതിനെ എങ്ങനെയാണ് മറികടന്നത്?